

വീട്ടിലെ പ്രസവം ഉള്‍പ്പെടെ അശാസ്ത്രീയ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രവണത സംസ്ഥാനത്ത് വ്യാപകമെന്ന് റിപ്പോര്‍ട്ടുകള്‍. മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമാകുന്നത്. വീട്ടില്‍ പ്രസവിച്ചവരെ ആദരിക്കുന്ന ചടങ്ങുള്‍പ്പെടെ സംഘടിപ്പിച്ചും കൂടുതല്‍ പേരെ ഈ രീതിയിലേക്ക് ആകര്‍ഷിക്കുന്ന സാഹചര്യം പോലും നിലവിലുണ്ട്. മലപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങ് എന്ന പേരില്‍അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോ യുവതിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. വീട്ടില്‍ പ്രസവിച്ചവര്‍ക്ക് ആദരിക്കുകയും പുരസ്‌കാരം നല്‍കുന്നതിന്റെയും ചടങ്ങാണ് വീഡിയോയുടെ ഉള്ളടക്കം.
വീട്ടില്‍ അക്യുമാസ്റ്റര്‍മാരുടെ സഹായത്തോടെ പ്രസവം നടത്തിയവരെ ധീര വനിതകള്‍ എന്നാണ് വിഡിയോയില്‍ ഒന്നില്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ സ്വാഭാവികമായി നടക്കുന്ന പ്രസവങ്ങളെ എന്തോ വലിയ റിസ്‌കുള്ള കാര്യമെന്ന് പറഞ്ഞ് പേടിപ്പിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി പ്രസവിപ്പിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളോടെയാണ് ഇത്തരം വിഡിയോകള്‍ അശാസ്ത്രീയത പ്രോത്സാഹിപ്പിക്കുന്നത്.
'പണ്ട് കാലത്ത് നടന്നത് പോലെ പുതു ജീവനെ ഏറ്റെടുക്കുന്ന സുന്ദര മുഹൂര്‍ത്തത്തിന് കാരണക്കാരയവര്‍' എന്ന് പറഞ്ഞാണ് യുവതികളെ പരിചയപ്പെടുത്തുന്നത്. ചടങ്ങില്‍ അക്യു മാസ്റ്റര്‍ എന്ന് പേരിലും ചിലരെ പരിചയപ്പെടുത്തുന്നു. പെണ്‍കുട്ടികളില്‍ ചിലര്‍ മുഖം മറച്ചാണ് ചടങ്ങിനെത്തിയത് എന്നതും ശ്രദ്ധേയമാണ്. സമയമെത്തിയാല്‍ വീട്ടിലായാലും ആശുപത്രിയിലായാലും മരിക്കും. വീടുകളിലെ പ്രസവം വരെ സേഫ് ആണ്. അതിനാല്‍ വീട്ടില്‍ പ്രസവിക്കുന്നവരുടെ എണ്ണം കൂടണം എന്നും വീഡിയോയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച. സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാം തീയതി വൈകീട്ടാണ് യുവതിയുടെ പ്രസവം നടന്നത് രാത്രിയോടെ മരണം സംഭവിച്ചു. അമിത രക്തസ്രാവമാണെന്നാണ് മരണത്തിന് കാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു വ്യക്തമായത്. വൈകീട്ട് 6 നു പ്രസവിച്ച അസ്മ രാത്രി ഒന്‍പതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാന്‍ വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നുമാണ് വിലയിരുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates