തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർ സെക്കൻഡറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. മാർജിനൽ സീറ്റ് വർധന ഏർപ്പെടുത്താതെ തന്നെ സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം സാധ്യമാകുന്നതിനായി 2015 മുതൽ 2020 വരെയുള്ള ഹയർ സെക്കൻഡറി ഒന്നാം വർഷം പ്രവേശനം നേടിയവരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം നടത്തുകയുണ്ടായി.
പ്രവേശന നടപടികൾ അവസാനിച്ചു കഴിയുമ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലും ഉള്ളത്. 20% മാർജിനൽ സീറ്റ് വർധനയിലൂടെ ലഭ്യമാകുന്ന അധിക സീറ്റുകൾ 61,230 ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പശ്ചാത്തലത്തിൽ 2020 - 21 അധ്യായന വർഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും പൊതു പരീക്ഷകൾ നടത്തേണ്ടതിനാൽ 10,12 ക്ലാസുകളിലെ കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകളുടെ തുടർ പഠനത്തിനും റിവിഷനും സംശയ നിവാരണത്തിനുമായി രക്ഷകർത്താക്കളുടെ സമ്മതത്തോടെ 2021 ജനുവരി ഒന്നു മുതൽ സ്കൂളിലെത്തുന്നതിന് അനുമതി നൽകിയിരുന്നു. കുട്ടികൾ സ്കൂളിൽ എത്തുകയും പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അധ്യാപക- വിദ്യാർത്ഥി ആശയ വിനിമയം സാധ്യമാകുകയും ചെയ്തിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates