ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ നാലര കിലോ എങ്ങനെ കുറഞ്ഞു?; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

അന്വേഷണവുമായി സഹകരിക്കാനും എല്ലാ രേഖകളും ഉടന്‍ തന്നെ കൈമാറാനും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ഉത്തരവിട്ടു
Sabarimala Temple
Sabarimala Temple ഫയൽ
Updated on
2 min read

കൊച്ചി:  ശബരിമല സന്നിധാനത്തിലെ സ്വര്‍ണപ്പാളി പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പങ്ങളുടെയും പീഠത്തിലെയും തൂക്കത്തിലെ കുറവില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നാലു കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണവുമായി സഹകരിക്കണമെന്നും, എല്ലാ രേഖകളും ഉടന്‍ തന്നെ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Sabarimala Temple
തെക്കന്‍ കേരളത്തിലേക്കും സ്വാധീനം വര്‍ധിപ്പിക്കാന്‍ മുസ്ലിം ലീഗ്, വര്‍ക്കല ആവശ്യപ്പെടും; തിരുവനന്തപുരത്ത് നാലു സീറ്റുകളില്‍ നോട്ടം

പെട്രോളോ മറ്റോ ആണെങ്കില്‍ ആവിയായി പോകാമെന്ന് വിചാരിക്കാം. എന്നാല്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ ഭാരം എങ്ങനെ കുറയുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യം നിസ്സാരമായി കാണാനാകില്ലെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയ്ക്കകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ദേവസ്വം ചീഫ് വിജലന്‍സ് ഓഫീസര്‍ക്ക് ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സത്യം വെളിച്ചം കാണട്ടെയെന്ന് കോടതി നിരീക്ഷിച്ചു. 1999 ല്‍ ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൊതിഞ്ഞതായി രേഖകളുണ്ട്. പിന്നെ എന്തിനാണ് 2019 ല്‍ വീണ്ടും സ്വര്‍ണം പൊതിയാന്‍ കൊണ്ടുപോയതെന്നും കോടതി നേരത്തെ ആരാഞ്ഞിരുന്നു.

ദ്വാരപാലക ശില്പങ്ങളും സ്വര്‍ണപ്പാളികളും പീഠവും 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42. 8 കിലോ ഉണ്ടായിരുന്നു. ഇത് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചശേഷം 38. 258 കിലോയായി കുറഞ്ഞു. ഇതിലാണ് ഹൈക്കോടതി വ്യക്തത തേടിയത്. സ്വര്‍ണപ്പാളികള്‍ക്ക് 25 കിലോ 400 ഗ്രാം ഭാരവും, രണ്ട് പീഠങ്ങള്‍ക്ക് 17 കിലോ 400 ഗ്രാം ഭാരം എന്നിങ്ങനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയ രേഖകളിലുള്ളത്. ചെന്നൈയിലെ അറ്റകുറ്റപ്പണിക്ക് ശേഷം സ്വര്‍ണ്ണപ്പാളികള്‍ ഒന്നര മാസത്തിന് ശേഷമാണ് തിരിച്ചെത്തിക്കുന്നത്.

Sabarimala Temple
വിദേശത്ത് ജോലി വാഗ്ദാനം; പത്ര പരസ്യങ്ങളിൽ വഞ്ചിതരാകുന്നവരുടെ എണ്ണം വർധിക്കുന്നു

അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. ഈ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ തേടിയത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ എത്തിക്കുമ്പോള്‍ ദേവസ്വം ഉദ്യോഗസ്ഥരാരും അനുഗമിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നീട് തിരുവാഭരണം കമ്മീഷണര്‍ തൂക്കം രേഖപ്പെടുത്തിയപ്പോഴാണ് നാലു കിലോയുടെ കുറവ് രേഖപ്പെടുത്തുന്നത്. ദ്വാരപാലകശില്പം പൊതിയാനായി രണ്ടു സെറ്റ് സ്വര്‍ണ പാളികള്‍ സ്‌ട്രോങ്ങ് റൂമില്‍ ഉണ്ടോയെന്നും, രണ്ടാമതൊരു സെറ്റ് ഉണ്ടെങ്കില്‍ അതേപ്പറ്റി കോടതിയെ അറിയിക്കാനും ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വർണ്ണപീഠം നിർമ്മിച്ച് നൽകി : സ്പോൺസർ

അതിനിടെ, ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തിയിരുന്നു. മൂന്ന് പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് പീഠം തയ്യാറാക്കിയത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോഴാണ് പുതിയത് നിര്‍മിച്ചു നൽകിയത്. അളവിൽ വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായി നൽകിയതിനാൽ തിരികെ ചോദിച്ചില്ല. പീഠം സ്ട്രോംഗ് റൂമില്‍ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, പീഠം എവിടെയെന്നതില്‍ ഇപ്പോൾ വ്യക്തതയില്ല. വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി.

Summary

The High Court has ordered an investigation into the shortage in the weight of the gold plates at the Sabarimala shrine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com