

തിരുവനന്തപുരം: കണ്ണൂർ മട്ടന്നൂര്‍ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന്റെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ ഹൈദരാബാദ് ആസ്ഥാനമായ ഗോള്‍ഡ്സിക്ക വന്‍ നിക്ഷേപ വാഗ്ദാനവുമായി രംഗത്തെത്തി. പാര്‍ക്കിന്റെ ഭാവി വികസനത്തിന് സാധ്യത വര്‍ധിപ്പിക്കുന്നതാണ് നിക്ഷേപ വാഗ്ദാനം. ആഗോള സ്വര്‍ണ വ്യവസായ രംഗത്ത് ചുവടുറപ്പിച്ചിട്ടുള്ള ഗോള്‍ഡ്സിക്ക ഗ്ലോബല്‍ ഗോള്‍ഡ് സിറ്റി സ്ഥാപിക്കുന്നതിനായി ആയിരം ഏക്കര്‍ ഭൂമിയാണ് മട്ടന്നൂര്‍ പാര്‍ക്കില്‍ ആവശ്യപ്പെട്ടിടുള്ളത്. ഇതിനുള്ള ധാരണാപത്രം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒപ്പിട്ടു.
വിവിധ ഘട്ടങ്ങളിലായി ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും നേരിട്ടും അല്ലാതെയും പത്ത് ലക്ഷത്തോളം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന പദ്ധതിയാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍നിന്ന് ഖനനം ചെയ്തെടുക്കുന്ന സ്വര്‍ണ അയിരിന്റെ ശുദ്ധീകരണം മുതല്‍ ഡിസൈങും ആഭരണ നിര്‍മാണവും വരെയുള്ള മുഴുവന്‍ നടപടികളും ചെയ്യാനാകും വിധത്തിലാണ് ഗോള്‍ഡ് സിറ്റി വിഭാവനം ചെയ്യുന്നത്.
മട്ടന്നൂരിൽ നിലവിൽ 128 ഏക്കറില്‍ കിന്‍ഫ്ര ഇൻഡസ്ട്രിയൽ പാർക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള സ്റ്റാന്‍ഡേഡ് ഡിസൈന്‍ ഫാക്ടറിയില്‍ നിലവില്‍ 16 സംരംഭങ്ങളാണുള്ളത്. ഇതിനു പുറമേ ലാൻഡ് ബാങ്ക് രൂപീകരിക്കുന്നതിനായി മൂന്ന് പാഴ്സലുകളായി 1054 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കിഫ്ബി വഴി 2018 കോടി രൂപ ചെലവഴിച്ച്, മട്ടന്നൂർ ടൗണിനും വിമാനത്താവളത്തിനും മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി സ്ഥലം ഏറ്റെടുത്ത് വ്യവസായത്തിന് അടിസ്ഥാന സൗകര്യമൊരുക്കുന്നത്.
ഒന്നാം ലാന്‍ഡ് പാഴ്സലായി വെള്ളപ്പറമ്പില്‍ പട്ടന്നൂർ, കീഴല്ലൂര്‍ വില്ലേജുകളിലായി 474 ഏക്കർ ഭൂമി 842 കോടി രൂപയ്ക്ക് ഏറ്റെടുത്തുകഴിഞ്ഞു. ഇതിനോട് ചേർന്ന് പനയത്താംപറമ്പില്‍, അഞ്ചരക്കണ്ടി, പടുവിലായി, കീഴല്ലൂർ വില്ലേജുകളിലായി മറ്റൊരു 500 ഏക്കർ ഭൂമികൂടി രണ്ടാം പാഴ്സലായി ഏറ്റെടുക്കുന്നതിന് 1076 കോടി രൂപ റവന്യു വകുപ്പിന് നല്‍കിയിട്ടുണ്ട്. ഇതില്‍ 170 ഏക്കർ ഭൂമി ഇതിനോടകം ഏറ്റെടുത്തു. ബാക്കി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇവിടെ 50 ഏക്കര്‍ സ്ഥലത്ത് സയന്‍സ് ആന്‍ഡ് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു.
കണ്ണൂര്‍ ലാന്‍ഡ് പാഴ്സലിന്റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും മുന്‍പുതന്നെ ഇവിടെ വലിയൊരു നിക്ഷേപത്തിന് വാഗ്ദാനമുണ്ടായത് കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തോട് നിക്ഷേപകർ പുലർത്തുന്ന വിശ്വാസത്തിന്റെ തെളിവാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കൂടുതൽ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ഇത് സഹായകമാകും. കണ്ണൂരില്‍ വ്യവസായ വികസന അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ കിന്‍ഫ്ര നടപടി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ്, അഡീഷണല്‍ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി. പി വിഷ്ണുരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ഗോള്‍ഡ്സിക്ക എംഡി. എസ് തരൂജും കിന്‍ഫ്ര എംഡി. സന്തോഷ് കോശി തോമസും തിരുവനന്തപുരത്ത് പദ്ധതിയുടെ ധാരണാപത്രം കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates