

തിരുവനന്തപുരം: 15-ാം നിയമസഭയുടെ അവസാന സമ്മേളനത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായി വായിക്കാത്തത് വിവാദത്തില്‍. കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന മൂന്നു ഖണ്ഡികകളിലാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാറ്റം വരുത്തിയത്. ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങള്‍ പിന്നീട് മുഖ്യമന്ത്രി നിയമസഭയില്‍ വായിക്കുകയായിരുന്നു.
ഒഴിവാക്കിയ ഭാഗങ്ങള്‍ ഇവയാണ്.
12-ാം ഖണ്ഡിക - 'ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിടുന്നു.'
ഖണ്ഡിക 15 - 'സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്.'
ഖണ്ഡിക 16 - 'നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണ്.'
ഈ ഖണ്ഡികയിലെ ഈ വാചകം ഗവര്‍ണര്‍ അതേപടി വായിച്ചു. എന്നാല്‍ ഈ വാചകത്തിനൊപ്പം 'എന്റെ സര്‍ക്കാര്‍ കരുതുന്നു' എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
മുഖ്യമന്ത്രി അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഉള്‍പ്പെടുത്തിയും, കൂട്ടിച്ചേര്‍ത്തവ ഒഴിവാക്കിയും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപനപ്രസംഗമായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയോട് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates