

കൊച്ചി: പി എസ് സി ചെയര്‍മാന്റേയും അംഗങ്ങളുടയും യോഗ്യതയും സേവന വേതന വ്യവസ്ഥയും നിശ്ചയിച്ചു കൊണ്ടുള്ള നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ പിഎസ് സി ചെയര്‍മാന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍. ഇവരുടെ യോഗ്യതനിശ്ചയിക്കുന്ന നിയമ വ്യവസ്ഥ കേരളത്തില്‍ ഇല്ലാത്തതുകൊണ്ട് ഒരു യോഗ്യതയും ഇല്ലാത്ത ധാരാളം പേര്‍ കെപിഎസ്‌സി അംഗങ്ങളായി നിയമിക്കപ്പെട്ടിട്ടുള്ളതായും കെഎസ് രാധാകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഭരണ ഘടന അനുഛേദം 317, 318 പ്രകാരം ഗവര്‍ണറാണ് ചെയര്‍മാനേയും അംഗങ്ങളെയും നിയമിക്കുന്നത്. അനുഛേദം 1317(1) പ്രകാരം ആകെ ഉള്ള അംഗങ്ങളില്‍ ചുരുങ്ങിയത് 50 ശതമാനം അംഗങ്ങള്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവരാകണം എന്ന വ്യവസ്ഥ. ബാക്കിയുള്ളവരെ പൊതു വേദിയില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും വരുന്നവര്‍ക്ക് ചുരുങ്ങിയത് പത്തുവര്‍ഷത്തെ തുടര്‍ച്ചയായ സര്‍ക്കാര്‍ സര്‍വീസ് ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയുണ്ട്.എന്നാല്‍ പൊതുവേദിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാതൊരു യോഗ്യതയും നിഷ്‌കര്‍ഷിച്ചിട്ടില്ല. അതായത്, ഒരു യോഗ്യതയും ഇല്ലാത്ത ആര്‍ക്കും പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമോ ചെയര്‍മാനോ ആകാമെന്നു സാരം. ഇതുവരെ നിയമിക്കപ്പെട്ട പി എസ് സി അംഗങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ പത്താം ക്ലാസ് ജയിക്കാത്തവരെ പോലും അതില്‍ നിന്നും കണ്ടെത്താനാകുമെന്ന് കെഎസ് രാധാകൃഷ്ണന്‍ പറയുന്നു.
'മറ്റു സംസ്ഥാനങ്ങളില്‍ ഇതിനെല്ലാം ചട്ടങ്ങളും കിഴ്‌വഴക്കങ്ങളും ഉണ്ട്. ചുരുങ്ങിയത് വൈസ് ചാന്‍സലറാകാന്‍ യോഗ്യതയുള്ളവരെയാണ് കോളജ് അദ്ധ്യാപകരില്‍ നിന്നും തെരഞ്ഞെടുക്കുക. ഭരണ രംഗത്തു നിന്നാണെങ്കില്‍ അഡീഷണല്‍ സെക്രട്ടറി ആകാനുള്ള യോഗ്യത നേടിയവരായിരിക്കണം. പൊലീസില്‍ നിന്നാണെങ്കില്‍ ഡിജിപി റാങ്കിലുള്ളവരെയാകും പരിഗണിക്കുക. എന്നാല്‍, കേരളത്തില്‍ അങ്ങിനെയല്ല. പത്താം ക്ലാസ്സ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാള്‍ പി എസ് സി അംഗമാകുകയും മെഡിക്കല്‍ കോളജിലെ തൊറാസിക് സര്‍ജറി പ്രൊഫസറെ തെരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാനായിരിക്കുകയും ചെയ്യുന്ന അവസ്ഥ സങ്കല്പിക്കുക. അതും അതിനപ്പുറവും കേരളത്തില്‍ നടക്കും.
കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു യോഗ്യതയും ഇല്ലാത്തവർക്ക് കേരള പബ്ലിക് സർവ്വീസ് ചെയർമാനായും അംഗമായും നിയമിക്കപ്പെടാൻ കഴിയും. കാരണം, ഇവരുടെ യോഗ്യതനിശ്ചയിക്കുന്ന നിയമ വ്യവസ്ഥ കേരളത്തിൽ ഇല്ല. അതുകൊണ്ട് ഒരു യോഗ്യതയും ഇല്ലാത്ത ധാരാളം പേർ കെ പി എസ് സി അംഗങ്ങളായി നിയമിക്കപ്പെട്ടിട്ടുണ്ട്. അവരിൽ യോഗ്യരെക്കാൾ അയോഗ്യരായിരുന്നു അധികവും എന്നതും വസ്തുതയാണ്.
ഭരണ ഘടന അനുഛേദം 317, 318 പ്രകാരം ഗവർണറാണ് ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത്. അനുഛേദം 1317(1) പ്രകാരം ആകെ ഉള്ള അംഗങ്ങളിൽ ചുരുങ്ങിയത് 50 ശതമാനം അംഗങ്ങൾ സർക്കാർ സർവ്വീസിൽ നിന്നുള്ളവരാകണം എന്ന വ്യവസ്ഥയുണ്ട്. ബാക്കിയുള്ളവരെ പൊതു വേദിയിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്. സർക്കാർ സംവിധാനത്തിൽ നിന്നും വരുന്നവർക്ക്ചുരുങ്ങിയത് പത്തുവർഷത്തെ തുടർച്ചയായ സർക്കാർ സർവ്വീസ് ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയുണ്ട്.എന്നാൽ പൊതുവേദിയിൽ നിന്നും തെരഞ്ഞെടുക്ക പ്പെടുന്നവർക്ക് യാതൊരു യോഗ്യതയും നിഷ്കർഷിച്ചിട്ടില്ല. അതായത്, ഒരു യോഗ്യതയും ഇല്ലാത്ത ആർക്കും പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമോ ചെയർമാനോ ആകാമെന്നു സാരം. ഇതുവരെ നിയമിക്കപ്പെട്ട പി എസ് സി അംഗങ്ങളുടെ പട്ടിക പരിശോധിച്ചാൽ പത്താം ക്ലാസ് ജയിക്കാത്തവരെ പോലും അതിൽ നിന്നും കണ്ടെത്താനാകും.
പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ/അംഗങ്ങൾ എന്നിവർക്ക് ഉണ്ടാകേണ്ട യോഗ്യത നിശ്ചയിച്ചു കൊണ്ടുള്ള നിയമവും ചട്ടവും കേരളം ഉണ്ടാക്കിയിട്ടില്ല. പത്താം തരം മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള സർക്കാർ ജീവനക്കാരനും പത്തു കൊല്ലത്തെ പൊതുപ്രവർത്തന പരിചയമില്ലാത്ത നേതാക്കളും പി എസ് സി അംഗങ്ങൾ ആകുന്നതിന്റെ കാരണവും മറ്റൊന്നല്ല.വ്യക്തമായ നിയമവും ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുന്ന യോഗ്യതയും നിഷ്കർഷിച്ചിട്ടില്ലാത്തതു കൊണ്ട് ഭരണത്തിൽ ഇരിക്കുന്ന സർക്കാരിന് ആരെയും അവരുടെ ഇഷ്ടാനുസരണം നിയമിക്കാമെന്ന അവസ്ഥയുണ്ട്. സംസ്ഥാന സർക്കാർ സംവിധാനത്തെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാൻ നിയുക്തരാക്കപ്പെടുന്നവർക്ക് യാതൊരു യോഗ്യതയും വേണ്ട എന്നു വരുന്നത് നല്ലതല്ല. മെഡിക്കൽ , ഒർജിനീയറിംഗ് അടക്കം പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രെഫഷണൽമാരെയും ഡെപ്യൂട്ടി കലക്ടറേയും കേരള അഡ്മിനിസ്റ്ററേറ്റീവ് സർവ്വീസുകാരെയും തെരഞ്ഞെടുക്കേണ്ടവർക്ക് യോഗ്യത നിശ്ചയിക്കുന്ന നിയമവ്യവസ്ഥ ഇല്ലാത്തത് ഒരു കുറവു തന്നെയാണ്.
മറ്റു സംസ്ഥാനങ്ങളിൽ ഇതിനെല്ലാം ചട്ടങ്ങളും കിഴ് വഴക്കങ്ങളും ഉണ്ട്. ചുരുങ്ങിയത് വൈസ് ചാൻസലറാകാൻ യോഗ്യതയുള്ളവരെയാണ് കോളജ് അദ്ധ്യാപകരിൽ നിന്നും തെരഞ്ഞെടുക്കുക. ഭരണ രംഗത്തു നിന്നാണെങ്കിൽ അഡീഷണൽ സെക്രട്ടറി ആകാനുള്ള യോഗ്യത നേടിയവരായിരിക്കണം. പൊലീസിൽ നിന്നാണെങ്കിൽ ഡിജിപി റാങ്കിലുള്ളവരെയാകും പരിഗണിക്കുക. എന്നാൽ, കേരളത്തിൽ അങ്ങിനെയല്ല. പത്താം ക്ലാസ്സ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാൾ പി എസ് സി അംഗമാകുകയും മെഡിക്കൽ കോളജിലെ തൊറാസിക് സർജറി പ്രൊഫസറെ തെരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ബോർഡിന്റെ ചെയർമാനായിരിക്കുകയും ചെയ്യുന്ന അവസ്ഥ സങ്കല്പിക്കുക. അതും അതിനപ്പുറവും കേരളത്തിൽ നടക്കും.അതുകൊണ്ട് , അടിയന്തിരമായി പി എസ് സി ചെയർമാന്റേയും അംഗങ്ങളുടയും യോഗ്യതയും സേവന വേതന വ്യവസ്ഥയും നിശ്ചയിച്ചു കൊണ്ടുള്ള നിയമ നിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates