

കണ്ണൂർ: ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കി നിക്ഷേപകർ. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി വൈകിയും സ്ത്രീകൾ ഉൾപ്പെടെ നിക്ഷേപകർ ബാങ്കിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ നിക്ഷേപകർ രാത്രി 12 മണി വരെ ബാങ്കിൽ കുത്തിയിരുന്നു. നിക്ഷേപിച്ച തുകയുടെ കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു.
ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിൽ നിലവിലുള്ളത് കെആർ അബ്ദുൽ ഖാദർ കൺവീനറായുള്ള അഡ്മിസ്ട്രേറ്റീവ് ഭരണ സമിതിയാണ്. ബാങ്കിലെ മുൻ ഭരണ സമിതിയുടെ നിയമങ്ങൾ ലംഘിച്ചുള്ള വായ്പാ തിരിമറികളാണ് ബാങ്കിനെ കടക്കെണിയിൽ എത്തിച്ചിരിക്കുന്നത്. കൃത്യമായ വിദ്യഭ്യാസ യോഗ്യത പോലും ഇല്ലാത്തവരയൊണ് ബാങ്കിലെ ഉദ്യോഗസ്ഥരായി പഴയ ഭരണ സമിതി തിരഞ്ഞെടുത്ത് ജോലി നൽകിയത്. ഇവരെ മറയാക്കിയാണ് മുൻ സെക്രട്ടറി കോടിക്കണക്കിന് രൂപ ജനിക്കാത്ത ആളുകളുടെ പേരിൽ ഉൾപ്പെടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി തട്ടിച്ചിരിക്കുന്നതെന്നും നിലവിലെ ബാങ്ക് ഭരണസമിതി കൺവീനർ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ആറ് മാസക്കാലം മാത്രം ഭരണ സ്വാതന്ത്ര്യമുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി കുറ്റം ചെയ്തിരിക്കുന്ന എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. ബാങ്കിനെ മറയാക്കി കോടികൾ തട്ടിയ പഴയ ഭരണ സമിതിക്ക് എതിരെ നടപടികൾ കൈക്കൊള്ളും. ബാങ്കിൽ നിന്നു വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവർക്കെതിരെ റിക്കവറി ഉൾപ്പെടെ നടത്തി പണം തിരികെ പിടിക്കും. പണം മുഴുവനും കൊടുത്തു തീർക്കുമെന്നും കൺവീനർ നിക്ഷേപകർക്ക് ഉറപ്പ് നൽകിയതോടെയാണ് ആളുകൾ ബാങ്കിൽ നിന്നു പിരിഞ്ഞുപോയത്.
വരും ദിവസങ്ങളിൽ പഴയ ഭരണ സമിതി നടത്തിയ എല്ലാവിധ അഴിമതികളും ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാനുള്ള ഒരുക്കത്തിലാണ് നിലവിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി. ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. കോടികളുടെ അഴിമതി നടത്തിയ ബാങ്ക് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates