തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 11 ബുധനാഴ്ച വിവിധ ആചാര ചടങ്ങുകളോടെ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ അറിയിച്ചു. ഗീതാ ദിനമായ അന്ന് രാവിലെ 7 മണി മുതല്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ സമ്പൂര്‍ണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. അന്ന് ദേവസ്വം വകയാണ് ചുറ്റുവിളക്ക്.
ഏകാദശി നാളിലെ ക്ഷേത്ര ദര്‍ശനം
ഏകാദശി നാളില്‍ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പൊതുവരി നിന്ന് (ക്യൂ) ഗുരുവായൂരപ്പനെ കണ്ടു തൊഴാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് പ്രഥമ പരിഗണന നല്‍കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. അന്ന് രാവിലെ 6 മണി മുതല്‍ ഉച്ചതിരിഞ്ഞ് 2 മണി വരെ വിഐപി / സ്‌പെഷ്യല്‍ ദര്‍ശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞ കുട്ടികള്‍ക്കുള്ള പ്രത്യേക ദര്‍ശനം എന്നിവയും ഉണ്ടാകില്ല.
പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ എന്നീ ക്യൂകള്‍ രാവിലെ 5 മണിക്ക് അവസാനിപ്പിക്കും. നെയ്യ് വിളക്ക് വഴിപാടുകാര്‍ക്കുള്ള ദര്‍ശന സൗകര്യം ഉണ്ടാകും. ദശമി ദിവസമായ ഡിസംബര്‍ 10 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങുന്ന ദര്‍ശന സൗകര്യം ദ്വാദശി ദിവസമായ ഡിസംബര്‍ 12ന് രാവിലെ 8 മണി വരെ തുടരും.പതിവ് പൂജകള്‍ക്ക് മാത്രം ക്ഷേത്രം നട അടയ്ക്കും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രം നട അടച്ചതിന് ശേഷം വിവാഹം, ചോറൂണ്‍ ,തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ദേവസ്വം ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ.വികെ വിജയന്‍ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട്,സി മനോജ്, കെപി വിശ്വനാഥന്‍, വിജി രവീന്ദ്രന്‍, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ എന്നിവര്‍ സന്നിഹിതരായി.
ഏകാദശി അക്ഷരശ്ശോകം
ഏകാദശി ദിവസമായ ഡിസംബര്‍ 11 (ബുധനാഴ്ച ) ഉച്ചയ്ക്ക് 2 മണി മുതല്‍ സുവര്‍ണ മുദ്രയ്ക്കായുള്ള എകാദശി അക്ഷരശ്ലോക മല്‍സരം നടക്കും. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് മല്‍സരം.18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പങ്കെടുക്കാം. ഒരു മണി മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates