

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ഒരാഴ്ച മുമ്പേ ലഭിച്ച ഊമക്കത്ത് ഹൈക്കോടതി പരിശോധിക്കും. കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായിയാണ്, തനിക്കു ലഭിച്ചതെന്ന് പറഞ്ഞ് ഊമക്കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയത്. ചീഫ് ജസ്റ്റിസും നാലു മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഇന്നു യോഗം ചേര്‍ന്ന്, കത്തിന്റെ ആധികാരികത അടക്കം പരിശോധനയ്ക്ക് വിധേയമാക്കും.
'ഇന്ത്യന്‍ പൗരന്‍' എന്ന പേരില്‍ ഡിസംബര്‍ 2 -ാം തീയതി വെച്ചുള്ള കത്ത് രജിസ്റ്റേര്‍ഡ് പോസ്റ്റ് ആയിട്ടാണ് കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായിക്ക് അയച്ചത്. ഡിസംബര്‍ ആറിനാണ് ഷേണായിക്ക് കത്തു ലഭിച്ചത്. എട്ടിനു വിധി വന്ന ശേഷം ഈ കത്ത് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ആദ്യ ആറു പ്രതികള്‍ കുറ്റക്കാരാണെന്നും, ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ കുറ്റവിമുക്തരാകുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
കത്തിന്റെ ഉള്ളടക്കം രഹസ്യാത്മകതയുടെ ലംഘനമാണെന്നും, ഹൈക്കോടതി വിജിലന്‍സ് വിംഗ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് യശ്വന്ത് ഷേണായി കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. തനിക്കും സമാനമായ കത്ത് ഡിസംബര്‍ നാലിന് ലഭിച്ചിരുന്നതായി കേരള ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍ പാഷ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. അജ്ഞാതമായ കത്ത് എന്ന നിലയില്‍ ആദ്യം അവഗണിച്ചു. എന്നാല്‍ വിധി വന്നതോടെ ഞെട്ടിപ്പോയി. കത്തിലെ ഉള്ളടക്കവും വിധിയും ഏകദേശം ഒരുപോലെ തന്നെയായിരുന്നു. കമാല്‍ പാഷ പറഞ്ഞു.
കത്തിന്റെ ഉറവിടം അടക്കം സമഗ്രമായ അന്വേഷണം വേണം. നടിയെ ആക്രമിച്ച കേസിലെ ഉത്തരവ് ചോര്‍ന്നിട്ടുണ്ടോയെന്നും അന്വേഷണം വേണമെന്നും കമാല്‍പാഷ ആവശ്യപ്പെടുന്നു. അതേസമയം ഊമക്കത്ത് കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കൈമാറിയതില്‍, അഡ്വക്കേറ്റ്‌സ് അസോസിയേഷനില്‍ ഭിന്നാഭിപ്രായം ഉടലെടുത്തു. അസോസിയേഷനില്‍ ചര്‍ച്ച ചെയ്യുകയോ അറിയിക്കുകയോ ചെയ്യാതെയാണ് ഷേണായി ഊമക്കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതെന്ന് കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം ആര്‍ നന്ദകുമാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates