

ജീവിക്കാൻ വേണ്ടി സ്കൂൾ യൂണിഫോമിൽ മീൻ വിൽപന നടത്തിയ ഹനാൻ എന്ന പെൺകുട്ടിയെ മലയാളികൾ അത്ര വേഗമൊന്നും മറക്കാനിടയില്ല. സോഷ്യൽമീഡിയയിലൂടെ വൈറൽ താരമായ ഹനാനിന്റെ ജീവിത ദുരിതങ്ങൾ പിന്നീട് പല തവണയും വാർത്തകളായിരുന്നു. അഭിനന്ദനങ്ങൾക്കൊപ്പം നിരന്തരം സൈബർ ആക്രമണങ്ങൾക്കും ഹനാൻ ഇരയാകാറുണ്ട്. സോഷ്യൽമീഡിയയിലൂടെ സർക്കാരിന്റെ ദത്തുപുത്രി എന്ന് വിളിച്ച് പരിഹസിക്കുന്നവർക്ക് ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ മറുപടി പറയുകയാണ് ഹനാൻ.
സർക്കാർ ചിലവിൽ ദത്തുപുത്രി സുഖിക്കുന്നു എന്ന് വിലയിരുത്തുന്നതിന് മുൻപ് സത്യാവസ്ഥ അന്വേഷിക്കണമെന്നും ഹനാൻ കുറിപ്പിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും ഒരു പുരസ്‌കാരം വാങ്ങിയിട്ടുണ്ടെന്നാല്ലാതെ മറ്റൊരു ജീവിത ചിലവും സർക്കാരിൽ നിന്നും സ്വീകരിച്ചിട്ടില്ലെന്നും ഹനാൻ ചൂണ്ടിക്കാട്ടി. കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നിൽക്കാൻ മീൻ വിറ്റു ഉപജീവന മാർഗം കണ്ടെത്തിയെന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും ഉണ്ടാകാൻ പാടില്ലെന്നുണ്ടോ എന്നും ഹനാൻ ചോദിക്കുന്നു.
ഹനാനിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്
നീ ചിരിക്കരുത് നിൻ്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം.എങ്ങെനെ എങ്കിലും പച്ച പിടിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോൾ നിനക്കു ചേരുന്നത് പഴയ ജോലിയാണ്. വന്ന വഴി ഒന്നു തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആർക്കും കണ്ടൂടാ, നിൻ്റെ ശബ്ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകൾ സഹിക്കേണ്ടി വരുന്നു ഞാൻ ഇപ്പോഴും.
ഒന്ന് മനസ്സ് തുറന്നു ചിരിക്കാൻ ഉള്ള എൻ്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആർക്കും ഉപദ്രവം ഇല്ലാതെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകുന്നു. എൻ്റെ പ്രവർത്തനങ്ങൾ ഇഷ്ടം ആയി മുഖ്യ മന്ത്രി ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും ഞാൻ സർക്കാരിൽ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടക വീട്ടിൽ ആണ്. സഹായം തരാം എന്ന് പറഞ്ഞ വീട് പോലും ഞാൻ വാങ്ങിയിട്ടില്ല. സർക്കാര് ചിലവിൽ ദത്ത് പുത്രി സുഖിക്കുന്ന് എന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്തു അതിൻ്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചൊതിക്കൂ എല്ലാവരും.
വ്ലോഗ് ചെയ്തും നിരവധി കമ്പനികൾക്ക് പരസ്യങ്ങൾ ചെയ്തും ട്രേഡിംഗ് വഴിയും കിട്ടുന്ന വരുമാനത്തിൽ സ്വന്തം കാലിൽ നിന്ന് അന്തസായി തന്നെയാണ് ഞാൻ ജീവിക്കുന്നത്. ആരോടും കൈ നീട്ടി അല്ല.അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ തന്നെ നോക്കാൻ വീട്ടിൽ ഒരു അനിയൻ കുട്ടൻ ഉണ്ട്. ചില സുഹൃത്തുക്കളും ഉണ്ട്. എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അഞ്ച് വർഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നിൽക്കാൻ മീൻ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതിൽ എന്തെങ്കിലും തെറ്റുണ്ടോ???????
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates