

തിരുവനന്തപുരം: സര്‍വകലാശാലകളുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. സര്‍വകലാശാല ഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍, സ്വകാര്യ സര്‍വകലാശാല ബില്‍ എന്നിവയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടത്. ഗവര്‍ണര്‍മാരും രാഷ്ട്രപതിയും ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി സുപ്രീംകോടതിയുടെ റഫറന്‍സ് ചോദിച്ചിരിക്കെയാണ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭവന് കൈമാറിയത്.
സര്‍വകലാശാലകളുടെ സ്വയംഭരണം പാടേ തകര്‍ക്കുന്നതാണ് നിയമഭേദഗതി ബില്ലിലെ വ്യവസ്ഥയെന്നാണ് ആക്ഷേപം. പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് സര്‍വകലാശാലകള്‍ക്ക് ഭരണപരവും അക്കാദമികവുമായ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കാം. വിശദീകരണം തേടാനും കഴിയും. സെനറ്റ് യോഗങ്ങളില്‍ മന്ത്രിക്ക് അധ്യക്ഷത വഹിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഈ വ്യവസ്ഥകള്‍ യുജിസി മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. യുജിസി വ്യവസ്ഥയ്ക്ക് വിരുദ്ധമായ സംസ്ഥാന നിയമം വന്നാല്‍, യുജിസി മാര്‍ഗനിര്‍ദേശങ്ങളാകും നിലനില്‍ക്കുകയെന്ന് സുപ്രീംകോടതി വിധിയുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന ബില്ലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് സൂചന.
രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്ന പശ്ചാത്തലത്തില്‍, വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളോട് അംഗീകാരം കാത്തിരിക്കുന്ന ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിവരം ആരാഞ്ഞിരുന്നു. നിലവിലെ വിധി പ്രകാരം മൂന്നു മാസത്തിനുള്ളില്‍ ബില്ലില്‍ തീരുമാനമെടുക്കണം. വിധി ലംഘിച്ച് ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍മാരുടെ പക്കലിരിക്കുന്നത് രാഷ്ട്രപതിയുടെ റഫറന്‍സിനെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതു കണക്കിലെടുത്താണ് മൂന്നുമാസ സമയപരിധി ആകുന്നതിനുമുമ്പേ തന്നെ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates