അജ്ഞാത പരാതികളിൽ പരിശോധന വേണ്ട, വ്യവസായ സ്ഥാപനങ്ങളിലെ റെയ്ഡുകൾക്ക് കേന്ദ്രീകൃത സംവിധാനം; മാർഗനിർദേശമിറക്കി 

കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണു നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കേന്ദ്രീകൃത പരിശോധനാ സംവിധാനത്തെക്കുറിച്ച് മാർഗനിർദേശമിറക്കി തദ്ദേശ വകുപ്പ്. സംസ്ഥാനത്തു വ്യവസായ സൗഹൃദ അന്തരീക്ഷമില്ലെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മാർഗനിർദേശമിറക്കിയത്. കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണു നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്. പേരും വിലാസവും വെളിപ്പെടുത്താത്ത അടിസ്ഥാനമില്ലാത്ത പരാതികളിൽ വ്യവസായ സ്ഥാപനത്തിൽ നിരന്തരം പരിശോധന നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങൾ ഒഴിവാക്കാൻ മാർ​ഗനിർദേശത്തിൽ പറയുന്നു. 

പരിശോധന നടത്തുന്ന വിവരം സ്ഥാപന ഉടമയെ മുൻകൂട്ടി അറിയിക്കണമെന്നും പരാതിയുടെ പകർപ്പ് ആവശ്യപ്പെട്ടാൽ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി. പരിശോധനയുടെ വിഡിയോ റെക്കോർഡിങ് നടത്താം. വിഡിയോ റെക്കോർഡിങ്ങിന് ഉടമയെയും അനുവദിക്കാം. പരിശോധനയുടെ മഹസർ/റിപ്പോർട്ട് തയാറാക്കി സ്ഥാപന ഉടമയ്ക്കു പകർപ്പ് നൽകണം. പരിശോധനയിൽ പരാതി കെട്ടിച്ചമച്ചതോ വ്യക്തിവിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ളതോ ആണെന്നു ബോധ്യമായാൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. 

പരിശോധനയ്ക്കുള്ള സോഫ്റ്റ്‌വെയർ സംസ്ഥാന വ്യവസായ വികസന കോർപറേഷനോ  ഇൻഫർമേഷൻ കേരള മിഷനോ വികസിപ്പിച്ചു നൽകണം. ഒരു സ്ഥാപനത്തിൽ ഒരു ഉദ്യോഗസ്ഥൻ തന്നെ തുടർച്ചയായി പരിശോധിക്കുന്നത് ഒഴിവാക്കണം. ഒന്നിലധികം തവണ പരിശോധിക്കുകയാണെങ്കിൽ  വ്യത്യസ്ത ഉദ്യോഗസ്ഥരെ നിയോഗിക്കണം. സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആണ് പരിശോധിക്കേണ്ടത്. ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക സെക്രട്ടറി തയാറാക്കി അതിൽ നിന്നു ക്രമത്തിൽ നിയോഗിക്കണം.
 
മാലിന്യ പരിപാലനം, ശുചീകരണം തുടങ്ങി നഗരസഭകളുടെ പരിധിയിൽ വരുന്ന വിഷയങ്ങൾ മാത്രം പരിശോധിക്കാനാണ് അറിയിച്ചിരിക്കുന്നത്. അതേസമയം മനുഷ്യജീവന് ആപത്തുണ്ടാകുന്ന സംഭവങ്ങളിലെ അടിയന്തര പരിശോധനകൾക്ക് ഈ നിർദേശങ്ങൾ ബാധകമല്ല. 

പുതിയ സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും സംരംഭങ്ങൾക്കും ലൈസൻസ് നൽകുമ്പോൾ സ്ഥലപരിശോധന വേണ്ടെന്നും നിർദേശമുണ്ട്. നഗരസഭകളിൽ അഞ്ച് ദിവസത്തിനകവും പഞ്ചായത്തുകളിൽ ഏഴ് ദിവസത്തിനകവും ലൈസൻസ് നൽകാനാണ് അറിയിച്ചിരിക്കുന്നത്. നിയമങ്ങൾ പാലിക്കുമെന്ന സാക്ഷ്യപത്രം അപേക്ഷകൻ ലൈസൻസിനായി സമർപ്പിക്കണം. മൂന്ന് മാസത്തിനകം പരിശോധന നടത്തി നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം.വലിയ വ്യവസായശാലയ്ക്കോ ഫാക്ടറിക്കോ ഉള്ള ലൈസൻസ് അപേക്ഷയിൽ 30 ദിവസത്തിനകം നഗരസഭ കൗൺസിൽ തീരുമാനമെടുക്കുന്നതിനു പുറമേ ആവശ്യമെങ്കിൽ സ്ഥലപരിശോധന നടത്താം. നിലവിൽ ലൈസൻസ് ഉള്ള ലോ റിസ്ക് വിഭാഗത്തിലെ സ്ഥാപനങ്ങളിൽ മൂന്ന് വർഷം കൂടുമ്പോഴും മീഡിയം വിഭാഗത്തിൽ രണ്ട് വർഷത്തിലൊരിക്കലും ഹൈ റിസ്കിൽ വർഷത്തിൽ ഒരു തവണയുമാകണം പരിശോധന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com