പനിച്ചുവിറച്ച് മലപ്പുറം; റിപ്പോര്‍ട്ട് ചെയ്തത് 2051 കേസുകള്‍, സംസ്ഥാനത്ത് 13,409 പേര്‍ക്ക് പകര്‍ച്ചപ്പനി
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. എലിപ്പനി, ഡെങ്കിപ്പനി, എച്ച്1എന്‍1 തുടങ്ങിയ രോഗങ്ങള്‍ മൂലമുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വ്യാഴാഴ്ച്ച വരെയുള്ള കണക്കനുസരിച്ച് 13,409 പേര്‍ക്കാണ് സംസ്ഥാനത്ത് പനി റിപ്പോര്‍ട്ട് ചെയ്തത്.
നാലു ജില്ലകളില്‍ ആയിരത്തിലേറെ പനിക്കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവുമധികം രോഗികളുള്ള മലപ്പുറത്ത് 2051 പേര്‍ക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട്-1542, തിരുവനന്തപുരം-1290, എറണാകുളം-1216 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ സ്ഥിരീകരണനിരക്ക്. 53 പേര്‍ക്ക് ഡെങ്കിപ്പനിയും എട്ടുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 282 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചു മരിച്ചവരുടെ എണ്ണം 39 ആയി.
സംസ്ഥാനത്ത് വ്യാഴാഴ്ച മൂന്നുപേരാണ് പനി ബാധിച്ചു മരിച്ചത്. കുറ്റിപ്പുറം സ്വദേശിയായ പതിമൂന്നുകാരന്‍ ഗോകുലിന്റെ മരണം എച്ച്1എന്‍1 മൂലമെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ചും കൊല്ലത്ത് ഡെങ്കിപ്പനി മൂലവും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസം മാത്രം പനിബാധിച്ചു മരിച്ചവര്‍ പത്തുപേരാണ്. അതിനിടെ ഇനിയും പനിവ്യാപനം കൂടുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടവിട്ടുള്ള മഴ കൊതുകുകള്‍ പെരുകുന്നതിന് കാരണമാകാമെന്നും വെള്ളം കെട്ടികിടക്കുന്ന ഇടങ്ങളില്‍ പ്രതിരോധം ശക്തമാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ നടത്താതെ വിദഗ്ധ സേവനം ലഭ്യമാക്കുകയും മതിയായ വിശ്രമം തേടുകയും ചെയ്യണം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ തുടങ്ങിയവര്‍ കൂടുതല്‍ കരുതല്‍ പാലിക്കണമെന്നും ഇക്കൂട്ടര്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യമെന്നും മന്ത്രി വ്യക്തമാക്കി.
വീടിനു പുറത്തെന്നപോലെ വീടുകള്‍ക്കുള്ളിലും കൊതുകുകള്‍ പെരുകാമെന്നും ചെടികള്‍ വെച്ചിരിക്കുന്ന ഭാഗങ്ങള്‍, ഫ്രിഡ്ജിന്റെ ട്രേ മുതലായവ നന്നായി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിങ് സെല്‍ രൂപവത്കരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

