

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ചരിത്ര നിമിഷമാണെന്ന് അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനി. ഇന്ന് ചരിത്രദിനമാണ്. 33 വർഷം നീണ്ട സ്വപ്നമാണ് യാഥാർത്ഥ്യമായത്. ലോകോത്തര നിലവാരമുള്ള തുറമുഖം നിർമ്മിക്കുമെന്ന വാഗ്ദാനമാണ് പാലിച്ചിരിക്കുന്നത്. സഹകരണത്തിന് കേരളത്തിനും മലയാളികള്‍ക്കും നന്ദിയെന്നും കരണ്‍ അദാനി പറഞ്ഞു.
ഇന്ത്യന്‍ സമുദ്ര ചരിത്രത്തിലെ തിളക്കമാര്‍ന്ന നേട്ടത്തിന്റെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ. വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് ലോകത്തോട് വിളിച്ചുപറയുന്ന ദൂതനാണ് സാന്‍ ഫെര്‍ണാണ്ടോയെന്നും കരൺ അദാനി പറഞ്ഞു. ഇത്തരമൊരു പദ്ധതി പൂർത്തീകരിച്ചതിന് പിന്നിൽ വളരെയേറെ പിന്തുണ ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രതിസന്ധി ഘട്ടങ്ങളിലടക്കം മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പിന്തുണയാണ് നൽകിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പദ്ധതിക്ക് കേന്ദ്രസർക്കാരും മികച്ച സഹകരണമാണ് നൽകിയത്. തിരുവനന്തപുരം എംപി ശശി തരൂർ, അന്തരിച്ച ഉമ്മൻചാണ്ടി തുടങ്ങിയവരും മികച്ച പിന്തുണ നൽകി. രാഷ്ട്രീയവ്യത്യാസം മറന്ന് ഒന്നിച്ച എല്ലാവർക്കും അദാനി ഗ്രൂപ്പിന്റെ നന്ദി അറിയിക്കുന്നതായി കരൺ അദാനി വ്യക്തമാക്കി. പാരിസ്ഥിതികാനുമതി ഉള്‍പ്പെടെയുള്ള അനുമതികള്‍ ലഭിച്ചാല്‍ ഉടന്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ബാക്കിയുള്ള ഘട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒക്ടോബറില്‍ തന്നെ ഇത് സാധ്യമാകുമെന്നാണ് കരുതുന്നതെന്നും കരൺ അദാനി പറഞ്ഞു.
ലോകോത്തര നിലവാരത്തിലുള്ള ഗ്രീന്‍ഫീല്‍ഡ് തുറമുഖം കേരളം യാഥാര്‍ത്ഥ്യമാക്കിയെന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ഇതിനു മുൻകൈയെടുത്ത സംസ്ഥാനസർക്കാരിന് നന്ദി അറിയിക്കുന്നു. വിഴിഞ്ഞം ആദ്യത്തെ ഡീപ് വാട്ടർ ഇന്റർനാഷണൽ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലാണ്. അത്യാധുനികമായ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് നിർമ്മിച്ച അദാനി ഗ്രൂപ്പിനും പ്രത്യേക അഭിനന്ദനമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള തുറമുഖങ്ങള്‍ നിര്‍മ്മിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിലേക്കുള്ള ചുവടുവെപ്പാണ് ഇത്. കൊളംബോ, സിങ്കപ്പൂര്‍ അന്താരാഷ്ട്ര തുറമുഖങ്ങള്‍ക്ക് കടുത്ത മത്സരമാണ് വിഴിഞ്ഞം തുറമുഖം സമ്മാനിക്കുകയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ മാതൃകയിലുള്ള അദാനി ഗ്രൂപ്പിന്റെ സ്‌നേഹോപഹാരം മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിനും കരണ്‍ അദാനി സമ്മാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
