

കൊച്ചി: മുന്‍ ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ അഡ്വ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് സ്വമേധയാ വിശിഷ്ട സീനിയര്‍ അഭിഭാഷക പദവി നല്‍കാന്‍ കേരള ഹൈക്കോടതി ഫുള്‍കോര്‍ട്ട് തീരുമാനം. അപേക്ഷ പോലും നല്‍കാതെയാണ് നാല് പതിറ്റാണ്ടിലേറെ നീണ്ട നിയമവൃത്തിയിലെയും പൊതുപ്രവര്‍ത്തനത്തിലെയും സംഭാവനകള്‍ പരിഗണിച്ച് ഹൈക്കോടതി ഫുള്‍കോര്‍ട്ട് ഈ അപൂര്‍വ അംഗീകാരം അദ്ദേഹത്തിന് നല്‍കിയത്. ഗവര്‍ണര്‍ പദവിക്ക് ശേഷം ഈ പദവി നേടുന്ന ആദ്യ വ്യക്തിയാണ് ശ്രീധരന്‍ പിള്ള.
'വിശിഷ്ട സീനിയര്‍ അഭിഭാഷക' പദവിക്കായി അപേക്ഷ നല്‍കുകയോ സ്വമേധയാ തെരഞ്ഞെടുക്കുകയോ ആണ് രീതി. നിശ്ചിത പ്രവര്‍ത്തി പരിചയവും യോഗ്യതയുമുള്ള അഭിഭാഷകര്‍ക്ക് സീനിയര്‍ പദവിക്കായി കോടതിയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായും മുതിര്‍ന്ന രണ്ട് ജഡ്ജിമാര്‍, അഡ്വക്കേറ്റ് ജനറല്‍ അല്ലെങ്കില്‍ അറ്റോണി ജനറല്‍, ബാര്‍ അസോസിയേഷന്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് അപേക്ഷകള്‍ പരിശോധിക്കുന്നത്.
അഭിഭാഷകന്‍ ഹാജരായ പ്രധാന കേസുകള്‍, നിയമരംഗത്തെ സംഭാവനകള്‍, പ്രബന്ധങ്ങള്‍, പ്രവര്‍ത്തി പരിചയം എന്നിവ ഈ സമിതി സൂക്ഷ്മമായി വിലയിരുത്തും. തുടര്‍ന്ന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന അഭിഭാഷകരെ സ്ഥിരം സമിതി നേരിട്ട് അഭിമുഖം നടത്തും. സ്ഥിരം സമിതി ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ എല്ലാ ജഡ്ജിമാരും അടങ്ങുന്ന ഫുള്‍ കോര്‍ട്ട് യോഗത്തില്‍ വയ്ക്കും. തുടര്‍ന്ന് ഏകകണ്ഠമായോ ഭൂരിപക്ഷത്തോടെയോ അംഗീകാരം നല്‍കുന്നതോടെയാണ് ഒരാള്‍ക്ക് ഔദ്യോഗികമായി വിശിഷ്ട സീനിയര്‍ അഭിഭാഷക പദവി ലഭിക്കുന്നത്.
അപേക്ഷ നല്‍കാത്തവര്‍ക്കും അവരുടെ നിയമരംഗത്തെ അസാധാരണ മികവ് പരിഗണിച്ച് അവരുടെ സമ്മതത്തോടെ ഹൈക്കോടതി ഫുള്‍കോര്‍ട്ടിന് സ്വമേധയാ ഈ പദവി നല്‍കാം. അത്തരത്തിലാണ് ശ്രീധരന്‍ പിള്ളയ്ക്കും ഈ ബഹുമതി ലഭിച്ചിരിക്കുന്നത്.
കീഴ്‌ക്കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെ നിരവധി പ്രമാദമായ കേസുകളില്‍ അദ്ദേഹം ഹാജരായിട്ടുണ്ട്. ഇതിന് പുറമേ മാറി വന്ന സര്‍ക്കാരുകള്‍ക്ക് കീഴില്‍ പന്ത്രണ്ടോളം കേസുകളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലായും സിബിഐയുടെ സ്റ്റാന്‍ഡിങ് കൗണ്‍സലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മിസോറാമിലും ഗോവയിലും ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് തവണ തുടര്‍ച്ചയായി കാലിക്കറ്റ് സര്‍വകലാശാലയിലെ രജിസ്‌റ്റേര്‍ഡ് ഗ്രാജുവേറ്റ്‌സ് കോണ്‍സ്റ്റിറ്റ്വന്‍സിയില്‍ നിന്ന് സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഥ, കവിത, ലേഖന സമാഹാരങ്ങളും നീതിയുടെ രാഷ്ട്രീയം, വധശിക്ഷ, ഭാരതത്തിന്റെ ഭരണഘടന, ചിരിയും ചിന്തയും കറുത്ത കോര്‍ട്ടില്‍, ഷാ കമ്മീഷന്‍ എ കോസ് ഫ്രം എ ബറീഡ് റിപ്പോര്‍ട്ട്, വക്കീല്‍ ഡയറി എന്നീ നിയമ പുസ്തകങ്ങളുമടക്കം 280 കൃതികളുടെ കര്‍ത്താവാണ്.
നിയമ ലേഖനത്തിനുള്ള അഡ്വ കെ കുഞ്ഞിരാമ മേനോന്‍ സ്മാരക അവാര്‍ഡ്, മികച്ച പൊതുപ്രവര്‍ത്തകനുള്ള ശ്രീനാഥാശ്രമം അവാര്‍ഡ്, മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്‌കാരം, പോപ്പ് ജോണ്‍ പോള്‍ മാര്‍പാപ്പ സ്മാരക പ്രതിഭാ പുരസ്‌കാരം, എന്‍എസ്എസിന്റെ ചട്ടമ്പി സ്വാമികള്‍ സ്മാരക അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ലോ കോളേജില്‍ നിന്നാണ് അദ്ദേഹം നിയമ ബിരുദമെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates