

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു സമ്മര്‍ദം ഉണ്ടായിരുന്നതായി, പ്രത്യേക അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കിയ സിബി മാത്യൂസ്. രാഷ്ട്രസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നു ചൂണ്ടിക്കാട്ടി നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഐബി സമ്മര്‍ദം ചെലുത്തിയതായി സിബി മാത്യൂസ് പറയുന്നു.
ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിനു സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍, തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലാണ് സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍. കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്. കേസില്‍ താന്‍ ഗൂഢാലോചന നടത്തിയിരുന്നെങ്കില്‍ സിബിഐയ്ക്കു കൈമാറാന്‍ ശുപാര്‍ശ ചെയ്യുമായിരുന്നോയെന്ന് ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് ചോദിക്കുന്നു.
വിസ കാലാവധി തീര്‍ന്നിട്ടും രാജ്യത്തു തങ്ങിയതിനെത്തുടര്‍ന്നാണ് മാലി സ്വദേശിയായ മറിയം റഷീദയെ അറസ്റ്റ് ചെയ്തത്. ഐഎസ്ആര്‍ഒയിലെ ചില ശാസ്ത്രജ്ഞരുമായി ഇവര്‍ക്കു ബന്ധമുള്ളതായി സംശയങ്ങള്‍ ഉയര്‍ന്നു. ഇവര്‍ ബന്ധപ്പെട്ടതായി സംശയിക്കുന്നവരുടെ വിവരങ്ങള്‍ നല്‍കിയത് ഐബിയും റോയുമാണ്. ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍ബി ശ്രീകുമാറിന്റെ നിര്‍ദേശം അനുസരിച്ചാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മറിയം റഷീദയ്ക്കും മറ്റൊരു മാലി വനിതയായ ഫൗസിയ ഹസനും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനുമായി ബന്ധമുണ്ടെന്നും ആ റിപ്പോര്‍ട്ടിലുണ്ട്.
റഷന്‍ സ്‌പെയ്‌സ് ഏജന്‍സിയായ ഗ്ലാവ്‌കോസ്‌മോസിന്റെ ഇന്ത്യന്‍ പ്രതിനിധി ചന്ദ്രശേഖരന്‍, മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ശശികുമാര്‍ എന്നിവരുടെ ഇടപെടലുകള്‍ മറിയം റഷീദയെ ചോദ്യം ചെയ്തതില്‍നിന്നു വ്യക്തമായതാണെന്ന് സിബി മാത്യൂസ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് നമ്പി നാരായണന്റെ പങ്ക് വെളിച്ചത്തു വന്നു. ഇതിനകം തന്നെ നമ്പിയെ അറസ്റ്റ് ചെയ്യാന്‍ ഐബി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം തുടങ്ങിയിരുന്നു. നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യണമന്നായിരുന്നു ആവശ്യം. രാഷ്ട്രസുരക്ഷയെ ബാധിക്കുന്ന കേസ് ആണെന്നും ഉയര്‍ന്ന പദവികളില്‍ ആയതുകൊണ്ട് നടപടി ഒഴിവാക്കാനാവില്ലെന്നുമായിരുന്നു ഐബി പറഞ്ഞത്.
ഫൗസിയ ഹസനെ ചോദ്യംചെയ്തതില്‍നിന്ന് കൊളംബോ-ചെന്നൈ-തിരുവനന്തപുരം-മാലിദ്വീപ് എന്നിങ്ങനെ പ്രവര്‍ത്തിക്കുന്ന ചാരശൃംഖലയുടെ വിവരങ്ങള്‍ ലഭിച്ചതായി സിബി മാത്യൂസ് ജാമ്യാപേക്ഷയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates