

ഗുരുവായൂര്‍: നാലര പതിറ്റാണ്ട് മുന്‍പ് ഏകാദശി നാളില്‍ വിട വാങ്ങിയ ഗജരാജന്‍ കേശവന് പുന്നത്തൂര്‍ ആനത്തറവാട്ടിലെ പിന്‍ഗാമികള്‍ പ്രണാമമര്‍പ്പിച്ചു. കേശവനുള്ള ഓര്‍മ്മപ്പൂക്കളുമായി ഒട്ടേറെ ആനപ്രേമികളും പങ്കുചേര്‍ന്നു.
തിരുവെങ്കിടാചലപതി ക്ഷേത്രപരിസരത്ത് നടന്ന ഗജപൂജയ്ക്കും ആനയൂട്ടിനും ശേഷം അനുസ്മരണ ഘോഷയാത്രയോടെയായിരുന്നു തുടക്കം. കേശവന്റെ ഛായാചിത്രം കൊമ്പന്‍ ഇന്ദ്രസെന്‍ വഹിച്ചു കൊണ്ടുള്ള ഗജ ഘോഷയാത്ര രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ എത്തി.
ഗുരുവായൂരപ്പനെ വണങ്ങി ക്ഷേത്രവും രുദ്രതീര്‍ത്ഥവും പ്രദക്ഷിണം ചെയ്ത് ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലുള്ള കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. ബല്‍റാം ശ്രീ ഗുരുവായൂരപ്പന്റെയും ഗോപി കണ്ണന്‍ മഹാലക്ഷ്മിയുടെയും ചിത്രം വഹിച്ചു മറ്റാനകള്‍ കേശവന്റെ പ്രതിമക്കഭിമുഖമായി ശ്രീവത്സത്തിന് പുറത്ത് അണിനിരന്നു. ശ്രീധരന്‍, വിഷ്ണു, ഗോകുല്‍, ചെന്താമരാക്ഷന്‍, കൃഷ്ണ, ഗോപീകൃഷ്ണന്‍, ജൂനിയര്‍ മാധവന്‍, രാജശേഖരന്‍ എന്നിവരും കേശവന്‍ അനുസ്മരണത്തിനായുള്ള ഗജ ഘോഷയാത്രയില്‍ അണിനിരന്നു. ഘോഷയാത്രക്ക് ശേഷം ആനയൂട്ടുമുണ്ടായി.
ഒരാനയ്ക്ക് അനുസ്മരണം നടത്തുന്ന ലോകത്തിലെതന്നെ ഏക ചടങ്ങായതിനാല്‍ കേശവന്‍ അനുസ്മരണം ഗുരുവായൂരിലെ പ്രധാന പെട്ട ചടങ്ങുകളില്‍ ഒന്നാണ്. ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്, ഭരണ സമിതി അംഗങ്ങള്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ആനപ്രേമി സംഘം പ്രസിഡന്റ് കെ പി വിനയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം കോവിഡ് സാഹചര്യത്തില്‍ രണ്ട് ആനകളെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങില്‍ ഒതുക്കുകയായിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates