

ആലപ്പുഴ: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എച്ച് സലാമിന്റെ ആരോപണങ്ങള്‍ക്ക് പൊതുവേദിയില്‍ മറുപടി നല്‍കി ജി സുധാകരന്‍. സലാമിന്റെയും ചിത്തരഞ്ചന്റെയും ഭാര്യമാര്‍ക്ക് താനാണ് ജോലി നല്‍കിയതെന്ന് സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴ ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം.
'എനിക്കെതിരെ പറഞ്ഞവരുടെ അതേ ഭാഷയില്‍ സംസാരിക്കാന്‍ ഞാനില്ല. പറഞ്ഞയാളുടെ ഭാര്യ ജോലി ഇല്ലാതെ നിന്നപ്പോള്‍ ഞാനാണ് കയര്‍ ക്ഷേമനിധിയില്‍ ജോലി വാങ്ങി നല്‍കിയത്. 19 ഒഴിവ് വന്നപ്പോള്‍ ആദ്യനിയമനം അവര്‍ക്കായിരുന്നു. ഹോസ്പിറ്റലില്‍ ചിത്തരഞ്ജന്റെ ഭാര്യക്കു ജോലി കൊടുത്തു. അങ്ങനെ ഒരുപാടു പേര്‍ക്ക്. എന്റെ വീട്ടിലെ ഒരാള്‍ക്കു പോലും ഞാന്‍ ജോലി കൊടുത്തിട്ടില്ല. എന്റെ ഭാര്യയുടെ അനിയത്തി ബികോം എച്ച്ഡിസി പാസായ ആളാണ്. ഞാന്‍ ജോലി കൊടുത്തിട്ടില്ല.'- ജി സുധാകരന്‍ പറഞ്ഞു.
പൊതുജീവിതത്തില്‍ നയാപൈസ ആരോടും വാങ്ങിയിട്ടില്ല. ഭാര്യ മാസം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന പ്രൊഫസര്‍ ആയിരുന്നു. വീട്ടുജോലിക്കാരിക്കു വീട് വയ്ക്കാനാണ് ഭാര്യ സ്ഥലം വാങ്ങിയത്. വീട് പണിതു നല്‍കിയത് ഭാര്യയാണെന്നും സുധാകരന്‍ പറഞ്ഞു. കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശനോട് താന്‍ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ മികച്ച മുഖ്യ മന്ത്രിയാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ജി സുധാകരന്റെ സ്വത്ത് വെളിപ്പെടുത്തണമെന്നു എച്ച് സലാം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സുധാകരനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സലാം കടുത്തഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടി എന്ന നിലയ്ക്കാണ് സുധാകരന്റെ ഇപ്പോഴത്തെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates