

കോട്ടയം: മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിർത്തിയ കൂറ്റൻ പെരുമ്പാമ്പിനെ ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് തന്നെ പിടികൂടി. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ ഐസക് പാമ്പിനെ കുരുക്കിയത്. മീനടം പഞ്ചായത്തിലെ മോസ്കോ ഭാഗത്തായിരുന്നു നാടകീയ സംഭവങ്ങൾ. രാവിലെ ഏഴോടെയാണ് മറ്റത്തിൽ ആഷിയുടെ പുരയിടത്തിൽ പെരുപാമ്പിനെ കണ്ടെന്ന ഫോൺ വിളി സിജു കെ ഐസക്കിന് എത്തുന്നത്.
പാമ്പിനെ പലതവണ പിടിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഇല്ലിമറ്റത്തു നിന്ന് പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറിയപ്പോഴുള്ള അനുഭവം ഓർത്ത് ഇത്തവണ പരമാവധി ഒഴിവാകാൻ ശ്രമിച്ചു. പിടിക്കുന്ന പാമ്പിന് ജീവഹാനി സംഭവിച്ചാൽ ഉത്തരം പറയേണ്ടി വരുമെന്നായിരുന്നു ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കൊടുത്ത മറുപടി.
എന്നാൽ നാട്ടുകാർ നിർബന്ധിച്ചതോടെ സിജു വീണ്ടും സ്ഥലത്തെത്തി. സർപ്പ വളണ്ടിയർമാർ എത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് കാത്തുനിൽക്കുന്നതിനിടെ പെരുമ്പാമ്പിനെ കണ്ട വിവരം നാട്ടിൽ പരന്നു. പൂരപ്പറമ്പിലെന്ന പോലെ ആളുകൂടി.
ആളുകൂടിയതോടെ സംഗതി പന്തിയല്ലെന്ന് കണ്ടാണ് പാമ്പിനെ പിടികൂടാൻ സിജു നേരിട്ടിറങ്ങിയത്. ഒടുവിൽ പാമ്പിനെ പിടികൂടി ചാക്കിലാക്കി. മീനടം പഞ്ചായത്ത് ഒൻപതാം വാർഡ് അംഗം എൻടി മാത്യു, പൊതുപ്രവർത്തകരായ അഖിൽ ജയിംസ്, അക്സെൻ കുര്യാക്കോസ് എന്നിവർക്കൊപ്പം പാറമ്പുഴയിലെത്തിച്ച് പാമ്പിനെ വനം വകുപ്പിന് കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates