'കേരള കോൺ​ഗ്രസ് ( എം) എവിടെയുണ്ടോ അവിടെ ഭരണമുണ്ട്'; എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി

ഇടതുമുന്നണിയുടെ ജാഥയിൽ താൻ ക്യാപ്റ്റനായിരിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു
Jose K Mani
Jose K Mani
Updated on
2 min read

കോട്ടയം: ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകള്‍ തള്ളി കേരള കോണ്‍ഗ്രസ് ( എം ) ചെയര്‍മാന്‍ ജോസ് കെ മാണി. ചര്‍ച്ച നടത്തുന്നത് ആരാണ്?. കേരള കോണ്‍ഗ്രസ് എമ്മിന് ഉറച്ച നിലപാടാണുള്ളത്. അതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ല. ഞങ്ങളെയോര്‍ത്ത് കരയേണ്ടതില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

Jose K Mani
'പാലാ വിട്ടു നല്‍കില്ല'; പി കെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ച് മാണി സി കാപ്പന്‍

കേരള കോണ്‍ഗ്രസിന് പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്. പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ട് എന്നതിന് തെളിവാണ് ആ ക്ഷണം വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ് ( എം) എവിടെയുണ്ടോ അവിടെ ഭരണവുമുണ്ടാകുമെന്ന് വ്യക്തമായെന്ന് ജോസ് കെ മാണി പറഞ്ഞു. എല്‍ഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്നു എന്ന വാര്‍ത്തകള്‍ ശരിയല്ല. പാര്‍ട്ടി നേതാവ് എല്‍ഡിഎഫ് യോഗത്തില്‍ സംബന്ധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് താന്‍ വിദേശത്തായതുകൊണ്ടാണ്. തന്റെ പിതാവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് അത്യാസന്ന നിലയില്‍ കഴിയുകയാണ്. അദ്ദേഹത്തെ കാണാന്‍ പോയതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഉത്തരവാദപ്പെട്ട നേതാക്കളെ ഇക്കാര്യം അറിയിച്ചിരുന്നതാണ്. കേരള കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ നിലപാട് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്. അത് ഉറച്ച നിലപാടാണ്. കേരള കോണ്‍ഗ്രസ് മുന്നണി മാറുന്നുവെന്ന ചര്‍ച്ചയില്‍ ഒരു പ്രസക്തിയുമില്ല. ആരെങ്കിലും കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരണമെന്ന് പറഞ്ഞാല്‍ അതിന് ഞങ്ങളെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?. അതു പാര്‍ട്ടിക്ക് ബലമുണ്ട് എന്നല്ലേ കാണിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് പല അഭിപ്രായങ്ങളും ഉണ്ടാകും. എന്നാല്‍ പാര്‍ട്ടിയുടെ അഭിപ്രായമാണ് മുഖ്യം. ആ നിലപാട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

ഏതു പാര്‍ട്ടിയിലാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാത്തതെന്ന് ജോസ് കെ മാണി ചോദിച്ചു. ചര്‍ച്ച നടക്കുമ്പോള്‍ പല അഭിപ്രായങ്ങളും വരും. അതിനെ ക്രോഡീകരിച്ച് പാര്‍ട്ടി ഒരു തീരുമാനമെടുക്കുകയാണ് പതിവ്. പാര്‍ട്ടിയ്ക്കകത്ത് ഒരു ഭിന്നതയുമില്ല. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അഞ്ച് എംഎല്‍എമാരും ഒരുമിച്ച് നില്‍ക്കും. അതില്‍ ഒരു സംശയവുമില്ല. എല്‍ഡിഎഫോ, യുഡിഎഫോ കൂടുമ്പോള്‍ പാര്‍ട്ടികള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാറില്ലേ, ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കില്ലേ, അതുപോലെയാണ് ഇതെന്നും ജോസ് കെ മാണി പറഞ്ഞു.

Jose K Mani
'ഹോട്ടല്‍ റൂം നമ്പര്‍ 408, എത്തിയത് യുവതിയുമായി സംസാരിക്കാന്‍, രജിസ്റ്ററില്‍ രാഹുല്‍ ബി ആര്‍'; നിര്‍ണായക തെളിവെടുപ്പ്

ഇടതുമുന്നണി നടത്തുന്ന ജാഥയുടെ ക്യാപ്റ്റന്‍ ജോസ് കെ മാണി തന്നെയായിരിക്കും. അതില്‍ ഒരു സംശയവുമില്ല. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനമുണ്ട്, ബജറ്റുണ്ട്. ജാഥ നീണ്ട ദിവസങ്ങള്‍ ഉള്ളതിനാല്‍ ചില നീക്കുപോക്ക് വരുത്തേണ്ടി വരുമെന്ന് അറിയിച്ചിരുന്നുവെന്ന് ജോസ് കെ മാണി വ്യക്തമാക്കി. അഞ്ചുവര്‍ഷം മുമ്പ് കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫ് പുറത്താക്കുകയായിരുന്നു. പുറത്താക്കിയശേഷം കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തിനൊപ്പമെന്ന് ഉറച്ച നിലപാടെടുത്തു. എല്‍ഡിഎഫില്‍ പാര്‍ട്ടി സന്തുഷ്ടരാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Summary

Kerala Congress (M) Chairman Jose K Mani has denied reports that he will leave the Left Front.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com