ബെംഗളൂരു: മലയാളി മാധ്യമപ്രവർത്തകയുടെ മരണത്തിൽ ഭർത്താവിന്റെ മുൻകൂർ ജാമ്യഹർജി കർണാടക ഹൈക്കോടതി തള്ളി. കാസർകോട് വിദ്യാനഗർ സ്വദേശി ശ്രുതി നാരായണൻ (35) മരിച്ച കേസിൽ ഭർത്താവ് അനീഷ് കൊയ്യാടൻ കോറോത്തിന്റെ (42) ഹർജിയാണ് ജസ്റ്റിസ് എച്ച്പി സന്ദേഷ് തള്ളിയത്. കുടുംബാംഗങ്ങൾക്ക് ജാമ്യം ലഭിച്ചു. ബെംഗളൂരുവിലെ ഫ്ളാറ്റിലാണ് ശ്രുതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ, മുൻകൂർജാമ്യം അനുവദിക്കാവുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് എച്ച്.പി. സന്ദേഷ് ഉത്തരവിൽ ചൂണ്ടിക്കാട്ടി. ശ്രുതിയുടെ മരണത്തിനുപിന്നാലെ രണ്ടുമാസത്തിലധികമായി അനീഷ് ഒളിവിലാണ്. ബെംഗളൂരു പോലീസ് കേരളത്തിലുൾപ്പെടെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. അനീഷിന്‍റെ അച്ഛൻ കണ്ണൂർ ശ്രീകണ്ഠാപുരം ചുഴലി കെ. അച്യുതൻ, അമ്മ നളിനി, സഹോദരൻ അജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയാണ് ബെംഗളൂരു സിറ്റി സെഷൻസ് കോടതി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
റോയിട്ടേഴ്‌സിന്റെ ബെംഗളൂരുവിലെ സബ് എഡിറ്ററായ ശ്രുതി നാരായണനെ മാർച്ച് 21-നാണ് വൈറ്റ് ഫീൽഡ് നരഹനഹള്ളിയിലെ ഫ്ളാറ്റിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയിൽ, ആത്മഹത്യാപ്രേരണയ്ക്കും ഗാർഹികപീഡനത്തിനുമുള്ള വകുപ്പുകൾ ചുമത്തി ബെംഗളൂരു വൈറ്റ് ഫീൽഡ് പോലീസാണ് കേസെടുത്തത്. ഭർത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വീട്ടുകാർക്ക് അയച്ച ശബ്ദരേഖയിൽ അനീഷിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. അനീഷ് അടിച്ചുവെന്നടക്കം ശ്രുതി ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്. അതിനിടെ ബെംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ ജർമൻ പരിഭാഷകനായി ജോലിചെയ്ത അനീഷ് വിദേശത്തേക്കു കടന്നിരിക്കാമെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates