

തിരുവനന്തപുരം: ഒമ്പത് വിഷയങ്ങളില്‍ പ്രോഗ്രാം രൂപകല്‍പ്പനക്കും സിലബസ് രൂപീകരണത്തിനുമായി യുജിസി പുറത്തിറക്കിയ മാതൃകാ പാഠ്യപദ്ധതിക്കെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ലേണിംഗ് ഔട്ട്കം അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് യുജിസി പ്രതിലോമകരവും ശാസ്ത്ര വിരുദ്ധവുമായ ഹിന്ദുത്വ ആശയ പരിസരത്തെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പിക്കാനുള്ള ബോധപൂര്‍വ്വകമായ ശ്രമം നടത്തുന്നു. സംഘപരിവാര്‍ അജണ്ടയാണ് പരിഷ്‌കരണത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നും മന്ത്രി കുറ്റപ്പെടുത്തി.
ആന്ത്രോപോളജി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്‌സ്, ജിയോളജി, ഹോം സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, പോളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കായുള്ള കരട് പാഠ്യപദ്ധതിയാണ് പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ ഈ നിര്‍ദ്ദേശങ്ങളോടുള്ള വിയോജിപ്പ് വിശദമായി പഠിച്ച ശേഷം യുജിസിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
മള്‍ട്ടി ഡിസിപ്ലിനറി ഹോളിസ്റ്റിക് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്ന് യുജിസിയും കേന്ദ്രസര്‍ക്കാരും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും മള്‍ട്ടി ഡിസിപ്ലിനറി പഠനം, ഫ്‌ലെക്‌സിബിലിറ്റി മുതലായ ആശയങ്ങളെ പൂര്‍ണ്ണമായും തിരസ്‌കരിച്ചും, ഭാഷാപഠനത്തിന്റെ സാധ്യതകളെ ഒഴിവാക്കിയുമാണ് യുജിസി മാതൃക സിലബസ് പുറത്തിറക്കിയിരിക്കുന്നത്. 'രാമരാജ്യം' പോലുള്ള ആശയങ്ങള്‍ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സമകാലിക പരിസ്ഥിതി-സാമൂഹിക-ഭരണ ചട്ടക്കൂടുകളുടെയും പശ്ചാത്തലത്തില്‍ പര്യവേഷണം ചെയ്യണമെന്നുള്ള നിര്‍ദ്ദേശം, സുസ്ഥിരവികസന പഠനത്തിന് വേദങ്ങള്‍, ഉപനിഷത്തുകള്‍, അര്‍ത്ഥശാസ്ത്രം, മഹാഭാരതം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളില്‍ നിന്നുള്ള ആശയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം, ദീന്‍ദയാല്‍ ഉപാധ്യായ, സവര്‍ക്കര്‍ എന്നിവരുടെ ജീവചരിത്രം എലെക്റ്റിവ് പേപ്പറുകളായി ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം എന്നിവയെല്ലാം നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അസഹിഷ്ണതയും അശാന്തിയും നിറയ്ക്കുന്നതിനും ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചക്കുമാണ് വഴി വെക്കുക.
കേരളത്തില്‍ ഇക്കാര്യങ്ങള്‍ നടത്തിയെടുക്കല്‍ അത്ര എളുപ്പമല്ലെന്നു കണ്ടുകൊണ്ടാണ് കോടതിവിധികളെപ്പോലും മാനിക്കാതെ നിയമവിരുദ്ധമായ രീതിയില്‍ ചാന്‍സലറെ ഉപയോഗിച്ച് ആര്‍എസ്എസ് പാര്‍ശ്വവര്‍ത്തികളെ സര്‍വകലാശാലകളുടെ സമുന്നത പദവികളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത്. ഈ പ്രതിലോമകരമായ പാഠഭാഗങ്ങള്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പോലുള്ള രാജ്യത്തെ സുപ്രധാനമായ മത്സര പരീക്ഷകളുടെ സിലബസിന്റെ ഭാഗമാക്കാനുള്ള തീരുമാനം അപഹാസ്യവും എതിര്‍ക്കപ്പെടേണ്ടതുമാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates