

കോഴിക്കോട്: ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തരൂര്‍ പിണറായി വിജയനേയും നരേന്ദ്രമോദിയേയും സ്തുതിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ ഒഴികെ എല്ലാവരെയും അദ്ദേഹം സ്തുതിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അദ്ദേഹത്തിനേ അറിയൂ. ശശി തരൂരിന് മുന്നില്‍ രണ്ടു വഴികളുണ്ട്. ഒന്ന് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുക എന്നതാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.
തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. പാര്‍ട്ടി നിയോഗിച്ച പാര്‍ലമെന്ററി സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. ആ നിലയ്ക്ക് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു നീങ്ങുക. അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഉള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്ക് അകത്ത് അഭിപ്രായം പറയാവുന്നതാണ്. പാര്‍ലമെന്റ് ചേരുന്ന സമയത്ത് രാവിലെ എംപിമാരുടെ യോഗം ചേരാറുണ്ട്. എല്ലാ അഭിപ്രായങ്ങളും എപ്പോഴും സ്വീകരിച്ചുകൊള്ളണമെന്നില്ല. കെ മുരളീധരന്‍ വ്യക്തമാക്കി.
അതല്ല, അദ്ദേഹത്തിന് പാര്‍ട്ടിക്കകത്ത് ശ്വാസം മുട്ടുന്നു, ഈ പാര്‍ട്ടിയ്ക്കകത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് തരൂരിന് തോന്നുന്നുണ്ടെങ്കില്‍ പിന്നെയുള്ള മാര്‍ഗം, പാര്‍ട്ടി ഏല്‍പ്പിച്ച സ്ഥാനങ്ങളെല്ലാം ഉപേക്ഷിച്ച് ഇഷ്ടമുള്ള രാഷ്ട്രീയ ലൈന്‍ സ്വീകരിക്കുക. ഈ രണ്ടിലൊന്നല്ലാതെ, ഇപ്പോഴത്തെ മാര്‍ഗവുമായി അദ്ദേഹം മുന്നോട്ടു നീങ്ങിയാല്‍ അതു പേഴ്‌സണലായിട്ടുതന്നെ അദ്ദേഹത്തിന്റെ ഐഡന്റിറ്റിയെ ബാധിക്കുന്ന വിഷയമാണ്. അത് പാര്‍ട്ടിക്കും ബുദ്ധിമുട്ടാണ്, അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഈ രണ്ടിലൊരു മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറാകണമെന്നാണ് ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തരൂരിനോട് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് കെ മുരളീധരന്‍ പറഞ്ഞു.
തരൂരിനു വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ചവരാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍. തരൂര്‍ തിരുവനന്തപുരത്ത് വിജയിച്ചത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും ചുമട്ടുതൊഴിലാളികളുടേയുമൊക്കെ വോട്ടു കൊണ്ടാണ്. അത് അദ്ദേഹം മനസ്സിലാക്കണം. തരൂര്‍ ജയിക്കാന്‍ കാരണം അദ്ദേഹം കോണ്‍ഗ്രസുകാരനായതുകൊണ്ടാണ്. തരൂരിന്റെ മുഖം പോലും കാണാതെ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് അദ്ദേഹത്തിന് വോട്ടു ചെയ്തത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് തിരുത്തി, ഞങ്ങളോടൊപ്പം ഞങ്ങളെ നയിക്കുന്ന നേതാവായി തിരിച്ചുവരണം. തരൂരിനെ ഇപ്പോള്‍ നാട്ടില്‍ത്തന്നെ കാണാനില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ സര്‍വകലാശാലകള്‍ കലാപഭൂമികളായി മാറിയിരിക്കുകയാണെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളെല്ലാം വിദേശത്തേക്ക് പോകുകയാണ്. ഇത്തരത്തില്‍ തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥികളില്ലാത്ത, രക്ഷിതാക്കള്‍ മാത്രമുള്ള വൃദ്ധസദനമായി കേരളം മാറും. അതിനാല്‍ അടിയന്തര പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. വിസിക്കെതിരായ സമരമാണെങ്കില്‍ കേരള സര്‍വകലാശാലയില്‍ മാത്രം സമരം നടത്തിയാല്‍ പോരേ?. ഇപ്പോള്‍ എല്ലാ സര്‍വകലാശാലയിലും എസ്എഫ്‌ഐ സമരം നടത്തുകയാണ്. ഇത് സര്‍ക്കാരിനെതിരായ ജനവികാരം മറച്ചു വെക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.
അടിയന്തരാവസ്ഥയ്‌ക്കെതിരെ ലേഖനമെഴുതിയ ശശി തരൂരിനെതിരെ കോൺഗ്രസിൽ പ്രതിഷേധം രൂക്ഷമാവുന്നു. 'പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടി കളയുകയേ നിവൃത്തിയുള്ളു' എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ് എക്സിൽ കുറിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായാണ് അടിയന്തരാവസ്ഥയെ ലേഖനത്തിൽ തരൂർ വിശേഷിപ്പിച്ചത്. കര്‍ക്കശ നടപടികള്‍ക്ക് നിര്‍ബന്ധം പിടിച്ചത് ഇന്ദിരാഗാന്ധിയാണെന്ന് അഭിപ്രായപ്പെട്ട തരൂർ, സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ കൊടുംക്രൂരതകളാണ് അരങ്ങേറിയതെന്നും ലേഖനത്തിൽ വിശദീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates