''വിജയാ, വാ കയറിയിരിക്ക്', ശരിക്കും ഞെട്ടിപ്പോയി; ഇനിയുണ്ടാകുമോ അതുപോലൊരു നേതാവ്?'

'ചാണ്ടി സാറിന്റെ സ്മൃതികുടീരത്തിന്  മുന്നിൽ കൈകൂപ്പി കണ്ണടച്ച് നിന്നപ്പോൾ ഓർമ്മകളിൽ തെളിഞ്ഞത് ചിരിക്കുന്ന ആ മുഖമാണ്'
ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടിയുടെ സ്മൃതി കുടീരത്തിൽ വിജയൻ/ ഫെയ്സ്ബുക്ക്
ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടിയുടെ സ്മൃതി കുടീരത്തിൽ വിജയൻ/ ഫെയ്സ്ബുക്ക്
Updated on
2 min read

ന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മൃതിമണ്ഡപത്തിൽ എത്തി ആദരമർപ്പിച്ച് ഫുട്ബോൾ താരം ഐഎം വിജയൻ. ജീവിതത്തിൽ തനിക്കേറെ കടപ്പാടുള്ള വലിയ മനുഷ്യനാണ് അദ്ദേഹം എന്നാണ് വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചാണ്ടി സാറിന്റെ സ്മൃതികുടീരത്തിന്  മുന്നിൽ കൈകൂപ്പി കണ്ണടച്ച് നിന്നപ്പോൾ ഓർമ്മകളിൽ തെളിഞ്ഞത് ചിരിക്കുന്ന ആ മുഖമാണ്. ഉമ്മൻ ചാണ്ടിയുമായുള്ള ഓർമകളും അദ്ദേഹം പങ്കുവച്ചു. 

ഐഎം വിജയന്റെ കുറിപ്പ് വായിക്കാം

ഒരുപാട് ഓർമ്മകൾ വന്ന് മനസ്സിനെ മൂടി ഉമ്മൻ ചാണ്ടി സാറിന്റെ കുഴിമാടത്തിന് മുന്നിൽ ചെന്ന് നിന്നപ്പോൾ. ജീവിതത്തിൽ എനിക്കേറെ കടപ്പാടുള്ള  ഒരു വലിയ മനുഷ്യൻ. ആ ഓർമ്മകൾക്ക് മുൻപിൽ എത്ര തൊഴുതാലാണ് എനിക്ക് മതിയാകുക?
കോടിയേരി സാർ ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്താണ് ഞാൻ  സർവീസിൽ പുനഃപ്രവേശിക്കുന്നത്; 2011 ൽ. തൊട്ടു പിന്നാലെ പൊതു തിരഞ്ഞെടുപ്പ് വന്നു. ആ സമയത്താണ് ഞെട്ടലോടെ ഒരു കാര്യം അറിഞ്ഞത്. എന്റെ നിയമന ഉത്തരവിന്റെ ഫയൽ നമ്പർ കാണാനില്ല. സർവീസിൽ ജോയിൻ ചെയ്തിരുന്നെങ്കിലും ഔദ്യോഗിക രേഖ ഇല്ലെങ്കിൽ എന്തു ചെയ്യും?  ആകെ അനിശ്ചിതത്വം. 
തിരഞ്ഞെടുപ്പുകാലമായതിനാൽ ആരോട് ചോദിച്ചിട്ടും കൃത്യമായ ഉത്തരം ലഭിക്കാത്ത അവസ്ഥ. ആറു മാസമാണ് ഞാൻ ആ ഫയൽ നമ്പറിന് വേണ്ടി സെക്രട്ടേറിയറ്റിൽ കയറിയിറങ്ങിയത്. അതിനകം യു ഡി എഫ് ഭരണത്തിലേറിയിരുന്നു. ഭരണമാറ്റത്തിന്റെ സമയമായതുകൊണ്ട് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ ആർക്കുമില്ല സമയം. എല്ലാവരും തിരക്കിലാണ്. 
പക്ഷേ  എന്റെ പ്രശ്നത്തിന്റെ ഗൗരവം എനിക്കല്ലേ അറിയൂ. അടുത്ത് പരിചയമുള്ള സി പി ഐ നേതാവ് സുനിൽ കുമാർ സാറിനെ ചെന്നു കണ്ട് കാര്യം ഉണർത്തിച്ചു. ക്യാബിനറ്റ് യോഗം നടക്കുന്ന ദിവസമാണ്. സുനിൽ കുമാർ സാർ എന്നെയും കൊണ്ട് മുഖ്യമന്ത്രിയുടെ ക്യാബിനിൽ ചെല്ലുന്നു.  ഒരു ഉത്സവത്തിനുള്ള ആളുണ്ടവിടെ. പല വിധ ആവശ്യങ്ങളുമായി വന്നവർ. എല്ലാവരുടെയും പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുകയാണ് മുഖ്യമന്ത്രി. തിരക്കിനിടയിൽ  എന്നെ പരിചയപ്പെടുത്തിക്കൊണ്ട് സുനിൽ കുമാർ സാർ പറയുന്നു : "വിജയന് അങ്ങയോട് എന്തോ കാര്യം പറയാനുണ്ട്.."
ഞാൻ പറഞ്ഞുതുടങ്ങിയതും ഉമ്മൻ ചാണ്ടി സാർ ചിരിച്ചുകൊണ്ട് ഇടപെട്ടു: "വിജയൻ, ഒരു കാര്യം ചെയ്യൂ. കുറച്ചു നേരം  ആ ലിഫ്റ്റിന്റെ അടുത്ത് കാത്തുനിൽക്കൂ. അധികം വൈകാതെ  ഞാൻ അവിടെയെത്തും. നമുക്കൊരുമിച്ചു ലിഫ്റ്റിൽ പോകാം.  അപ്പോൾ സംസാരിക്കാമല്ലോ..."
അത്ഭുതമായിരുന്നു എനിക്ക്. ശ്വാസം വിടാൻ പോലും സമയമില്ലാത്ത വ്യക്തി എനിക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തുകയാണ്. 
ക്ഷമയോടെ കാത്തുനിന്നു ഞാൻ. ഒരു മണിക്കൂറോളമെടുത്തു തിരക്കിനിടയിൽ നിന്ന്  മോചിതനായി അദ്ദേഹം ലിഫ്റ്റിനടുത്തെത്താൻ. ലിഫ്റ്റ് വന്നതും മുഖ്യമന്ത്രിക്ക് പിന്നാലെ അകത്തു കയറിപ്പറ്റാൻ വലിയൊരു പുരുഷാരം തിടുക്കം കൂട്ടുന്ന കാഴ്ചയാണ്  കണ്ടത്. ആ തിരക്കിൽ എനിക്ക് ഇടിച്ചുകയറാനുള്ള ത്രാണി ഉണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടു നിൽക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചാണ്ടി സാറിന്റെ ശബ്ദം: "എവിടെ നമ്മുടെ വിജയൻ?"
ശ്വാസം നേരെ വീണത് അപ്പോഴാണ്. ഒട്ടും സമയം പാഴാക്കാതെ തിരക്കിനിടയിലൂടെ ലിഫ്റ്റിൽ കയറിപ്പറ്റി; മുഖ്യമന്ത്രിയുടെ ഒരു കൈ സഹായത്തോടെ. ലിഫ്റ്റിലെ ശബ്ദാകോലാഹലത്തിനിടയിൽ  പരസ്പരം സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല ഞങ്ങൾ.  ലിഫ്റ്റിൽ നിന്ന്  പുറത്തിറങ്ങിയതും മുന്നിൽ മുഖ്യമന്ത്രിയുടെ  ഔദ്യോഗിക വാഹനം വന്നു നിന്നതും ഒപ്പം.  
വിഷമം തോന്നി. ചാണ്ടി സാർ  ഉടൻ കാറിൽ കയറി പോകും. എന്റെ ആവലാതികൾ ഇനിയെങ്ങനെ അദ്ദേഹത്തെ ധരിപ്പിക്കാൻ ?
പക്ഷേ തെല്ലും പ്രതീക്ഷിക്കാത്ത കാര്യമാണ്  സംഭവിച്ചത്. വാതിൽ തുറന്ന് കാറിൽ  കയറിയിരുന്ന ശേഷം ഉമ്മൻ ചാണ്ടി സാർ പറഞ്ഞു: "വിജയാ, വാ, കയറിയിരിക്ക്.."
ശരിക്കും ഞെട്ടിപ്പോയി ഞാൻ; ചുറ്റുമുള്ളവരും. തെല്ലൊരു സങ്കോചത്തോടെ ഞാൻ പിൻ സീറ്റിൽ  അദ്ദേഹത്തിന് തൊട്ടടുത്തിരുന്നു. മറ്റൊരു കായികതാരത്തിനും കിട്ടാനിടയില്ലാത്ത സൗഭാഗ്യമാണ് എനിക്ക് വീണുകിട്ടിയിരിക്കുന്നത്; സംസ്ഥാന മുഖ്യമന്ത്രിയോടൊപ്പം കാറിൽ ഒരുമിച്ചിരുന്ന് യാത്ര ചെയ്യുക.  
സീറ്റിന്റെ അറ്റത്ത് പരുങ്ങിയിരുന്ന എന്നോട് ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചോദ്യം: "എന്താ വിജയാ നിന്റെ  പ്രശ്നം?"
സെക്രട്ടേറിയറ്റിലേക്കുള്ള യാത്രാമധ്യേ എന്റെ പ്രശ്നം ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചു, ക്ഷമയോടെ എല്ലാം കേട്ടിരുന്നു അദ്ദേഹം. എന്നിട്ട് സ്വതഃസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു: "ടെൻഷൻ വേണ്ട, എല്ലാം നമുക്ക് ശരിയാക്കാം." വെറുമൊരു ആശ്വാസവാക്കല്ല അതെന്ന്   മുഖത്തെ സൗമ്യമായ ചിരി വിളിച്ചുപറയുന്നുണ്ടായിരുന്നു. യാത്ര പറഞ്ഞു പിരിയുമ്പോൾ പുറത്തുതട്ടിക്കൊണ്ട് അദ്ദേഹം വീണ്ടും പറഞ്ഞു: "ഞാനല്ലേ പറയുന്നത്, സമാധാനമായി പോകൂ.."
ഒരു മാസത്തിനകം എനിക്ക് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ  ആയി  നിയമന ഉത്തരവ് ലഭിക്കുന്നു. മേലുദ്യോഗസ്ഥനായ  ഷറഫലി സാർ ആണ് ഓർഡർ എടുത്തു തന്നത്. ഉത്തരവ് ലഭിച്ചതും നേരെ ചെന്ന് മുഖ്യമന്ത്രിയെ കണ്ടു; നന്ദി പറയാൻ. അഭിനന്ദനങ്ങളോടെയാണ് അദ്ദേഹം എന്നെ യാത്രയാക്കിയത്. പിറ്റേന്ന് തന്നെ ഞാൻ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
ആ നാളുകളിലാണ്  ഡീഗോ മാറഡോണയുടെ കേരള സന്ദർശനം. തൊട്ടു പിന്നാലെ ഷറഫലി സാർ എനിക്ക്  ഡബിൾ പ്രമോഷൻ ശുപാർശ ചെയ്യുന്നു. പ്രമോഷൻ ആഗ്രഹിച്ചിരുന്നെങ്കിലും ഡബിൾ പ്രമോഷൻ കിട്ടുമെന്ന് പ്രതീക്ഷയില്ല. ശുപാർശ  ക്യാബിനറ്റിൽ വെച്ചപ്പോൾ  മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും  ഗണേഷ് കുമാറും ഓക്കേ ചെയ്‌തെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. 
ഒരു മറുചോദ്യം പോലുമില്ലാതെ ഉത്തരവിൽ ഒപ്പിട്ടു ഉമ്മൻ ചാണ്ടി സാർ; "നമ്മുടെ വിജയനല്ലേ" എന്ന ഒരേയൊരു  ചോദ്യത്തോടെ. 
കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി സാറിന്റെ സ്മൃതികുടീരത്തിന്  മുന്നിൽ കൈകൂപ്പി കണ്ണടച്ച് നിന്നപ്പോൾ ഓർമ്മകളിൽ തെളിഞ്ഞത് ചിരിക്കുന്ന ആ മുഖം. കാതുകളിൽ ആ ശബ്ദവും: "ടെൻഷൻ വേണ്ട, എല്ലാം നമുക്ക് ശരിയാക്കാം."
ഇനിയുണ്ടാകുമോ അതുപോലൊരു നേതാവ്?

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com