

തൃശൂര്‍: 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായി കടന്നു കളഞ്ഞ ബംഗാള്‍ സ്വദേശിയെ മൂന്നു മണിക്കൂറിനകം പിടികൂടി നെടുപുഴ പൊലീസ്. കണിമംഗലം പനമുക്ക് ഓവര്‍ ബ്രിഡ്ജിനു സമീപം കോണ്‍വെന്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ ബപന്‍ യഷുവിന്റെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നാണ് ജോലിക്കാരനായ റിജുവാന്‍ മല്ലിക്ക് (24) എന്നയാള്‍ ഇന്ന് വെളുപ്പിന് ആഭരണങ്ങളുമായി കടന്നു കളഞ്ഞത്.
തലേന്ന് രാത്രി വൈകി പണി പൂര്‍ത്തിയാക്കി, ആഭരണങ്ങള്‍ അലമാരയില്‍ പൂട്ടി വെച്ചതായിരുന്നു. വെളുപ്പിന് അഞ്ചു മണിക്ക് വീണ്ടും ജോലി ആരംഭിക്കാന്‍ നോക്കിയപ്പോഴാണ് ആഭരണങ്ങള്‍ അലമാരയില്‍ നിന്നും കളവു പോയ കാര്യം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണിക്കാരനായ റിജുവാന്‍ മല്ലിക്കിനെയും കാണാതായതായി മനസ്സിലായത്. തുടര്‍ന്ന് ഉടമസ്ഥനായ ബപന്‍ യഷു, നെടുപുഴ സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു.
നെടുപുഴ ഇന്‍സ്‌പെക്ടര്‍ ടി ജി ദിലീപ്, ഉടനടി സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് പ്രതിയുടെ ലൊക്കേഷന്‍ പരിശോധിച്ചു. രാവിലെ ഏഴു മണിയോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും അപ്പോള്‍ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ആയിരുന്നു ലൊക്കേഷന്‍ എന്നും മനസ്സിലായി. പ്രതി കേരളം വിട്ടിട്ടില്ലെന്നു മനസ്സിലായതോടെ അതിവേഗതയില്‍ പ്രവര്‍ത്തിച്ച പൊലീസ്, ചങ്ങരംകുളം ഭാഗത്തുള്ള സ്വര്‍ണ പണിക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുമായി പരാതിക്കാരുടെ സഹായത്തോടെ ബന്ധപ്പെട്ടു. പ്രതിയുടെ ഫോട്ടോയും ഡ്രസ്സും അടക്കമുള്ള വിശദാംശങ്ങളും കൈമാറി. ഇതിനിടെ പ്രതി റിജുവാന്‍ ബംഗാളിലുള്ള തന്റെ സുഹൃത്തിനോട് താന്‍ മലപ്പുറം ജില്ലയിലെ വേങ്ങരയിലേക്ക് പോയികൊണ്ടിരിക്കുകയാണ് എന്ന് സംസാരമധ്യേ പറഞ്ഞതായി വിവരം ലഭിച്ചു.
എന്നാല്‍ മോഷണം ചെയ്ത സ്വര്‍ണവുമായാണ് പോകുന്നതെന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ പ്രതിയുടെ ബംഗാളിലുള്ള സുഹൃത്തുക്കളുമായും പൊലീസ് ഇതിനകം ബന്ധപ്പെട്ടിരുന്നു. മലപ്പുറം വേങ്ങരയിലുള്ള ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോയിലാണ് പോകുന്നത് എന്ന വിവരം കൂടി ലഭിച്ചതോടെ ഉടന്‍ തന്നെ നെടുപുഴ ഇന്‍സ്‌പെക്ടര്‍ ദിലീപ്, വേങ്ങര പൊലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെട്ട് അവിടുത്തെ എസ്‌ഐക്കും പാറാവുകാരനും ഫോട്ടോയും മറ്റു വിശദാംശങ്ങളും അയച്ചുകൊടുത്തു.
തുടര്‍ന്ന് അവര്‍ വേങ്ങര ബസ്റ്റാന്‍ഡില്‍ മഫ്തിയില്‍ പ്രതിയെ കാത്തു നിന്നു. എന്നാല്‍ പ്രതി, ബസ് സ്റ്റാന്‍ഡിലേക്ക് പോകാതെ വേങ്ങരയിലുള്ള ബംഗാളി സ്വദേശിയായ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. എന്നാല്‍ ആഭരണ പണിക്കാരനായ ആ സുഹൃത്തിനും റിജുവാന്‍, മോഷ്ടിച്ച സ്വര്‍ണവുമായാണ് വരുന്നതെന്ന വിവരം ലഭിച്ചിരുന്നു. അതോടെ റിജുവാനെ അവിടെ തടഞ്ഞുവെച്ചു. നെടുപുഴ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അനുദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് ജോര്‍ജ് എന്നിവര്‍ തൊട്ടു പിറകെയെത്തി പ്രതിയെ പിടികൂടി.
മോഷ്ടിച്ച 255 ഗ്രാം സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തതോടെ മൂന്നു മണിക്കൂര്‍ നേരത്തെ ഉദ്വോഗജനകമായ അന്വേഷണത്തിനും ആശങ്കക്കും വിരാമമായി. മോഷ്ടിച്ച ഒരു ബ്രേസ്ലെറ്റ് പ്രതി കൈയില്‍ ധരിച്ചിരുന്നു. ബാക്കി ആഭരണങ്ങള്‍ മുണ്ടിന്റെ അരയില്‍ കൂട്ടിക്കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. മലപ്പുറത്ത് സ്വര്‍ണം വില്പന നടത്തിയ ശേഷം ബംഗാളിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി.
ഈ വാര്‍ത്ത കൂടി വായിക്കൂ 'പാര്‍ട്ടി ഡ്രഗ്ഗ്', മാരക മയക്കുമരുന്നുമായി ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates