

കൊച്ചി: കുവൈറ്റിലെ ബാങ്കിൽ നിന്ന് 700 കോടി രൂപ തട്ടിയ മലയാളികൾക്കായി അന്വേഷണം. 1425 മലയാളികൾക്ക് എതിരെയാണ് അന്വേഷണം. ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റിൽ നിന്ന് വൻ തുക ലോൺ എടുത്ത ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കടന്നെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കുവൈറ്റിൽ വൻ ശമ്പളത്തോടെ ജോലി ചെയ്തിരുന്നവർ വരെ തട്ടിപ്പിന്റെ ഭാഗമായതായാണ് പറയുന്നത്. ആദ്യം ചെറിയ ലോണുകളെടുത്ത് കൃത്യമായി തിരിച്ചടച്ച ശേഷമാണ് ഇവർ വലിയ ലോണുകള്‍ എടുത്തത്. അന്‍പത് ലക്ഷം മുതല്‍ രണ്ടു കോടി വരെ ലോണെടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇംഗ്ലണ്ട്, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവർ കുടിയേറിയത്.
തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം ആരംഭിച്ചത്. അപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. 1425 മലയാളികളാണ് തട്ടിപ്പ് നടത്തിയത്. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരും ഇതിൽ ഉൾപ്പെടും. ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് കരുതുന്നത്. ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നല്‍കി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദക്ഷിണ മേഖലാ ഐജിയാണ് അന്വേഷണം നടത്തുന്നത്. നിലവില്‍ എറണാകുളം കോട്ടയം ജില്ലകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates