

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ പരാമര്‍ശത്തിനെതിരെ അതിജീവിതയുടെ അഭിഭാഷക ടിബി മിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷക കോടതിയില്‍ ഉറങ്ങുകയായിരുന്നോ എന്ന പരാമര്‍ശത്തിനെതിരെയായിരുന്നു ഹര്‍ജി. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടിബി മിനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിചാരണസമയത്ത് പത്തുദിവസത്തില്‍ താഴെമാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും അര മണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും ആ സമയത്ത് ഉറങ്ങുകയാണ് അഭിഭാഷകയുടെ പതിവെന്നും തുടങ്ങിയ വിമര്‍ശനങ്ങള്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ജഡ്ജിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
2026 ജനുവരി 12ന് നടത്തിയ ഈ പരാമര്‍ശം കാരണം തന്റെ ജോലിക്ക് കളങ്കമുണ്ടാക്കിയെന്നും വ്യാപകമായ സൈബര്‍ പ്രചാരണം തനിക്ക് എതിരെ ഉണ്ടായെന്നും ഹര്‍ജിയില്‍ ടിബി മിനി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അഡ്വക്കറ്റ് ജനറലിന് ടിബി മിനി പരാതി നല്‍കിയെങ്കിലും ഈ അപേക്ഷ എജി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates