

മരണക്കെണികൾ മൂലം മരിച്ചത് 24 പേർ. അനധികൃത വൈദ്യുത വേലികളിൽ തട്ടി കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മരിച്ചവരുടെ എണ്ണമാണിത്. മുൻവർഷത്തെക്കാൾ അനധികൃ വൈദ്യുതി വേലി (Illegal power fences)കാരണമുള്ള മരണനിരക്ക് ഈ വർഷം വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം 16 പേരാണ് നിയമവിരുദ്ധമായി നിർമ്മിച്ച വേലികാരണം മരണമടഞ്ഞത്,
കഴിഞ്ഞ വർഷം (2024) ഏപ്രിൽ മുതൽ ഈ വർഷം (2025) മാർച്ച് വരെ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് പാലക്കാടാണ്. 10 പേരാണ് ഇവിടെ അനധികൃത വൈദ്യുതിവേലി കാരണം മരണമടഞ്ഞത്, തൃശൂർ അഞ്ച് , മലപ്പുറം മൂന്ന്. പത്തനംതിട്ടയിൽ രണ്ട് പേരും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരും ഇങ്ങനെയുണ്ടായ അപകടത്തിൽ മരിച്ചതായി സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, വൈദ്യുതി അപകടങ്ങൾ മൂലം ആകെ 241പേർ ഈ കാലയളവിൽ മരിച്ചു, മുൻ വർഷത്തേക്കാൾ മരണനിരക്ക് ഗണ്യമായി വർദ്ധിച്ചു. കഴിഞ്ഞവർഷം 205 പേരാണ് ഇങ്ങനെ മരണമടഞ്ഞത്. മാരകമല്ലാത്ത പരിക്കുകൾ സംഭവിച്ചവരുടെ എണ്ണം 109 ൽ നിന്ന് 140 ആയി ഉയർന്നു.
വന്യജീവി ആക്രമണങ്ങളിൽ നിന്ന് കൃഷിയിടത്തെ രക്ഷിക്കാനായി കർഷകർ സ്ഥാപിച്ച അനധികൃത വേലികളായിരുന്നു ഇവയിൽ ഏറിയ പങ്കും. ശാസ്ത്രീയവും സുരക്ഷിതവും നിയമപരവുമായ വൈദ്യുതി വേലികൾ സ്ഥാപിച്ചിരുന്നെങ്കിൽ ആളപായങ്ങൾ ഒഴിവാക്കാമായിരുന്നെന്ന് സംസ്ഥാനത്തെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വിനോദ് ജി പറഞ്ഞു. പതിനായിരം രൂപ മുടക്കി ഐ.എസ്.ഐ അംഗീകാരമുള്ള 'ഫെൻസ് എനർജൈസർ' എന്നൊരു ഉപകരണം ഘടിപ്പിച്ചാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ആളപായവുമുണ്ടാകില്ല, മൃഗശല്യവും തടയാൻ കഴിയും. .
നിയമപ്രകാരം വൈദ്യുതവേലികൾക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഫെൻസ് എനർജൈസർ വൈദ്യുതിയെ അതിന്റെ തുടർച്ച മുറിച്ച് ഉയർന്ന വോൾട്ടേജിലുള്ള പൾസുകളായാണ് വേലിയിൽ കൂടി കടത്തിവിടുക. തുടർച്ചയായി വൈദ്യുതി പ്രവഹിക്കുന്ന വേലിയുമായി സ്പർശനം ഉണ്ടായാൽ അത് മരണകാരണമാകും. എന്നാൽ പൾസുകളായി ഇടവിട്ട് വൈദ്യുതി പ്രവഹിക്കുമ്പോൾ വേലിയിൽ പിടിച്ചാൽ ശക്തിയായൊരു തട്ട് കിട്ടിയത് പോലെ തെറിച്ച് മാറുകയാവും സംഭവിക്കുക.അതിനാൽ മൃഗശല്യം തടയാനും കഴിയും.
അനധികൃത വേലികളുടെ പ്രശ്നം അടുത്തിടെ ഉന്നതതല സമിതി ചർച്ച ചെയ്തിരുന്നുവെന്ന് വിനോദ് പറഞ്ഞു. "അതിന്റെ അടിസ്ഥാനത്തിൽ, അനധികൃത വേലികൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സൂക്ഷ്മതല-സമിതികൾ രൂപീകരിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പകടറേറ്റ് സർക്കാരിനോട് ശുപാർശ ചെയ്യും. വനപ്രദേശങ്ങളിൽ വൈദ്യുതി വിതരണത്തിനായി ഇൻസുലേറ്റഡ് കേബിളുകൾ ഉപയോഗിക്കുന്നതിനും പ്രേരിപ്പിക്കും. കെഎസ്‌ഇബി ലൈനുകളിൽ നിന്ന് ആളുകൾ നേരിട്ട് വേലികളിൽ വൈദ്യുതി ഉപയോഗിക്കുന്നത് തടയുന്നതിനാണിത്," അദ്ദേഹം പറഞ്ഞു.
കാട്ടുപന്നികളെ കുടുക്കാൻ സാമൂഹിക വിരുദ്ധർ വൈദ്യുതി വേലികൾ ഉപയോഗിക്കുന്നത് ആശങ്കയ്ക്ക് മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. "ഇത്തരം സംഘങ്ങൾ മാംസക്കച്ചവടത്തിനായി മൃഗങ്ങളെ കുടുക്കുന്നു. കെഎസ്ഇബി ലൈനുമായി നേരിട്ട് വേലി ബന്ധിപ്പിക്കും. ഇതറിയാത്ത ഭൂവുടമകളോ വഴിയാത്രക്കാരോ ആയിരിക്കും ഇവിടെ അപകടത്തിന് ഇരായവുക," വിനോദ് പറഞ്ഞു.
അനധികൃത വേലികൾ കൂടുതലും വിദൂര വന അതിർത്തികളിലാണ് സ്ഥാപിച്ചിരിക്കുന്നത്, ഇത് നിരീക്ഷണം ബുദ്ധിമുട്ടാക്കുന്നുവെന്ന് പാലക്കാട് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സുജേഷ് പി. ഗോപി പറഞ്ഞു.
"അവർ സ്ഥാപിച്ച വേലിയിൽ തട്ടി ആളുകൾ മരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ആളുകൾ വേലിയിൽ ചാർജ്ജ് ചെയ്യുന്നു, ചിലപ്പോൾ രാവിലെ കണക്ഷൻ വിച്ഛേദിക്കാൻ അവർ മറക്കും," അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത്, 2024-25 ൽ വൈദ്യുതിയുമായി ബന്ധപ്പെട്ട് ആകെ 455 അപകടങ്ങൾ ഉണ്ടായി, കഴിഞ്ഞ വർഷം 362 അപകടങ്ങളാണ് സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച മരണങ്ങളിൽ ഇരുപത് ശതമാനത്തോളം തടയാവുന്നതായിരുന്നു. കാരണം ഇവ സംഭവിച്ചത് രണ്ട് കാരണങ്ങളാലായിരുന്നു. - നിയമവിരുദ്ധമായ വൈദ്യുതി വേലികളും വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ് കമ്പി/ഗോവണി ഉപയോഗവും. ഇരുമ്പ് കമ്പി/ഗോവണി ഉപയോഗത്തിലൂടെ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇരട്ടിയായി. മുൻ വർഷം ഇങ്ങനെ മരിച്ചത് 11 പേരായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം മരണസംഖ്യ 22 ആയി ഉയർന്നു.
തുടർച്ചയായ അഞ്ചാം വർഷവും പാലക്കാട് ആണ് ഏറ്റവും കൂടുതൽ വൈദ്യുത അപകടങ്ങളും മരണവും റിപ്പോർട്ട് ചെയ്തത്, 59 അപകടങ്ങളും 32 മരണവും . 53 കേസുകൾ റിപ്പോർട്ട് ചെയ്ത തൃശൂരാണ് പാലക്കാട് കഴിഞ്ഞാൽ കൂടുതൽ വൈദ്യുതി അപകടങ്ങൾ സംഭവിച്ച ജില്ല. 31 സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത കൊല്ലമാണ്. പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം നടന്ന ജില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates