തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനം. ഗുരുവായൂർ ദേവസ്വം ചെയർമാനായി ഡോ. വികെ വിജയൻ ചുമതലയേറ്റതിന് പിന്നാലെ നടന്ന യോഗത്തിലാണ് തീരുമാനം.
ഇന്നുച്ചയ്ക്ക് ചേർന്ന ആദ്യ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പിസി ദിനേശൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ, അഡ്വ. കെവി മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഗുരുവായൂർ ദേവസ്വത്തിൻ്റെ 15ാമത് ചെയർമാനായാണ് തൃശൂർ ശ്രീ കേരള വർമ്മ കോളേജിലെ റിട്ട: അസോസിയേറ്റ് പ്രൊഫസർ ഡോ. വികെ വിജയൻ ചുമതലയേറ്റത്. ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളായി സർക്കാർ നാമനിർദ്ദേശം ചെയ്ത ഡോ. വികെ വിജയൻ ,ചെങ്ങറ സുരേന്ദ്രൻ എക്സ് എംപി എന്നിവരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് അദ്ദേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത്. തുടർന്ന് ദേവസ്വം കാര്യാലയത്തിലെത്തി അദ്ദേഹവും പുതിയ അംഗം ചെങ്ങറ സുരേന്ദ്രനും ചുമതലയേറ്റു.
യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെവി മോഹന കൃഷ്ണനാണ് ഡോ. വികെ വിജയൻ്റെ പേര് ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ചെങ്ങറ സുരേന്ദ്രൻ പിന്താങ്ങി. തുടർന്ന് ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് ഗുരുവായൂർ ദേവസ്വം ചെയർമാനായി ഡോ. വിജയനെ തിരഞ്ഞെടുത്ത വിവരം ഭക്തജനങ്ങളെ അറിയിച്ചു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പിസി ദിനേശൻ നമ്പൂതിരിപ്പാടാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചത്. ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ സത്യവാചകം ചൊല്ലി കൊടുത്തു. ഭരണ സമിതി അംഗങ്ങളായ അഡ്വ. കെവി മോഹന കൃഷ്ണൻ സ്വാഗതവും മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൃതജ്ഞതയും രേഖപ്പെടുത്തി. അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ പുതിയ അംഗങ്ങള തിരഞ്ഞെടുത്തു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം വായിച്ചു.
എൻകെ അക്ബർ എംഎൽഎ, നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ദേവസ്വം ജീവനക്കാരുടെ സംഘടനാ നേതാക്കൾ, വിവിധ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ ചെയർമാനെയും പുതിയ അംഗം ചെങ്ങറ സുരേന്ദ്രനേയും പൊന്നാടയണിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates