ബാലനീതി പ്രായപരിധി 16 ആക്കുന്നത് എളുപ്പമല്ല; യുഎന്‍ കണ്‍വെന്‍ഷന്‍ ലംഘനമാകുമെന്ന് വിദഗ്ധര്‍

പ്രായപരിധി 16 ആക്കുന്നതിനെക്കുറിച്ച് നിയമനിര്‍മാണ സഭ ആലോചിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു
juvenile justice
Lowering Juvenile Age to 16 Violates UN Convention(AI Generated Image)
Updated on: 
1 min read

കൊച്ചി: കുട്ടി കുറ്റവാളികളുടെ പ്രായപരിധി 18 വയസ്സില്‍ നിന്ന് 16 ആയി കുറയ്ക്കുന്ന കാര്യം നിയമനിര്‍മാണ സഭ ഗൗരവമായി പരിഗണിക്കേണ്ട സമയം അതിക്രമിച്ചെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ, ഇത്തരം ഒരു നിയമഭേദഗതി അത്ര എളുപ്പമാകില്ലെന്ന വിലയിരുത്തലുമായി നിയമവിദഗ്ധര്‍ രംഗത്ത്. പ്രായപരിധി കുറയ്ക്കുന്നത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാകുമെന്നും ബാലനീതി നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യത്തിന് തന്നെ എതിരാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും അവര്‍ക്ക് മദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സുപ്രധാന പരാമര്‍ശം നടത്തിയത്. പ്രായപരിധി 16 ആക്കുന്നതിനെക്കുറിച്ച് നിയമനിര്‍മാണ സഭ ആലോചിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

1989 നവംബര്‍ 20ലെ കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട യുഎന്‍ കണ്‍വെന്‍ഷന്‍ പ്രകാരം 18 വയസ്സില്‍ താഴെയുള്ളവരെയാണ് കുട്ടികളായി നിര്‍വചിച്ചിരിക്കുന്നത്. 1992 ഡിസംബര്‍ 11ന് ഇന്ത്യയും ഈ കണ്‍വെന്‍ഷന്‍ അംഗീകരിച്ച് ഒപ്പുവെച്ചിട്ടുള്ളതാണ്. അതിനാല്‍, ബാലനീതി നിയമപ്രകാരമുള്ള പ്രായം 16 ആയി കുറയ്ക്കുന്നത് ഈ യുഎന്‍. കണ്‍വെന്‍ഷന്‍ തത്വങ്ങളുടെ ലംഘനമാകും. കൂടാതെ, രാജ്യത്തെ മറ്റ് നിയമങ്ങളുമായുള്ള പൊരുത്തക്കേടും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപരിധി കുറയ്ക്കുന്നതിന് പകരം കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങള്‍ക്കാണ് പരിഹാരം കണ്ടെത്തേണ്ടതെന്നും അഭിഭാഷകര്‍ പറയുന്നു.

വോട്ടവകാശം, ഡ്രൈവിങ് ലൈസന്‍സ്, വിവാഹം, നിയമപരമായ കരാറുകളില്‍ ഒപ്പുവെക്കല്‍ എന്നിവയ്‌ക്കെല്ലാം 18 വയസ്സോ അതിന് മുകളിലോ ആണ് പ്രായപരിധി. കേരള അബ്കാരി നിയമപ്രകാരം മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. മറ്റ് നിയമങ്ങളിലൊന്നും മാറ്റം വരുത്താതെ ബാലനീതി നിയമത്തില്‍ മാത്രം പ്രായം 16 ആക്കുന്നത് നിയമത്തിന്റെ അടിസ്ഥാന തത്വമായ 'പുനരധിവാസം' എന്ന ലക്ഷ്യത്തിന് എതിരാകും. ദേശീയതലത്തില്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ എത്രത്തോളം പങ്കാളികളാകുന്നു എന്നതിന്റെ കൃത്യമായ കണക്കെടുപ്പും ഭേദഗതിക്ക് മുന്‍പ് അനിവാര്യമാണ്.

2012ലെ ഡല്‍ഹി നിര്‍ഭയ കേസിന് പിന്നാലെ 2015ല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം, 18 വയസ്സില്‍ താഴെയുള്ളവരെ നിയമനടപടികളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നില്ല. നിയമത്തിലെ 15-ാം വകുപ്പ് പ്രകാരം, ഏഴ് വര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16നും 18നും ഇടയില്‍ പ്രായമുള്ളവരെ പ്രായപൂര്‍ത്തിയായവരായി കണക്കാക്കി വിചാരണ നടത്താന്‍ നിലവില്‍ തന്നെ വ്യവസ്ഥയുണ്ട്.

juvenile justice
'ജുവനൈല്‍ പ്രായപരിധി 16 ആക്കണം'; നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി
juvenile justice
18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആരെയും ആക്രമിക്കാം, കൊല്ലാം എന്ന അവസ്ഥ ഗൗരവകരം: മന്ത്രി ചെന്നിത്തല
juvenile justice
നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍
Summary

Lowering Juvenile Justice Age Limit to 16 Not Easy, Would Violate UN Convention: Legal Experts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER