

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് പമ്പ വേദിയാകുമ്പോള്‍ സര്‍ക്കാര്‍ ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചത് തമിഴ്‌നാട് മാത്രം. അഞ്ച് കേന്ദ്ര മന്ത്രിമാരെയും, എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരും ക്ഷണം സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എന്നിവരാണ് സര്‍ക്കാര്‍ പ്രതിനിധികളായി ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നത്.
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിവാദം സൃഷ്ടിച്ചതോടെയാണ് മിക്ക സംസ്ഥാന സര്‍ക്കാരുകളും ക്ഷണം നിരസിച്ചത് എന്നാണ് വിലയിരുത്തല്‍. ശബരിമല സ്ഥിതി ചെയ്യുന്ന മേഖലയിലെ പ്രധാന ഗോത്ര വിഭാഗമായ മല അരയ ഗോത്ര സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഐക്യ മല അരയ മഹാസഭയും അവസാന നിമിഷം പരിപാടിയില്‍ നിന്നും പിന്‍മാറിയിരുന്നു. ശബരിമലയില്‍ മല അരയ സമുദായത്തിന്റെ പരമ്പരാഗത അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വേണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചെന്ന് ആരോപിച്ചാണ് ഐക്യ മല അരയ മഹാസഭ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി പി കെ സജീവ് പറഞ്ഞു.
പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി നേരത്തെ പന്തളം കൊട്ടാരവും അറിയിച്ചിരുന്നു. കുടുംബാംഗത്തിന്റെ മരണത്തെത്തുടര്‍ന്നാണ് വിട്ടുനില്‍ക്കുന്നത് എന്നാണ് വിശദീകരണം. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനും പന്തളം കൊട്ടാരം മാനേജിങ് കമ്മിറ്റി തയ്യാറായിരുന്നു. ''ഭക്തര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കൊട്ടാരം ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര ആചാരങ്ങളെയും വിശ്വാസങ്ങളെയും സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം.,'' എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രതികരണം.
ആഗോള അയ്യപ്പ സംഗമത്തില്‍ രാഷ്ട്രീയമില്ലെന്ന് ആവര്‍ത്തിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അയ്യപ്പ ഭക്തരുടെ കൂട്ടായ്മ എന്ന നിലയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ വികസനത്തിനായി ഭക്തരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ എല്ലാം ഭക്തരാണ്. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ ആത്മീയ സംഘടനകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. ടിവിഎസ് മോട്ടോഴ്സിന്റെ ഡയറക്ടറും സിഇഒയുമായ കെ എന്‍ രാധാകൃഷ്ണന്‍, ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയുടെ സ്ഥാപകന്‍ ഗോകുലം ഗോപാലന്‍ എന്നിവരും പരിപാടിയില്‍ എത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
