'ക്രൂരമായ പെരുമാറ്റം', താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്കെതിരെ യുവതിയുടെ പോസ്റ്റ്; നടപടി ഉറപ്പെന്ന് ആരോഗ്യമന്ത്രിയുടെ കമന്റ്
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞുമായി ചികിത്സതേടിയപ്പോള്‍ നേരിട്ട ദുരനുഭവം പങ്കുവച്ച യുവതിക്ക് നടപടി ഉറപ്പുനല്‍കി ആരോഗ്യമന്ത്രി. കുഞ്ഞിന്റെ കവിളിലേറ്റ മുറിവുമായി പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ എത്തിയ യുവതിയാണ് ഡോക്ടര്‍ ഉള്‍പ്പെടെയുള്ളരുടെ പെരുമാറ്റത്തെ കുറിച്ച് ആക്ഷേപം ഉന്നയിച്ചത്.
ഷെഫീന കുന്നക്കാവ് ഓഗസ്റ്റ് 12 ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച അനുഭവക്കുറിപ്പില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് തന്നെ പ്രതികരണവുമായി എത്തി. ക്രൂരവും വേദനാജനകവുമായ അനുഭവമാണ് പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ഉണ്ടായത് എന്ന് വിലയിരുത്തിയ മന്ത്രി കുഞ്ഞിനും രക്ഷിതാക്കള്‍ക്കും ഉണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അറിയിച്ചത്. വിഷയം അന്വേഷിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, ക്രൂരമായി പെരുമാറിയ ജീവനക്കാര്‍ക്ക് എതിരെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും എന്നും മന്ത്രി അറിയിച്ചു.
ഷെഫീന കുന്നക്കാവ് പങ്കുവച്ച പോസ്റ്റ് -
അത്രയും വേദനയോടെയാണ് ഞാന്‍ ഇത് പോസ്റ്റ് ചെയ്യുന്നത്,
രാവിലെയാണ് ആമി വീടിനുള്ളില്‍ അവളുടെ ഇക്കാക്കയുമായി കളിക്കുമ്പോള്‍ വീണ് കവിള്‍ മുറിയുന്നത്. #പെരിന്തല്‍മണ്ണഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ കാണിച്ചു. ഒപി എടുത്ത് കാഷ്വാലിറ്റിയില്‍ എത്തി. ഞാനും ഇക്കയും ആമിയും.
കമ്പൗണ്ടര്‍ വന്നു മുറിവ് ക്‌ളീന്‍ ചെയ്തു. ഇക്ക മോളെ മടിയില്‍ വെച്ചിരിക്കുന്നു അയാള്‍ ക്ളീന്‍ ചെയ്യുന്നു നല്ല മനുഷ്യന്‍. നല്ല പെരുമാറ്റം അതിനിടയിലാണ് വേറൊരു ചേച്ചി വന്നത്.
കയറി വരുമ്പോഴേ ഒച്ചപ്പാട്. ഒരു കുട്ടിയെ കാണിക്കാന്‍ എന്തിനാ രണ്ട് പേര് പുറത്തു പോ കല്പനയാണ് അനുസരിക്കാം.തിരക്കുള്ളപ്പോള്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യവും ആണ് പക്ഷെ അവിടെ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആമിക്ക് അപ്പോഴും ചോര പൊടിയുന്നുണ്ട് അതിന്റെ ടെന്‍ഷനില്‍ അവിടെ നിക്കാന്‍ പറ്റുമോ ഇല്ലയോ എന്നൊന്നും ചിന്ത പോയിരുന്നില്ല.പൈസ കൊടുത്തു കാണിക്കുന്ന പ്രൈവറ്റ് ആശുപത്രി അല്ലല്ലോ ഫ്രീ ആയിട്ട് മരുന്നുവാങ്ങുന്നവര്‍. അവരോട് എങ്ങനെയും പെരുമാറാം എന്നുണ്ടോ.കുട്ടിയുടെ ഒപ്പം ഒരാള്‍ മതി ഒരാള്‍ പുറത്തു നിക്കൂ എന്നവര്‍ക്ക് മാന്യമായി പറഞ്ഞൂടെ.
ഇക്ക മോളെ എന്റെ കയ്യില്‍ തന്നു പുറത്തിരുന്നു. ഡോക്ടര്‍ വന്നു. പേഷ്യന്‍സ് അവരോടൊക്കെ എന്തോ തെറ്റ് ചെയ്ത പോലുള്ള പെരുമാറ്റം. ആ ഡോക്ടര്‍ മോളുടെ മുറിവ് പിടിച്ചു രണ്ടു ഞെക്കലാണ്. ചെറിയ കുഞ്ഞല്ലേ ഒരു മയത്തില്‍ ഒക്കെ ചെയ്തിരുന്നെങ്കില്‍ എന്നാഷിച്ചു പോയി. (റീല്‍സില്‍ ഒക്കെ സ്‌നേഹനിധികളായ കുഞ്ഞുങ്ങളെ കളിപ്പിച്ചു പരിശോധിക്കുന്ന ഡോക്ടേഴ്‌സ്‌നെ കാണാം. അത്രയൊന്നും വേണ്ട കുഞ്ഞുങ്ങളെ കൊഞ്ചിപ്പിക്കാന്‍ അല്ല അങ്ങോട്ട് പോവുന്നതും പക്ഷെ ഉപദ്രവിക്കാതിരുന്നൂടെ )
പാവം ആമി ആകെ പേടിച്ചു ചുണ്ടൊക്കെ വിതുമ്പി കരച്ചില്‍ പിടിച്ചു വെച്ച ഓളുടെ മുഖം. ഉള്ളില്‍ മുറിവുണ്ടോ നോക്കണം സര്‍ജന്‍ വന്നുനോക്കി ഒരു സ്റ്റിച് വേണം എന്ന് പറഞ്ഞു പോയി.
സ്റ്റിച് വേണം പറഞ്ഞപ്പോ ഇക്കാക്കും എനിക്കും ഒരു പേടി. ഇക്ക ആദ്യേ ചോദിച്ചിരുന്നു ഇവരുടെ പെരുമാറ്റം ഒക്കെ എന്താ ഇങ്ങനെ ഇതാണ് പ്രൈവറ്റ് ഹോസ്പിറ്റലും ഗവണ്‍മെന്റ് ഹോസ്പിറ്റലും തമ്മിലുള്ള മാറ്റം എന്ന്.
വീണ്ടും ആ ഡോക്ടര്‍ തന്നെവന്നു. സ്റ്റിച് ഇട്ടില്ലേല്‍ കുഴപ്പം ഉണ്ടോ ഞാന്‍ ചോദിച്ചു. എന്ത് ചോദിക്കണം എന്നോ എങ്ങനെ ചോദിക്കണം എന്നോ അറിയാത്ത ഒരവസ്ഥ ആയിരുന്നു അവരുടെ പെരുമാറ്റത്തിന്റെ മുന്‍പില്‍.
എന്നോടാണോ ചോദിക്കുന്നത് നിങ്ങള്‍ക്ക് വേണെമെങ്കില്‍ ഇടാം അല്ലെങ്കില്‍ ഇടണ്ട നെറ്റിയൊക്ക ചുളിച്ചു പിടിച്ചു എന്തോ ഒരു ഭാവം.എന്താണേലും വേഗം തീരുമാനിക്കണം സ്റ്റിച് ചെയ്താല്‍ പാട് ഉണ്ടാവുമോ. കവിളില്‍ തന്നെ മുറിവ് ആയതു കൊണ്ട് പാട് വീഴുമോ എന്നൊരു പേടി കൂടെ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. എന്ത് പാട് അവര്‍ വീണ്ടും ഒച്ചയിട്ടെന്തൊക്കെയോ പറഞ്ഞു.
വീണ്ടും ഞാന്‍ ഉള്ളില്‍ കയറി മോളെ മടിയില്‍ വെച്ചിരുന്നപ്പോള്‍ നിങ്ങള്‍ ഇങ്ങനെ മടീല്‍ വെച്ചിരുന്നാണോ ഞാന്‍ സ്റ്റിച് ചെയ്യണ്ടേ അവിടെ കിടത്ത് ഡോക്ടര്‍ വീണ്ടും ഭയങ്കര ചൂടില്‍ ആണ്. എനിക്ക് അവര്‍ പറയാതെ എങ്ങനെ അറിയാന്‍. ആ ബെഡ് ഇല്ലാത്ത കട്ടിലില്‍ ഒരു ബെഡ് ഷീറ്റില്‍ പൊതിഞ്ഞവളെ കിടത്തി. കാല്‍ എന്നോട് പിടിക്കാന്‍ പറഞ്ഞു കൈ പിടിച്ചു വെക്കാന്‍ ഒരാള്‍ കൂടെ ഉണ്ട്.
അപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു സ്റ്റിച് ചെയ്താല്‍ പാട് വരുകയോ അല്ലെങ്കില്‍ വേറെ എന്തെങ്കിലും പ്രശ്‌നം വരുമെങ്കില്‍ പറയൂ പാട് അറിയാത്ത രീതിയില്‍ ഒക്കെ ഇപ്പോള്‍ ചെയ്യാന്‍ കഴിയുമല്ലോ വേറെ കാണിക്കണമെങ്കില്‍ ഞങ്ങള്‍ അങ്ങനെ കാണിക്കാം അതറിയാന്‍ ആണ് വീണ്ടും വീണ്ടും എന്താണ് മുറിവിന്റെ അവസ്ഥ എന്ന് ചോദിക്കുന്നത്.
പാടില്ലാതിരിക്കാന്‍ ആണ് സ്റ്റിച് ഇടുന്നത് ഒരു സ്റ്റിച് ഉള്ളൂ ന്ന് അപ്പോഴാണ് ആ ഡോക്ടര്‍ ഒന്ന് അതിനെ കുറിച്ച് എന്തെങ്കിലും ഒന്ന് പറഞ്ഞു തന്നതെങ്കിലും.
എന്ത് ചെയ്യണം ന്ന് അറിയാതെ ഞാന്‍ അവളുടെ കാല്‍ പിടിച്ചു വേറൊരാള്‍ കയ്യും ഡോക്ടര്‍ മുഖത്ത് ഒരു തിന്നിട്ടു സ്റ്റിച് വെട്ടി ആ ചേച്ചി ക്ളീന്‍ ചെയ്തു. ആമി ആര്‍ത്തു കരയുന്നു. അത് കണ്ടിട്ടാവണം കൈ പിടിച്ചു വെച്ചിരുന്ന അവിടുത്തെ സ്റ്റാഫ് മോളെ എടുത്തോ ന്ന് പറഞ്ഞത്. ഞാന്‍ എടുത്തതും ആ ചേച്ചി ഭയങ്കര ചൂടാവല്‍ ഒരു കാര്യം ചെയ്ത അത് മുഴുവനാവാതെ ആണോ എടുക്കുന്നെന്നും പറഞ്ഞ്. മോളുടെ മുഖത്ത് പഞ്ഞി വെച്ചൊട്ടിക്കുമ്പോള്‍ പഞ്ഞി മുഖത്തു നിന്ന് താഴെ ചാടിയപ്പോ ഞാന്‍ പിടിച്ചത എന്റെ കൈ ഒറ്റ തട്ട്. ഞങ്ങള്‍ അവിടെ എന്തോ അവരുടെ കാല്‍ പിടിക്കാന്‍ ചെന്ന പോലെ.
അതുവരെ ആമിന്റെ അവസ്ഥ കണ്ട് കണ്ണും നിറച്ചു നിന്ന ഞാനാ. എന്റെ ദേഹത്തു തൊട്ടപ്പോള്‍ ഞാന്‍ പ്രതികരിച്ചു. എന്താണ് നിങ്ങള്‍ ഇങ്ങനെ പെരുമാറുന്നത് ഇതൊരു ഗവണ്‍മെന്റ് ആശുപത്രി ആയതു കൊണ്ടല്ലേ രോഗികളോട് ഇങ്ങനെ പെരുമാറിയാല്‍ മതി എന്നുണ്ടോ നിങ്ങള്‍ ശമ്പളം വാങ്ങി തന്നെ അല്ലെ ജോലി ചെയ്യുന്നത് ഇവിടെ രോഗികള്‍ പൈസ തരുന്നില്ല എന്നത് കൊണ്ടാണോ ഈ പെരുമാറ്റം ന്ന് ഞാന്‍ ചോദിച്ചു.
എനിക്ക് കരച്ചിലും ദേഷ്യവും എല്ലാം വന്നു. പടച്ചോന്‍ സഹായിച്ച് ഇപ്പോള്‍ ആമിയെ കുറച്ചു പ്രയാസം തോന്നിയാലും ഒരു പ്രൈവറ്റ് ആശുപത്രിയില്‍ ഞങ്ങള്‍ക്ക് കൊണ്ട് പോവാന്‍ കഴിഞ്ഞേക്കാം. അങ്ങനെ ഒന്നും കഴിയാത്തയും എത്രയോ മനുഷ്യര്‍ ഉണ്ട്. അങ്ങനെഉള്ളവരെല്ലാം അവരുടെ ആട്ടും തുപ്പും സഹിച്ച് ഓഷാനിച്ചു നിക്കണം എന്നാണോ.
എത്ര സൗകര്യങ്ങള്‍ ഉള്ള ബില്‍ഡിങ്ങുകളും ചുറ്റുപാടുമാണ് ആ ആശുപത്രിക്ക്. എത്ര പുരോഗതി വന്നാലെന്ത് വിഷം നിറഞ്ഞ മനസ്സുകളുടെ അടുത്തേക്കാണ് രോഗികള്‍ ചെന്നു കയറേണ്ടതെങ്കില്‍.ഒരു പ്രതീക്ഷയുടെ പുറത്താണ് വിശ്വാസത്തിന്റെ പുറത്താണ് അങ്ങോട്ട് കയറി പോയത് അത് തെറ്റായി പോയി എന്നിപ്പോള്‍ തോന്നുന്നു. ആ ചേച്ചിയുടെ പേര് ഞാന്‍ നോക്കി PARVATHY. T.
മോളെ കാണിച്ചു കഴിഞ്ഞു ഞാന്‍ ഡോക്ടറോട് പേര് ചോദിച്ചു. എന്താണ് കാരണം പേരെന്തിന് പറയണം എന്നാണവര്‍ ചോദിച്ചത്. ഞാന്‍ പറഞ്ഞു അറിയാന്‍ ആണെന്ന്. എന്തിനറിയണം അറിയേണ്ട കാര്യം പറയാന്‍ ആണവര്‍ പറഞ്ഞത്. എന്റെ മോളെ ചികിത്സിച്ച ഡോക്ടറുടെ പേരെനിക്കറിയണം അത് ചോദിക്കുന്നതും തെറ്റാണോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു സയാനാ.
ഇതിനൊക്കെ പരാതിപെടാന്‍ പറ്റുമോ. ആരോട് പരാതി പറയണം എന്നൊന്നും എനിക്കറിയില്ല.അങ്ങനെ ചിന്തിച്ചു പോവാന്‍ മാത്രം അത്രയും സങ്കടവും ദേഷ്യവും ഇപ്പഴും എന്റെ ഉള്ളില്‍ ഉണ്ട്.ഇത് എഴുതിയത് കൊണ്ട് ഒരു മാറ്റവും വരാന്‍ പോണില്ല എന്നും എനിക്കറിയാം. ഇനിയും എന്നെപോലെ ഒരുപാട് പേര് ഓഷാനിച്ചു നിക്കേണ്ടി വരും.അവര്‍ അവരുടെ പെരുമാറ്റവും അത്‌പോലെ തുടരും ഓരോ മനുഷ്യന്റെയും ദയനീയത ഓര്‍ത്തെനിക്ക് കരയാതിരിക്കാന്‍ കഴിയുന്നില്ല. ഒരാളുടെ കണ്ണീര്‍ പുരണ്ട പണമാണ് നിങ്ങളുടെ സാലറി എങ്കില്‍ അത് കൊണ്ട് എന്ത് നേടിയാലും ഒന്ന് മാത്രം ഉണ്ടാവില്ല സമാധാനം എന്നത് സത്യമാണ്.
ആ വിഭാഗത്തെ മുഴുവന്‍ ഞാന്‍ അടച്ചാക്ഷേപിച്ചതല്ല. നല്ലവരും ഉണ്ട്. പേഴ്‌സണല്‍ ലൈഫ് വരെ മാറ്റി വെച്ച് ഒത്തിരി ത്യാഗം ചെയ്യുന്നവര്‍.
ഒരാളുടെ സമാധാനം കളയുക എന്നതില്‍ പരം മറ്റൊരു ദ്രോഹവും മറ്റൊരാളോടും ചെയ്യാനില്ല. നല്ല രീതിയില്‍ പെരുമാറിയില്ല എങ്കിലും ചീത്ത രീതിയിലേക്ക് പെരുമാറ്റം മാറിപോവാതിരുന്നെങ്കില്‍. ഒന്ന് ശ്വാസം നിലച്ചാല്‍ തീര്‍ന്നു പോവുന്ന മനുഷ്യര്‍ അല്ലെ നമ്മള്‍ എല്ലാം.??
ആരോഗ്യമന്ത്രിയുടെ മറുപടി
പ്രിയ ഷെഫീനാ,
ക്രൂരവും വേദനാജനകവുമായ അനുഭവമാണ് പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ഉണ്ടായത്. കുഞ്ഞിനും ഉമ്മയ്ക്കും ഉപ്പയ്ക്കും ഉണ്ടായ വിഷമത്തില്‍ ഖേദം അറിയിക്കുന്നു. സംഭവം അന്വേഷിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രൂരമായി പെരുമാറിയ ജീവനക്കാര്‍ക്ക് എതിരെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.
Health Minister veena george comments Woman's post against Perinthalmanna taluk hospital staff
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


