

കാസർകോട്: കേന്ദ്ര സർവകലാശാലയിലെ സെമിനാർ ആർഎസ്എസ് വൽക്കരിക്കുന്നുവെന്നാരോപിച്ച് വിദ്യാർഥികൾ നടത്തിയ പ്രതിഷേധ സമരത്തെ ശക്തമായി വിമർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. രണ്ടു ദിവസമായി നടന്ന സെമിനാർ ഉദ്ഘാടന സമ്മേളനത്തിനിടെ, വിദ്യാർഥികളുടെ പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ടകളുണ്ടെന്ന് ഗവർണർ ആരോപിച്ചു. കേരള കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം 158-ാം വാർഷിക സെമിനാറിൻ്റെ ബുധനാഴ്ച നടന്ന സെഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. "ഇത് സ്വാഭാവികമായി ഉണ്ടായ ഒറ്റപ്പെട്ട പ്രതിഷേധമല്ല. മറ്റു പല സംവിധാനങ്ങളുമായും ബന്ധമുള്ളവർ വന്ദേമാതരത്തിനെതിരായ നീക്കത്തിനു പിന്നിലുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ച ശക്തികളെ കണ്ടെത്തും. ഈ സംഭവം രാജ്യത്താകെ ചർച്ചയായിട്ടുണ്ടെന്നും" ഗവർണർ പറഞ്ഞു. ആദ്യദിവസം വിദ്യാർഥികൾ ആർഎസ്‌എസ് നേതാവ് ജെ. നന്ദകുമാറിനെ തടഞ്ഞ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ പ്രതികരണം.
ആർഎസ്‌എസ് അനുകൂല സംഘടനയായ അഖില ഭാരതീയ സാഹിത്യ പരിഷത് ജനറൽ സെക്രട്ടറി പവൻപുത്ര ബാദൽ അധ്യക്ഷനായ ചടങ്ങിൽ കെ.പി. രാമനുണ്ണി, പ്രഫ. സുനൈന സിങ്, വൈസ് ചാൻസലർ പ്രഫ. സിദ്ധു പി. അൽഗുർ തുടങ്ങിയവർ പങ്കെടുത്തു. അതേസമയം, വിദ്യാർഥിവിരുദ്ധമായ ഗവർണറുടെ നിലപാട് അംഗീകരിക്കില്ലെന്നും ഭീഷണികൾ വിലപ്പോവില്ലെന്നും എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി. എബിവിപി ഒഴികെ മറ്റെല്ലാ വിദ്യാർഥി സംഘടനകളും ഗവർണർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates