കെ രാധാകൃഷ്ണൻ/ ഫോട്ടോ: എ സനേഷ്
കെ രാധാകൃഷ്ണൻ/ ഫോട്ടോ: എ സനേഷ്

'ആർക്കും നൂറു ശതമാനം കമ്യൂണിസ്റ്റാകാൻ സാധിക്കില്ല; കട്ടൻ ചായയും പരിപ്പു വടയും എന്നത് സാഡിസ്റ്റ് ചിന്ത'- കെ രാധാകൃഷ്ണൻ

'എല്ലാ മനുഷ്യരും തുല്യരും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതുമായ ഒരു ലോക ക്രമത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ് കമ്യൂണിസം'
Published on

കൊച്ചി: കമ്യൂണസത്തേക്കാൾ മികച്ച ഒരു പ്രത്യയശാസ്ത്രം ലോകത്ത് വേറെയില്ലെന്ന് സിപിഎം നേതാവും മന്ത്രിയുമായ കെ രാധാകൃഷ്ണൻ. ആർക്കും നൂറു ശതമാനം കമ്യൂണിസ്റ്റാകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

'എല്ലാ മനുഷ്യരും തുല്യരും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതുമായ ഒരു ലോക ക്രമത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ് കമ്യൂണിസം. അവിടെ സ്വതന്ത്രരും സ്വയം പര്യാപ്തരുമായി എല്ലാവരും ജീവിക്കുന്നു. ചൂഷണമില്ലാത്ത ഒരു സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് കമ്യൂണിസം. ആ ലക്ഷ്യം കൈവരിക്കാൻ സമയമെടുക്കും.' 

'കമ്യൂണിസ്റ്റുകാർ ലളിത ജീവിതം നയിക്കേണ്ടവരാണെന്ന പൊതു ധാരണ സമൂഹത്തിലുണ്ട്. കട്ടൻ ചായയ്ക്കും പരിപ്പു വടയ്ക്കുമപ്പുറം അവർ പോകരുതെന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നു. 1930ൽ മിക്ക കേരളീയർക്കും ഒരു ജോഡി വസ്ത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നതല്ല സ്ഥിതി. കാലത്തിനനുസരിച്ച് കമ്യൂണിസ്റ്റുകൾക്കും മാറ്റമുണ്ടായിട്ടുണ്ട്.' 

കട്ടൻ ചായയും പരിപ്പു വടയും...

'കമ്യൂണിസ്റ്റുകാർക്ക് കട്ടൻ ചായയും പരിപ്പു വടയും മതി എന്നത് ഒരു സാഡിസ്റ്റ് ചിന്താ​ഗതിയാണ്. വാക്കും പ്രവൃത്തിയും ഒന്നായിരിക്കുക. അതാണ് പ്രധാനം.' 

'ഞാൻ കുട്ടിക്കാലം മുതൽ അത്യാ​ഗ്രഹമില്ലാതെ വളർന്നു വന്ന ആളാണ്. എനിക്ക് കിട്ടിയതിൽ ഞാൻ സംതൃപ്തനാണ്. അസമത്വത്തിന്റേയും ചൂഷണത്തിന്റെയും അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എന്റെ കുടുംബം കമ്യൂണിസത്തിലാണ് വിശ്വസിച്ചത്. പാർട്ടി സാമൂഹിക തിന്മകൾക്കെതിരെ പോരാടി. സ്വാഭാവികമായും അതു ‍ഞങ്ങളെ പ്രചോദിപ്പിച്ചു. അതിന്റെ ആശയങ്ങൾ ഉൾക്കൊണ്ടു. ലോകത്തെ മാറ്റിമറിച്ച പ്രത്യയശാസ്ത്രമാണ് കമ്യൂണിസം'- കമ്യൂണിസ്റ്റാകാൻ പ്രേരിപ്പിച്ച ഘടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. 

കമ്പ്യൂട്ടർ, ട്രാക്ടർ സമരം...

കമ്പ്യൂട്ടർ, ട്രാക്ടർ വിഷയങ്ങളിലെ പ്രതിഷേധം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം, മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിൽ പരാജയപ്പെട്ടതായി വിലയിരുത്തലുകളുണ്ട്.

'തിരിഞ്ഞു നോക്കുമ്പോൾ അത് തെറ്റായിപ്പോയെന്നു മനസിലാക്കേണ്ടി വരും. അതെല്ലാം സ്വയം തിരുത്തിയാണ് പാർട്ടി മുന്നോട്ടു പോകുന്നത്.' 

'കാലത്തിനനുസരിച്ച് സാമൂഹിക വ്യവസ്ഥിതികളും മാറി. പണ്ടത്തെ പോലെയല്ല. അന്ന് തൊഴിൽ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭൂരിപക്ഷത്തിന്റെ ആശങ്കകൾക്കൊപ്പമാണ് പാർട്ടി നിന്നത്. അതാണ് അക്കാലത്ത് അതിനെയെല്ലാം എതിർക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്. അന്ന് അതു ശരിയായ കാഴ്ചപ്പാടായിരുന്നു.' 

തുടർച്ചയായി രണ്ടാം തവണയും എൽഡിഎഫ് അധികാരത്തിൽ വന്നതോടെ വലിയ വിഭാ​ഗം ആളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ട്. അതേസമയം അവരിൽ ചിലർ വ്യക്തിപരമായ നേട്ടങ്ങൾക്കായി സിപിഎമ്മിൽ ചേരുന്നതായും വിമർശനങ്ങളുണ്ട്. ഇക്കാര്യത്തിലെ തന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി. 

'അത്തരത്തിൽ വ്യക്തിപരമായ നേട്ടങ്ങൾക്കായി പാർട്ടിയിൽ വരുന്ന ആളുകൾ അവരുടെ ആവശ്യങ്ങൾ നിറവേറിയാൽ പാർട്ടി വിട്ടു പോയേക്കാം. എന്നാൽ പ്രത്യശാസ്ത്രത്തിൽ ആകൃഷ്ടരായി എത്തുന്നവർ പാർട്ടിയിൽ തുടരും. ഇത്തരം കാര്യങ്ങളെല്ലാം പർട്ടി വ്യക്തമായ രീതിയിൽ തന്നെ സ്വയം വിലയിരുത്തുന്നുണ്ട്. തെറ്റു ചെയ്യുന്നവർക്ക് പാർട്ടിയിൽ ഇടമില്ലെന്ന് പാർട്ടി ഓരോ ഘട്ടത്തിലും ആവർത്തിച്ചു. ഇതൊരു തിരുത്തൽ പ്രക്രിയയാണ്. അത്തരം തിരുത്തലുകൾ നിരന്തരം ചെയ്യുമ്പോൾ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കു. കാരണം മൂല്യങ്ങൾ തകരുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.' 

'ഈ മൂല്യത്തകർച്ച പാർട്ടിയിൽ സംഭവിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാൽ പാർട്ടിയില്ല. നമ്മുടെ സമൂഹത്തെ പുരോ​ഗമനപരമാക്കുന്നതിൽ പാർട്ടി എല്ലാ കാലത്തും വഴികാട്ടിയായി നിലകൊണ്ടു. തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം. പക്ഷേ സമൂഹത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും പാർട്ടി അതീവ ശ്രദ്ധയാണ് നൽകുന്നത്. വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ സംഘടനാപരമായി തന്നെ തിരുത്തലുകൾ നടക്കുന്നു.' 

എസ്എഫ്ഐ വിവാദം...

എസ്എഫ്ഐ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വിവാദ ദിവസങ്ങളാണ് കടന്നു പോകുന്നത്. അധഃപതനത്തിന്റെ പ്രതിഫലനമാണോ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി-

'കഴിഞ്ഞ ദിവസമാണ് തൊപ്പി എന്ന യൂട്യൂബർ ശ്രദ്ധയിൽ വന്നത്. ഈ കുട്ടി സമൂഹത്തിനു വേണ്ടി എന്താണ് ചെയ്തത്. എന്തുകൊണ്ടാണ് യുവാക്കളുടെ ഒരു വലിയ കൂട്ടം അവനെ കാണാൻ ഒരു സ്ഥലത്ത് തടിച്ചുകൂടിയത്. വൻ ജനകൂട്ടമായിരുന്നു. കൂടുതലും വിദ്യാർത്ഥികളാണ്. ഇത്തരം ആൾക്കൂട്ടങ്ങളിലെ ചിലരാണ് എസ്എഫ്ഐയിൽ ചേരുന്നത്.' 

'ഈ വെല്ലുവിളി മറികടക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. സജീവമായി തന്നെ പാർട്ടി ഇക്കാര്യങ്ങളിൽ ഇടപെടും. ആവശ്യമായ തിരുത്തലുകൾ വരുത്തും.' 

'തെരഞ്ഞെടുപ്പ് വിജയം പല അവസരവാദികളും മുതലെടുക്കാൻ ശ്രമിച്ചേക്കാം. എന്നാൽ അത്തരം പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ പാർട്ടിക്ക് വ്യക്തതയുണ്ട്.' 

വിമർശനങ്ങളോട് അസഹിഷ്ണുത...

'പാർട്ടി നേതാക്കളും മനുഷ്യരാണ്. മാധ്യമങ്ങൾ അതു മനസിലാക്കണം. നിങ്ങൾ സന്ദർഭത്തിൽ നിന്നു ഒറ്റ വാചകം എടുത്തു അതു പ്രചരിപ്പിക്കുകയാണ്. അതൊരു മികവല്ല'- രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com