കൊച്ചി : ഫാൻസി വാഹന നമ്പർ ലേലങ്ങളിൽ ഉയർന്ന തുക വിളിച്ചശേഷം ലേലത്തിൽ നിന്നും പിന്മാറുന്ന പ്രവണതക്ക് അറുതിവരുത്താൻ ഹൈക്കോടതിയും മോട്ടോർ വാഹനവകുപ്പും. വാഹന നമ്പർ സ്വീകരിച്ചാലും ഇല്ലെങ്കിലും ലേലത്തിൽ പറഞ്ഞുറപ്പിച്ച തുക അടക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കൂടുതൽ ഡിമാന്റുള്ള ഫാൻസി നമ്പറുകളിൽ വലിയ തുക ലേലത്തിൽ ഉറപ്പിക്കുകയും ശേഷം പിന്മാറുകയും ചെയ്യുന്നതുമൂലം സർക്കാരിന് വരുമാന നഷ്ടമുണ്ടാകുന്നത് പതിവാണ്. എറണാകുളത്ത് ഫാൻസി നമ്പറിന് വേണ്ടി അഞ്ചു ലക്ഷം രൂപ ലേലം വിളിക്കുകയും തുടർന്ന് മൂവായിരം രൂപയുടെ സാധാരണ നമ്പറിന് അപേക്ഷിക്കുകയും ചെയ്ത കാറുടമയോടാണ് മുഴുവൻ തുകയും കെട്ടിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.
ഒരു ഫാൻസി നമ്പറിനായി ആറു പേർ പങ്കെടുത്ത വാശിയേറിയ ലേലത്തിൽ ഇയാൾ അഞ്ചു ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടു ദിവസത്തിനു ശേഷം ഇത്രയും തുക നൽകാനാവില്ലെന്നും, ആ നമ്പറിന് പകരം മൂവായിരം രൂപയുടെ സാധാരണ നമ്പർ അനുവദിക്കണമെന്നും അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാൽ, ലേലത്തിൽ പങ്കെടുത്ത് ഉറപ്പിക്കുന്ന തുക നിയമപരമായ ബാധ്യതയാണെന്നും, അടക്കേണ്ടത് നിർബന്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
പുതിയ നമ്പർ അനുവദിക്കാമെങ്കിലും ലേലത്തിൽ ഉറപ്പിച്ച അഞ്ചു ലക്ഷം രൂപ അടക്കേണ്ടതാണെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിൽ വീഴ്ചവരുത്തിയാൽ റവന്യൂ കുടിശ്ശികയായി കണക്കാക്കി റിക്കവറി നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സിനിമാ താരങ്ങൾ അടക്കം സെലിബ്രിറ്റികൾ ഉൾപ്പെട്ട ലേലങ്ങളിൽ ശ്രദ്ധയാകർഷിക്കാനായി വലിയ തുകക്ക് ലേലം വിളിക്കുകയും പിന്നീട് പിന്മാറുകയും ചെയ്യുന്ന പ്രവണത കൂടിവരുന്നുണ്ടെന്നും ഇതിലൂടെ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം തടയാൻ വേണ്ട കർശന നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates