

കോഴിക്കോട് : സര്‍ക്കാര്‍ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കളെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്നു. കെ എം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസുകളുണ്ടാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റേത് നെറികെട്ട നിലപാടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
പ്രതികാരം ചെയ്യുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഇടതുപക്ഷത്തിന്റെ പേരില്‍ വന്നിട്ടുള്ള സ്വര്‍ണക്കടത്ത്, കഞ്ചാവുകടത്ത്, ഡോളര്‍ കടത്ത് തുടങ്ങിയ ഗൗരവമേറിയ കേസുകള്‍ക്ക് പകരം നിങ്ങളുടെ പേരിലും കേസുണ്ടാക്കുമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. യുഡിഎഫിന്റെ ഒരു ഡസന്‍ എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞത്.
വിജയരാഘവന്‍ പറഞ്ഞതു പോലെ പൊലീസിനെയും വിജിലന്‍സിനെയും ദുരുപയോഗം ചെയ്ത് കേസെടുക്കുകയാണ്. ഇതുകൂടാതെ ലോ ആന്റ് ഓര്‍ഡര്‍ കേസുകളടക്കം പല കേസുകളും ഉണ്ടാക്കുന്നു. കേവലം മൂന്നുനാലുമാസം മാത്രം അവശേഷിക്കുന്ന, കാലാവധി തീരാറായ സര്‍ക്കാരാണ് ഇങ്ങനെ ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയുണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത് ജനങ്ങള്‍ കാണുന്നുണ്ട്. ജനങ്ങള്‍ അത് വിലയിരുത്തണമെന്നാണ് ലീഗിന് പറയാനുള്ളത്. ലീഗിന്റെ എംഎല്‍എമാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയും കേസെടുക്കുകയാണ്. കേസ് കണ്ട് പതറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള കേസുകളെ പ്രതിരോധിക്കാനാണ് ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ 25 ലക്ഷം രൂപ അധികം ചെലവഴിച്ചു, ചെറിയ സംഖ്യ കൈമാറ്റം ചെയ്തു തുടങ്ങി, ഒരു ബിസിനസ് പൊട്ടിപ്പോയ സംഭവം അടക്കം വലിയ കുറ്റമാക്കി പരമാവധി നടപടികളിലേക്കാണ് സര്‍ക്കാര്‍ പോകുന്നത്.
മുന്‍കൂട്ടി ലിസ്റ്റ് തയ്യാറാക്കി കേസെടുക്കുന്നത് വളരെ മോശമാണ്, ബാലിശമാണ്. കമറുദ്ദീനെതിരായ നടപടി പ്രതികാരബുദ്ധിയോടെയുള്ളതാണ്. കെ എം ഷാജിക്കെതിരായ കേസും വിലയിരുത്തി. അതിലൊന്നും പാര്‍ട്ടി വിലകല്‍പ്പിക്കുന്നില്ല. വിജിലന്‍സ് ഇല്ലാത്ത കേസുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ പാര്‍ട്ടി നേരിടുക തന്നെ ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ എം ഷാജിയെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്ക് വിളിച്ചു വരുത്തി. ഇ ഡി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് വിളിച്ചു വരുത്തിയത്. യോഗത്തിലെത്തിയ കെ എം ഷാജി ഇ ഡി നടത്തിയ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ നേതാക്കളോട് വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates