

കൊച്ചി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ഥനാഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടും ഹൈക്കോടതി നിര്‍ദേശിച്ചു.
മലപ്പുറത്തെ നൂറുള്‍ ഇസ്ലാം സാസ്‌കാരിക സംഘം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണായകമായ ഉത്തരവ്. മലപ്പുറം ജില്ലയില്‍ ഒരു വാണിജ്യ കോംപ്ലക്‌സ് സംഘം പണിതിട്ടുണ്ട്. ഇത് ആരാധനാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഉത്തരവ്.
ആരാധനാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന് പറയുന്ന കെട്ടിടത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സമാനമായ 36 ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെയെങ്കില്‍ എന്തിനാണ് ഈ കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കല്ക്ടറോടും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന വിധി.
അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ക്കെതിരെ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും നടപടിയെടുക്കണം. ഉചിതമായ അപേക്ഷകളില്‍ മാത്രമേ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ഥനാഹാളുകള്‍ക്കും അനുമതി നല്‍കാവൂ. അപേക്ഷ പരിഗണിക്കുമ്പോള്‍ സമാനമായ ആരാധനാലയങ്ങള്‍ തമ്മിലുള്ള അകലം മാനദണ്ഡമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കുന്നത് തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിട്ടുള്ള സന്ദര്‍ഭങ്ങളില്‍ മാത്രമേ കെട്ടിടങ്ങളെ ആരാധനാലയങ്ങളാക്കി മാറ്റാവൂ. ഇത്തരത്തില്‍ അനുമതി നല്‍കുന്നതിന് മുന്‍പ് പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ട് തേടണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates