

ആലപ്പുഴ: സിപിഎമ്മില്‍ നിന്ന് പ്രായപരിധി എടുത്തുകളയുന്നതാണ് ഭംഗിയെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ജി സുധാകരന്‍. ഇപ്പോള്‍ പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരുന്നു. പിണറായി മുതല്‍ മണിക് സര്‍ക്കാര്‍ വരെയുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കുകയല്ല വേണ്ടതെന്നും പകരം പ്രായപരിധി എടുത്തുകളയുന്നതാണ് നല്ലതെന്നും ജി സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'എന്നെ പോലെ ഇത്രയധികം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തിട്ടുള്ളവരില്‍ ജീവിക്കുന്നവര്‍ ചുരുക്കമാണ്. സാധാരണ പാര്‍ട്ടി സഖാക്കള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും പൊതുസമൂഹത്തിനും എന്നെ മടുത്തിട്ടില്ലെന്നും ജി സുധാകരന്‍'- ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്
1972 ജൂണ്‍ 27 മുതല്‍ ജൂലൈ 2 വരെയായിരുന്നു മധുരയില്‍ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നത്. അന്ന് 22കാരനായ ഞാന്‍ പാര്‍ട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആയാണ് കേരളത്തില്‍നിന്ന് പ്രതിനിധി ആയിരുന്നത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന സ. സി എച്ച് കണാരന്‍, ജില്ലാ സെക്രട്ടറി സ. എന്‍ ശ്രീധരന്‍, സ. വി എസ് അച്യുതാനന്ദന്‍, സ. കെ ആര്‍ ഗൗരിയമ്മ എന്നിവരുടെ നേതൃത്വനിര എന്നെ ഉള്‍പ്പെടുത്തുകയായിരുന്നു. പിന്നെ ഇങ്ങോട്ട് ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ പ്രതിനിധിയായിരുന്നു.
സി പി ഐ (എം) 64 ല്‍ രൂപീകരിച്ച ശേഷം നടന്ന പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ 9 മുതല്‍ 23 വരെയുള്ള പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ പങ്കെടുത്തു. 15 എണ്ണം. അതില്‍ പതിമൂന്നിലും സംസ്ഥാന പ്രതിനിധിയായി സമ്മേളനത്തില്‍ പ്രസംഗിച്ചു.
സ. എം വി രാഘവന്റെ ബദല്‍രേഖ കാലത്ത് നടന്ന കല്‍ക്കട്ട സമ്മേളനത്തില്‍ അതിനെ നഖശികാന്തം എതിര്‍ത്ത് കേരളത്തിന്റെ പേരില്‍ പ്രസംഗിച്ചു. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോള്‍ പ്രസംഗത്തിന്റെ കോപ്പിക്കായി ഇതര സംസ്ഥാന പ്രതിനിധികള്‍ തിരക്കുകൂട്ടി. സംഘാടകര്‍ കോപ്പിയെടുത്ത് നല്‍കുകയും ചെയ്തു.
ഇത്രയധികം പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പങ്കെടുത്തവരോ അതിലേറെ പങ്കെടുത്തവരോ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ ചുരുക്കം. സ. കെ എന്‍ രവീന്ദ്രനാഥ്, സ. പാലൊളി മുഹമ്മദ് കുട്ടി, സ. വൈക്കം വിശ്വന്‍, സ. പിണറായി വിജയന്‍ എന്നിങ്ങനെ കൈവിരലില്‍ എണ്ണാവുന്നവര്‍ മാത്രം.
പ്രായപരിധിയുടെ പേരില്‍ മൂന്നുവര്‍ഷം മുമ്പ് സംസ്ഥാന സമിതിയില്‍ നിന്നും ജില്ലാ കമ്മിറ്റി ബ്രാഞ്ചിലേക്ക് വന്നു. ഇപ്പോള്‍ അവിടെ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്.
തിരുവനന്തപുരം മുതല്‍ വടകര വരെ ധാരാളം പൊതു പരിപാടികളില്‍ സംബന്ധിക്കാന്‍ ക്ഷണം കിട്ടുകയും പങ്കെടുക്കുകയും ചെയ്തു.
സാധാരണ പാര്‍ട്ടി സഖാക്കള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും പൊതു സമൂഹത്തിനും എന്നെ മടുത്തിട്ടില്ല എന്നാണ് ഇതു തെളിയിക്കുന്നത്.
ഇപ്പോള്‍ പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരുന്നു.
സ. പിണറായിക്ക് ഇനിയും ഇളവ് നല്‍കേണ്ട സാഹചര്യം ആണെന്ന് വിലയിരുത്തുന്നു. സ. എ കെ ബാലനും സ. ടി പി രാമകൃഷ്ണനും, സ. ഇ പി ജയരാജനും, സ. വൃന്ദ കാരാട്ടിനും, സ. മണിക് സര്‍ക്കാരിനും മറ്റ് പലര്‍ക്കും ഇളവ് നല്‍കുന്നതിന് പകരം പ്രായ പരിധി എടുത്തു കളയുന്നതാണ് ഭംഗി എന്നു തോന്നുന്നതില്‍ തെറ്റില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates