

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കുന്നതിനായി നാല്പതിലധികം രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയും. യു കെ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിലാണ് ഇന്ത്യയും ഭാഗമായത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയാണ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു.
യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത വിദേശകാര്യ സെക്രട്ടറി ഗള്‍ഫ് മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ പാതകളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി സ്വതന്ത്രവും ആശങ്കകള്‍ ഇല്ലാത്തതുമായ വാണിജ്യ കപ്പല്‍ ഗതാഗതത്തിനും സമുദ്ര സുരക്ഷയ്ക്കും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് യോഗത്തില്‍ വ്യക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നടത്തിയ പ്രതിവാര വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, എല്‍പിജി, എല്‍എന്‍ജി ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുമായി ഇന്ത്യന്‍ കപ്പലുകള്‍ക്ക് തടസ്സമില്ലാതെ സുരക്ഷിതമായി ഗതാഗതം സാധ്യമാക്കുന്നതിനായി ഇറാനുമായും മറ്റ് രാജ്യങ്ങളുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ചര്‍ച്ചകളുടെ ഫലമായി ആറ് ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടക്കാന്‍ കഴിഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ സംഭവവികാസങ്ങളും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates