

തിരുവനന്തപുരം: ഏറ്റവും വിലപ്പെട്ട നിധിയാണ് കുഞ്ഞുങ്ങള്‍. അവരെ തികഞ്ഞ ശ്രദ്ധയോടെയാണ് എല്ലാവരും വളര്‍ത്തുന്നതും. കുട്ടികളെ അടര്‍ത്തിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ദുഷ്ടശക്തികള്‍ ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവര്‍ക്കും അത്യാവശ്യമാണ്. കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചുവടെ.
കുറിപ്പ്:
ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങള്‍. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളര്‍ത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവര്‍ക്കും അത്യാവശ്യമാണ്.
നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവിടെ കുറിക്കുന്നു.
1.ചുറ്റുപാടുകളെ നിരീക്ഷിക്കാനും മറ്റുള്ളവരെയും അവനവനെത്തന്നെയും അപകടങ്ങളില്‍ നിന്നും രക്ഷിക്കാനും നമ്മുടെ കുട്ടികളെ ബാല്യത്തില്‍ തന്നെ പഠിപ്പിക്കാം.
2. ഒറ്റയ്ക്ക് വീടിനു പുറത്തേക്ക് പോകുന്ന കുട്ടിക്ക് അച്ഛന്റെയോ അമ്മയുടെയോ ഫോണ്‍ നമ്പര്‍ മനപ്പാഠമാക്കി കൊടുക്കുക.
3. ഏതു വശം ചേര്‍ന്നാണ് റോഡിലൂടെ നടക്കേണ്ടതെന്ന് വ്യക്തമായി പറഞ്ഞു മനസ്സിലാക്കുക. എതിരെ വരുന്ന വാഹനം വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയില്‍ നടക്കാന്‍ പഠിപ്പിക്കുക. റോഡിന്റെ അരികു ചേര്‍ന്ന് നടക്കാനും ഉപദേശിക്കാം.
4. ഏതെങ്കിലും വാഹനം അടുത്തേയ്ക്ക് വന്ന് നിര്‍ത്തിയാല്‍ കഴിവതും അതിനടുത്തേക്ക് പോകാതിരിക്കാന്‍ കുട്ടികളോട് പറഞ്ഞു കൊടുക്കുക.
5. വാഹനത്തില്‍ കളിപ്പാട്ടം അല്ലെങ്കില്‍ മിഠായി ഉണ്ടെന്നും അതു നല്‍കാമെന്നുമൊക്കെ പറഞ്ഞാലും പറയുന്നവര്‍ അപരിചിതരാണെങ്കില്‍ പ്രത്യേകിച്ചും ആ വാഹനത്തില്‍ കയറരുതെന്നും അടുത്തേക്ക് പോവുക പോലും ചെയ്യരുതെന്നും കുഞ്ഞിനെ ഉപദേശിക്കുക.
6. അഥവാ അപകടം തോന്നിയാല്‍ സുരക്ഷിതമായ ഇടങ്ങള്‍ ഏതൊക്കെയാണെന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക. അച്ഛന്‍, അമ്മ എന്നിവരെ കൂടാതെ ആരൊക്കെയാണ് അത്യാവശ്യ ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന ആളുകള്‍ എന്ന് കുട്ടിക്ക് സ്ഥിരമായി പറഞ്ഞു കൊടുക്കുക. ഏതെങ്കിലും വാഹനം പിന്തുടരുന്നു എന്ന് തോന്നിയാല്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനും അതിനു ശേഷം അച്ഛനോ അമ്മയോ എത്തുംവരെ അവിടെ കാത്ത് നില്‍ക്കാനും നിര്‍ദ്ദേശിക്കുക.
7. കുട്ടികള്‍ എപ്പോഴും എല്ലാ കാര്യങ്ങളും അച്ഛനമ്മമാരോട് പറയണമെന്നില്ല. പേടി തോന്നിയ അവസരങ്ങളുണ്ടോ? എന്ന് ചോദിച്ചു മനസിലാക്കുന്നതാണ് നല്ലത്.
8. റോഡില്‍ ഏതെങ്കിലും ആളുകളോ വാഹനമോ സംശയം ജനിപ്പിക്കുന്നതായി കുട്ടി നിങ്ങളോട് പറഞ്ഞാല്‍ അതിനെ നിസ്സാരമായി തള്ളിക്കളയരുത്. കുഞ്ഞുങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള സമയം കണ്ടെത്തുക.
9. ആരെങ്കിലും ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിയാല്‍ ഉറക്കെ കരയാന്‍ പഠിപ്പിക്കുക. ആവശ്യമെങ്കില്‍ ഇത് ചെയ്യാന്‍ പ്രാക്ടീസ് നല്‍കുക.
10. പൊതുവെ സ്വന്തം അഡ്രസ്സും ഫോണ്‍ നമ്പറും പറയാനറിയാത്ത ദുര്‍ബലരെന്ന് തോന്നുന്ന കുട്ടികളെയാണ് ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ നോട്ടമിടാറുള്ളത്. അതിനാല്‍ കുട്ടികളെ ആത്മവിശ്വാസത്തോടെ റോഡ് ഉപയോഗിക്കാന്‍ പഠിപ്പിക്കുക.
11.അപകടസാഹചര്യങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ വിസില്‍മുഴക്കാന്‍ കുട്ടിയെ ഉപദേശിക്കുകയും, സ്‌ക്കൂള്‍ ബാഗിന്റെ വലതുവശത്ത് ഒരു നാടയില്‍ വിസില്‍ കോര്‍ത്തിടാവുന്നതും ആണ്.
12.പരിചയമില്ലാത്ത വാഹനങ്ങളില്‍ ലിഫ്റ്റ് ആവശ്യപ്പെടുന്ന ശീലം പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ പറയുക.
ഇനി ഒരു കുരുന്നു പോലും റോഡുകളില്‍ അപ്രത്യക്ഷമാവാതിരിക്കട്ടെ
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates