

കൊല്ലം; പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച കോവിഡ് ബാധിതൻ ചികിത്സകിട്ടാതെ ആംബുലൻസിൽ മരിച്ചതായി പരാതി. പാരിപ്പള്ളി പള്ളിവിള ജവഹർ ജങ്ഷൻ അശ്വതിയിൽ ബാബു(68)വാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവനക്കാർ എത്താതിരുന്നതിനാൽ അരമണിക്കൂറോളം ആംബുലൻസിൽ കിടക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. മകൾക്കും കൊച്ചുമക്കൾക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ബാബു. ശനിയാഴ്ച രാത്രിയോടെ ആരോഗ്യ സ്ഥിതി മോശമാകുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തു. തുടർന്ന് വാർഡ് കൗൺസിലറെയും ആരോഗ്യപ്രവർത്തകരെയും ബന്ധപ്പെട്ടപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ നിർദേശംലഭിച്ചു. ആരോഗ്യപ്രവർത്തകർ ആംബുലൻസ് ഏർപ്പെടുത്തി വിവരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറിയിച്ചു.
മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിനുമുന്നിൽ എത്തിച്ചെങ്കിലും ഓക്സിജന്റെ അളവ് 60 ശതമാനത്തിലേക്കു താഴ്ന്ന രോഗിയെ ആശുപത്രിയിലേക്കുമാറ്റാൻ ആരുമെത്തിയില്ല. സ്ഥലത്തുണ്ടായിരുന്നവർ ബഹളം വെച്ചെങ്കിലും 15 മിനിറ്റ് കഴിഞ്ഞാണ് സുരക്ഷാവസ്ത്രം ധരിച്ച് ജീവനക്കാരൻ വന്നത്. അപ്പോഴേക്കും ബാബു മരിച്ചു. തുടർന്ന് ആശുപത്രിയിൽ തടിച്ചുകൂടിയവർ ആശുപത്രി ജീവനക്കാരുമായി തർക്കമായി. പാരിപ്പള്ളി പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരവൂർ പോലീസ് സ്വമേധയാ കേസെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates