

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ഹര്‍ജിയില്‍ നിര്‍ണായക നടപടിയുമായി ഹൈക്കോടതി. മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ് എന്നിവ മുദ്ര വെച്ച കവറില്‍ ഹൈക്കോടതിക്ക് നല്‍കാന്‍ നിര്‍ദേശം. ഇവ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാനാണ് വിചാരണ കോടതിക്ക് ജസ്റ്റിസ് സി എസ് ഡയസ് നിര്‍ദേശം നല്‍കി. ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയിലാണ് നടപടി. നടിയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസില്‍ ഒരു മാസത്തിനകം വിശദമായ മറുപടി സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. എന്‍ക്വയറി റിപ്പോര്‍ട്ടും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിലെ മെമ്മറി കാര്‍ഡ് ഇപ്പോഴും വിചാരണക്കോടതിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലാണ്. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടുവെന്നാണ് അതിജീവിതയുടെ പരാതി.
ഇനിയെങ്കിലും മെമ്മറി കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്നും, അതിനായി ഹൈക്കോടതിയുടെ കസ്റ്റഡിയിലേക്ക് മാറ്റണമെന്നും അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയിലെ ആവശ്യം പരിഗണിച്ച ഹൈക്കോടതി, ഈ മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ് എന്നിവ അടിയന്തരമായി സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാനാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിക്ക് നിര്‍ദേശം നല്‍കിയത്. ഇവ സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതില്‍ അന്വേഷണം നടത്തിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആയിരുന്ന ഹണി എം വര്‍ഗീസിന്റെ റിപ്പോര്‍ട്ട് നീതിയുക്തമല്ലെന്നും പക്ഷപാതപരമാണെന്നും, അത് റദ്ദാക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. പല സാക്ഷിമൊഴികളും തെറ്റായി വ്യാഖ്യാനിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോടതി കസ്റ്റഡിയിലിക്കെ മെമ്മറി കാര്‍ഡ് പലപ്പോഴായി തുറന്നിട്ടുണ്ടെന്നും, അതില്‍ അന്വേഷണം നടത്തിയിട്ടും ആര്‍ക്കെതിരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു.
അന്വേഷണ റിപ്പോര്‍ട്ട് കോടതി നടപടികളില്‍ അവിശ്വാസം ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ കോടതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കി പുതിയ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തണം. ഫോറന്‍സിക് വിദഗ്ധരെയും പുതിയ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സൈബര്‍ വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും ഇല്ലാതെയാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മെമ്മറി കാര്‍ഡ് ഇട്ടു പരിശോധിച്ച ഫോണ്‍ കാണാതെ പോയെന്നാണ് എറണാകുളം കോടതിയിലെ ഒരു ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയതെന്ന് അതിജീവിത ആരോപിക്കുന്നു.
ഇയാളുടെ ഫോണ്‍ എവിടെ, എങ്ങിനെ കാണാതെ പോയി എന്നതില്‍ അന്വേഷണം ഉണ്ടായിട്ടില്ല. പ്രത്യേക കോടതിയില്‍ ഉച്ചയ്ക്ക് രണ്ടു തവണ ഒരു ഉദ്യോഗസ്ഥന്‍ മെമ്മറി കാര്‍ഡ് ഫോണില്‍ ഇട്ട് കണ്ടു. ആ ഫോണ്‍ യാത്രയ്ക്കിടെ നഷ്ടമായി എന്നാണ് ആ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്. ഈ മൊഴികളില്‍ അവിശ്വാസമുണ്ട്. എന്തുകൊണ്ട് ഫോണ്‍ നഷ്ടമായതില്‍ ഇവര്‍ പരാതി നല്‍കിയിട്ടില്ല എന്നത് അന്വേഷിച്ചില്ല എന്നും അതിജീവിത ആരോപിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ പിന്മാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates