

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരന്‍ കെ എന്‍.പണിക്കര്‍ (90) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ചരിത്രകാരൻ, ധൈഷണികൻ, മതനിരപേക്ഷതയുടെ കാവൽക്കാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് കെ എൻ പണിക്കർ.
ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളജില്‍ ബിരുദ വിദ്യാഭ്യാസവും രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും കരസ്ഥമാക്കി. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിരവധി ചരിത്രഗന്ഥനങ്ങള്‍ക്ക് പുറമെ 'കലുഷിതമായ കാലം' എന്ന പേരില്‍ ആത്മകഥയും പുറത്തിറക്കിയിരുന്നു. എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്റ്റേറ്റ്‌സ്: റിലിജിയന്‍ ആന്‍ഡ് പെസന്റെ അപ്റൈസിങ് ഇന്‍ മലബാര്‍, കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്നസ് ഇന്‍ മോഡേണ്‍ ഇന്ത്യ, ബ്രിട്ടീഷ് ഡിപ്ലോമസി ഇന്‍ നോര്‍ത്ത് ഇന്ത്യ, കള്‍ച്ചര്‍ -ഐഡിയോളജി ആന്‍ഡ് ഹെജിമണി: ഇന്റലക്ച്വല്‍സ് ആന്‍ഡ് സോഷ്യല്‍ കോണ്‍ഷ്യസ്‌നെസ്സ് ഇന്‍ കൊളോണിയല്‍ ഇന്ത്യ, കമ്മ്യൂണല്‍ ത്രെട്ട്, സെക്കുലര്‍ ചലഞ്ച്, കണ്ടമ്പററി ഇന്ത്യ: കള്‍ച്ചര്‍ ആന്‍ഡ് പൊളിറ്റിക്‌സ്, ഇന്റെറോഗെറ്റിങ്ങ് കൊളോണിയല്‍ മോഡേണിറ്റി എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. 'ചരിത്രമെന്ന പോര്‍ക്കളം' എന്ന പേരില്‍ പണിക്കരെ കുറിച്ചുള്ള പുസ്തകം 2019ല്‍ പുറത്തിറങ്ങി.
ഗുരുവായൂര്‍ തൈക്കാട്ട് കണ്ടിയൂര്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനാണ്. രാജസ്ഥാനിൻ സ്വദേശിനിയും സഹപാഠിയുമായിരുന്ന പരതേയായ ഉഷയാണ് ഭാര്യ. മക്കൾ : രാഗിണി, ശാലിനി. മരുമക്കൾ : പീതാംബർ, ആർ വി രാമൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates