

സീറ്റ് ബെല്‍റ്റിലെ കുഷ്യന്‍ കവര്‍ വളരെ പോപ്പുലറാണ്. നൈലോണ്‍ സീറ്റ് ബെല്‍റ്റുകളുടെ മൂര്‍ച്ചയുള്ള അരികുകള്‍ കഴുത്തിലും തോളിലും ഉരയുന്നത് തടയാനാണ് പൊതുവേ സീറ്റ് ബെല്‍റ്റ് കുഷ്യന്‍ കവറുകള്‍ ഉപയോഗിക്കുന്നത്.
ദീര്‍ഘദൂര ഡ്രൈവുകളില്‍ ഇവ ആശ്വാസമാണ്. എന്നാല്‍ ഇത്തരം കവറുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?
സീറ്റ് ബെല്‍റ്റിലെ ഇത്തരം കുഷ്യന്‍ കവറുകള്‍ അപകടമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. വേഗതയില്‍ യാത്ര ചെയ്യുമ്പോള്‍ ഇവ കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുമത്രേ.
80 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യുന്നയാളുടെ ശരീരത്തിന് 18,500 ജൂള്‍സ് ഗതികോര്‍ജം ( കൈനറ്റിക് എനര്‍ജി ) ഉണ്ടായിരിക്കും. പെട്ടന്ന് എന്തെങ്കിലും തടസ്സത്തില്‍ ഇടിച്ചുനിന്നാല്‍ ശരീരം മുന്നോട്ടു തെറിക്കുക അത്യധികം ആഘാതത്തോടെയാണ്. ഏകദേശം 82 അടി ഉയരത്തില്‍നിന്നും താഴേക്ക് വീഴുന്നതിനു തുല്യമായിരിക്കും ആ ആഘാതം.
സീറ്റ് ബെല്‍റ്റ് കുഷ്യന്‍ ഉപയോഗിച്ച് അയവുവരുത്തിയാല്‍ അപകടസമയത്ത് ശരീരം മുന്നോട്ട് ആഞ്ഞടിച്ച് ബെല്‍റ്റില്‍ ചെന്ന് ഇടിക്കുന്നത് ഏതാണ്ട് 2 ടണ്ണിലധികം ( 2000 കിലോഗ്രാം) ഭാരമുള്ള വസ്തു നെഞ്ചില്‍ വന്നിടിക്കുന്നതിന് തുല്യമായ ശക്തിയിലായിരിക്കും. മനുഷ്യശരീരത്തിന് പരമാവധി താങ്ങാന്‍ കഴിയുന്ന ആഘാതം ഇതിന്റെ നാലിലൊന്നു മാത്രമാണ്. അതായത് 500 കിലോഗ്രാം. സാധാരണ സീറ്റ് ബെല്‍റ്റ് ഇടിയുടെ ശക്തിയെ 500 കിലോഗ്രാമിലേക്ക് കുറച്ച് യാത്രക്കാരെ സംരക്ഷിക്കുമ്പോള്‍, കുഷ്യന്‍ ഉപയോഗം ആ സുരക്ഷ പൂര്‍ണമായും നഷ്ടപ്പെടുത്തും.
സീറ്റ് ബെല്‍റ്റ് ശരീരത്തോടു ചേര്‍ന്നാണ് കിടക്കേണ്ടത്. എന്നാല്‍ വലിയ കുഷ്യന്‍ കവറുകള്‍ ഉപയോഗിക്കുകയും അതു ബെല്‍റ്റിന്റെ അടിഭാഗത്തേക്ക് ഇറക്കി വെക്കുകയും ചെയ്യുമ്പോള്‍ ബെല്‍റ്റിന് ശരീരത്തോട് ചേര്‍ന്നിരിക്കാന്‍ സാധിക്കില്ല. പകരം ബെല്‍റ്റിന് അയവുവരുത്തും.
അപകടമുണ്ടാകുമ്പോള്‍ സീറ്റ് ബെല്‍റ്റിന്റെ മെക്കാനിസം ഉടനടി ലോക്കായി യാത്രക്കാരെ മുന്നോട്ട് ആഞ്ഞു വീഴാതെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ബെല്‍റ്റില്‍ അയവുണ്ടായാല്‍ ശരീരം വേഗതയില്‍ മുന്നോട്ട് ആഞ്ഞടിച്ച ശേഷമേ ബെല്‍റ്റിനു ലോക്കാവാന്‍ സാധിക്കൂ. ഇത് നെഞ്ചിനും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായ പരിക്കേല്‍പ്പിക്കും.
ഇത്തരത്തിലുണ്ടാകുന്ന അയവ് മൂലം മുന്നോട്ടായുമ്പോള്‍ അതിവേഗം വിന്യസിക്കുന്ന എയര്‍ബാഗില്‍ മുഖവും നെഞ്ചും ചെന്നിടിക്കുന്നതും അപകടകരമാണ്. കൂടാതെ ഇത്തരം ആക്‌സസറികള്‍ ബെല്‍റ്റിന്റെ സ്ഥാനം മാറുന്നതിനും കാരണമാകും. അതുമൂലം അപകടസമയത്ത് ശരീരം ബെല്‍റ്റിനടിയിലൂടെ വഴുതിപ്പോകാനും സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates