

എകെ ആന്റണിയെന്ന പേര് കേട്ടാല്‍ ഗോപാലന് 'കലി' കയറും. മുപ്പത് കൊല്ലത്തിനിപ്പുറവും അയാള്‍ ഒന്നും മറന്നിട്ടില്ല, പൊറുത്തിട്ടില്ല. തന്റെ ജീവിതം കുട്ടിച്ചോറാക്കിയത് ആന്റണിയുടെ ചാരായ നിരോധനമാണെന്ന് അയാള്‍ വിശ്വസിക്കുന്നു. നിരോധനം മൂലം സംസ്ഥാനത്ത് തൊഴില്‍രഹിതരായ 12,500 ഷാപ്പ് ജീവനക്കാരില്‍ ഒരാളാണ് ഗോപാലന്‍.
പത്തു വര്‍ഷമാണ് ഗോപാലന്‍ തിരുവനന്തപുരം സ്വദേശിയായ അബ്കാരി മുതലാളിയുടെ ചാരായ ഷോപ്പിലെ ജീവനക്കാരനായിരുന്നത്. 3,000 രൂപയായിരുന്നു മാസ ശമ്പളം. 1990 കളില്‍ അതൊരു മാന്യമായ ശമ്പളമായിരുന്നെന്ന് ഗോപാലന്‍ പറയുന്നു. പ്രോവിഡന്റ് ഫണ്ട് ആനുകൂല്യം ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമെ 'വെട്ടുമേനി' എന്ന പേരില്‍ അളവില്‍ തട്ടിപ്പ് നടത്തി അധിക വരുമാനം ഉണ്ടാക്കാന്‍ മുതലാളി അനുവദിച്ചിരുന്നു.
'100 മില്ലി ചാരായത്തില്‍ 5 മില്ലി കുറച്ച് ഒഴിക്കാന്‍ അനുവാദമുണ്ടായിരുന്നു. ഇതില്‍ നിന്നുള്ള വരുമാനം തൊഴിലാളികള്‍ക്ക് എടുക്കാം. 5 മില്ലിയില്‍ കൂടുതല്‍ കൃത്രിമം നടത്തുന്നത് കണ്ടെത്താന്‍ മുതലാളി സ്‌ക്വാഡിനെ അയക്കും,' ഗോപാലന്‍ പറഞ്ഞു.
മുതലാളിക്ക് നിരവധി ഷാപ്പുകള്‍ ജില്ലയിലുണ്ടായിരുന്നു. ജീവനക്കാര്‍ക്ക് അപരിചിതരായവരെ വിട്ട് സ്‌ക്വാഡംഗങ്ങള്‍ ചാരായം വാങ്ങും. അളവില്‍ കുറവുണ്ടെങ്കില്‍ മുതലാളിക്ക് റിപ്പോര്‍ട്ട് ചെയ്യും. ഒരു മാസം ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതാണ് ശിക്ഷ. ഒരിക്കല്‍ ഗോപാലനും പിടി വീണു. പക്ഷെ ആദ്യവട്ടമായത് കൊണ്ട് കുറച്ച് ദിവസങ്ങളേ ശിക്ഷ നീണ്ടുള്ളൂ.
പൊടുന്നനെയുള്ള ചാരായ നിരോധനത്തില്‍ ഗോപാലന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. 'ആകെ തകര്‍ന്ന് പോയി. പ്രോവിഡന്റ് ഫണ്ടിലെ 80,000 രൂപ, സര്‍ക്കാര്‍ തന്ന നഷ്ടപരിഹാരം 30,000 രൂപ, പിന്നെ കയ്യിലുണ്ടായിരുന്ന സമ്പാദ്യവും ചേര്‍ത്ത് ചെറിയൊരു വീട് പണിതു. ആദ്യം കുറെ നാള്‍ കൂലിപ്പണിക്ക് പോയി. പിന്നീടാണ് പെട്ടിക്കട തുടങ്ങിയത്,' ഗോപാലന്‍ പറഞ്ഞു. അരുവിക്കര വാളിയറയിലാണ് ഗോപാലന്റെ കട.
ചാരായ നിരോധനം പരാജയമായിരുന്നെന്നാണ് ഗോപാലന്റെ വാദം. 'നിരോധനം കൊണ്ട് ആരെങ്കിലും കുടി നിര്‍ത്തിയതായി നിങ്ങള്‍ക്ക് അറിയാമോ? ആകെയുണ്ടായ മാറ്റം ആളുകള്‍ കൂടുതല്‍ തുക ചെലവാക്കി കുടിക്കേണ്ടി വരുന്നു. പിന്നെ മദ്യക്കച്ചവടത്തിന്റെ കുത്തക കിട്ടിയ സര്‍ക്കാരിന് നല്ലൊരു വരുമാന മാര്‍ഗവുമായി.'
രാഷ്ട്രീയത്തില്‍ തനിക്ക് ദേഷ്യമുള്ളത് ആന്റണിയോട് മാത്രമാണ്. 'സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ അത് ബാധിക്കുന്ന ആളുകളെക്കുറിച്ചും ചിന്തിക്കണ്ടേ. ഞങ്ങള്‍ സമാധാനമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം അവര്‍ കണ്ടില്ല. ആന്റണിയോടിപ്പോഴും എനിക്ക് കടുത്ത ദേഷ്യമാണ്, അതൊരിക്കലും മാറില്ല'
എഴുപത് വയസു കഴിഞ്ഞു ഗോപാലന്. മക്കള്‍ നല്ല നിലയില്‍ ജീവിക്കുന്നു. 'ആദ്യം കുറച്ച് മാറി ഒരിടത്തായിരുന്നു കട. പിന്നീടാണ് ഇവിടേക്ക് മാറിയത്. വലിയ കച്ചവടം ഒന്നുമില്ല, എങ്കിലും വീട്ടില്‍ വെറുതെ ഇരിക്കുന്നതിനേക്കാള്‍ ഭേദമല്ലേ?'
വാളിയറയില്‍ നിന്ന് നെടുമങ്ങാട്ടേക്കുള്ള ഒരു എളുപ്പ വഴി തുടങ്ങുന്നിടത്താണ് കട. നാരങ്ങാ വെള്ളവും പഴവുമാണ് പ്രധാന കച്ചവടം. മുട്ട, കുറച്ച് ബിസ്‌ക്കറ്റ്, ലെയ്സ്, മിഠായികള്‍ ഇത്രയും കൊണ്ട് തീരുന്നു കടയിലെ ഐറ്റങ്ങള്‍.
ചാരായ നിരോധനത്തിന് ശേഷം പഴയ ഷാപ്പ് തൊഴിലാളികളില്‍ ചിലര്‍ കള്ളവാറ്റ് മേഖലയിലേക്ക് തിരിഞ്ഞെന്ന് ഗോപാലന്‍ പറഞ്ഞു. പ്രമുഖനായ ഒരു അബ്കാരി പാലോട് വനമേഖലയോട് ചേര്‍ന്ന് വാറ്റ് കേന്ദ്രം നടത്തിയിരുന്നു. പെര്‍ഫോമന്‍സ് അടിസ്ഥാനത്തില്‍ ആണ് ശമ്പളം. സാധനങ്ങള്‍ മുതലാളി കൊടുക്കും. മൂന്ന് വീപ്പ വാറ്റി ചാരായം കൊടുത്താല്‍ 1500 രൂപ പ്രതിഫലം. തലേന്ന് വൈകിട്ട് തുടങ്ങിയാല്‍ പിറ്റേന്ന് രാവിലെ ജോലി തീരും. പക്ഷേ അമോണിയയുടെ ദുര്‍ഗന്ധം സഹിച്ചുള്ള ജോലി ദുഷ്‌കരമാണ്. പിന്നീട് എക്‌സൈസ് മുതലാളിയെ അറസ്റ്റ് ചെയ്ത് വാറ്റ് കേന്ദ്രം പൂട്ടിച്ചു.
ജില്ലയില്‍ കള്ളവാറ്റിന്റെ തലസ്ഥാനം ആര്യനാടായിരുന്നു. അവിടന്ന് ഹോള്‍സെയില്‍ വാങ്ങി മറ്റിടങ്ങളില്‍ റീറ്റെയ്ല്‍ വില്പന നടത്തിയാണ് ചില തൊഴിലാളികള്‍ ജീവിതമാര്‍ഗം കണ്ടെത്തിയത്. അര ലിറ്ററിന് 400 രൂപയായിരുന്നു അന്നത്തെ ഹോള്‍സെയില്‍ വില. തുടര്‍ച്ചയായ എക്‌സൈസ്, പൊലീസ് റെയ്ഡുകള്‍ക്കൊടുവില്‍ ആര്യനാട് വാറ്റ് കച്ചവടം അവസാനിച്ചു.
ഏതാണ്ട് ആറായിരത്തിനടുത്ത് ചാരായ ഷോപ്പുകളില്‍ ജോലി ചെയ്തിരുന്ന 12,500 ഓളം പേരാണ് ചാരായ നിരോധനത്തെ തുടര്‍ന്ന് തൊഴില്‍രഹിതരായത്. സര്‍ക്കാര്‍ 30,000 രൂപയാണ് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത്. കുറച്ച് പേര്‍ക്ക് ബിവറേജസ് കോര്‍പറേഷനില്‍ ജോലി നല്‍കി. നഷ്ടപരിഹാരം എല്ലാവര്‍ക്കും കിട്ടിയില്ലെന്ന പരാതികളും ഉണ്ടായി. അന്ന് ചാരായ ഷാപ്പ് നടത്തിയിരുന്നവരില്‍ പലരും, ഗോപാലന്റെ മുതലാളി ഉള്‍പ്പെടെ, ബാര്‍ നടത്തിപ്പിലേക്ക് ചുവട് മാറ്റി.
1996 ഏപ്രില്‍ ഒന്നിനാണ് മുഖ്യമന്ത്രി എകെ ആന്റണി ചാരായ നിരോധനം നടപ്പിലാക്കിയത്. ബുധനാഴ്ച (1 ഏപ്രില്‍ 2026) ചാരായ നിരോധനത്തിന്റെ മുപ്പതാം വാര്‍ഷികമാണ്. മദ്യ നിരോധനത്തോടുള്ള തന്റെ പ്രതിബദ്ധത തെളിയിക്കാന്‍ ആന്റണി വേറെയും കടുത്ത നടപടികള്‍ എടുത്തിരുന്നു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 200 ശതമാനമാക്കി ഉയര്‍ത്തി. ഒപ്പം ബാറുകളുടെ ലൈസന്‍സ് ഫീസ് 6 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തി.
യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സാമൂഹിക ആരോഗ്യ രംഗങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തിയിരുന്ന വിപത്തായിരുന്നു നാടിന്റെ മുക്കിലും മൂലയിലുമുള്ള ചാരായ ഷാപ്പുകള്‍. പക്ഷെ തെരഞ്ഞെടുപ്പിന് വെറും മൂന്ന് ആഴ്ചകള്‍ ശേഷിക്കുമ്പോള്‍ പൊടുന്നനെയുണ്ടായ നിരോധന പ്രഖ്യാപനം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതായിരുന്നെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
സ്ത്രീകളുടെ വോട്ട് വാങ്ങി ഭരണ വിരുദ്ധ വികാരത്തെ മറികടക്കാനാവുമെന്ന് കരുതിയ ആന്റണിയുടെയും യുഡിഎഫിന്റെയും കണക്കു കൂട്ടലുകള്‍ പൊളിഞ്ഞത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ്. ഏപ്രില്‍ 27 നു നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയമായി പരാജയപ്പെട്ടു. 80 സീറ്റുമായി അധികാരത്തില്‍ എത്തിയ എല്‍ഡിഎഫ് പക്ഷെ ആന്റണിയുടെ മദ്യ നയത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ധൈര്യപ്പെട്ടില്ല
തെരഞ്ഞെടുപ്പില്‍ വോട്ടായില്ലെങ്കിലും ആന്റണിയുടെ മദ്യ നയത്തിന് വലിയ ജനപിന്തുണ ഉണ്ടായിരുന്നതാണ് പിന്നീടുള്ള എല്ലാ സര്‍ക്കാരുകളെയും അതില്‍ നിന്ന് പിന്തിരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates