'ക്വാറി ഉടമകളില്‍ നിന്നും പണം വാങ്ങി', സിപിഎം നേതാവിനെതിരെ ആരോപണം; അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം
By സമകാലിക മലയാളം ഡെസ്ക് | Published: 20th March 2022 06:03 PM |
Last Updated: 20th March 2022 06:03 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മൈനിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ മടവൂര്‍ അനിലിനെതിരെ അഴിമതി ആരോപണം. പാറ കടത്തുന്ന ലോറിക്കാരില്‍ നിന്ന് കമ്മീഷന്‍ വാങ്ങുന്നു എന്നാണ് ആക്ഷേപം. സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ ബന്ധു രഞ്ജിത്ത് ഭാസിയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
നഗരൂര്‍ കടവിളയില്‍ വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണത്തിനായി അദാനിക്കുവേണ്ടി പാറ ഖനനം നടത്തുന്ന ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടുത്തെ ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാരനാണ് പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി സിപിഎം മൂന്നംഗ കമ്മീഷനെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതിനിടെ മടവൂര്‍ അനിലിനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ സിപിഎം ജില്ലാ നേതൃത്വം തള്ളി. അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. പരാതി തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് മടവൂര്‍ അനില്‍ പറഞ്ഞു.