'അങ്ങനെയാണെങ്കില്‍ ആ ആനുകൂല്യങ്ങള്‍ മൃഗവേട്ടക്കാര്‍ക്കും കൊടുത്തുകൂടെ?'; കുറിപ്പ്

Writer Vinoy Thomas
വിനോയ് തോമസ് Vinoy ThomasFile
Updated on
2 min read

ലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് കര്‍ഷകര്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന എഴുത്തുകാരനാണ്, വിനോയ് തോമസ്. ഈ വിഷയത്തില്‍ വിനോയ് തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച രസകരമായ കുറിപ്പാണ് ചുവടെ.

കോഴിവേഴാമ്പലിൻ്റെ രുചി

ഇന്നലെ മുറ്റത്തെ ബറാബമരത്തിൽ പതിവില്ലാത്ത ചില അനക്കവും ഒച്ചയും കേട്ട് ഞാൻ വരാന്തയിലേക്കിറങ്ങി. നോക്കുമ്പോൾ അരഡസൻ കോഴിവേഴാമ്പലുകൾ വന്ന് ബറാബപ്പഴം വെച്ചുമാട്ടുകയാണ്. അതിലൊരുത്തൻ കുറച്ചുദിവസം മുമ്പ് വന്ന് ഈ മരവും പഴങ്ങളും കണ്ടുവെച്ചിട്ട് പോയതാണ്. അവൻ പോയി കൂട്ടുകാരെയും കുടുംബക്കാരെയും വിളിച്ചുകൊണ്ടു വന്നിരിക്കുകയാണിപ്പോൾ.

എന്നെ കണ്ടതേ അവന്മാർ അപ്പുറത്തുള്ള റബറിന്റെ കൊമ്പിലേക്ക് പറന്ന് ഒളിച്ചിരുന്നു. ഇവിടെയുള്ള പലരോടും പറയുന്നതിനേക്കാൾ അവർക്ക് കാര്യം മനസ്സിലാകും എന്നതുകൊണ്ട് ഞാൻ കോഴിവേഴാമ്പലുകളെ ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചു. ഈ മരവും ഇതിലെ പഴങ്ങളും നിങ്ങളുടെ തന്ത ഉണ്ടാക്കിയതല്ല. ഈ പറമ്പ് നൂറ്റാണ്ടുകളായി ഞങ്ങൾ മനുഷ്യന്മാർ ഗവൺമെന്റിന് നികുതികെട്ടി കൃഷി ചെയ്യാനായി വാങ്ങിയിരിക്കുന്നതാണ്. അവിടെ എൻ്റെ തന്ത വെള്ളക്കടയിൽ തോമസ് 450 രൂപ കൊടുത്ത് വാങ്ങി കുഴിച്ചുവെച്ച് സംരക്ഷിച്ച് ഉണ്ടാക്കിയതാണ് ഈ ഗ്രാഫ്റ്റ് ബറാബ. ആ ചെടിയുടെ മുഴുത്ത പഴങ്ങളാണ് നിങ്ങൾ ഇപ്പോൾ വന്ന് കട്ടുതിന്നുകൊണ്ടിരിക്കുന്നത്.

Writer Vinoy Thomas
'ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ല..'; ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിച്ചതില്‍ മന്ത്രി വി ശിവന്‍കുട്ടി

ഈ ഗ്രാഫ്റ്റ് സാങ്കേതികവിദ്യയും നിങ്ങളുടെ ആരുടെയും കാരണവന്മാർ കണ്ടുപിടിച്ചതല്ല. ഞങ്ങൾ മനുഷ്യർ തലമുറകളായി നിരീക്ഷിച്ചും പരീക്ഷിച്ചും ഈ ചെടി ഇങ്ങനെ ആക്കിയെടുക്കാം എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് നിങ്ങൾക്കിപ്പോൾ ഇത്രയും മുഴുത്ത പഴങ്ങൾ കിട്ടുന്നത്. അല്ലായിരുന്നെങ്കിൽ നിങ്ങളുടെ കാട്ടിൽ കാണുന്നതുപോലെ കണ്ണിലിട്ടാൽ കരുകരുക്കാത്ത കടുകുമണി പഴങ്ങളെ ഉണ്ടാകുമായിരുന്നുള്ളൂ. അതുകൊണ്ട് മേലിൽ ഈ വഴിക്ക് ബറാബാ പഴം തിന്നാനായി വന്നേക്കരുത്. ഞാൻ പറഞ്ഞത് കേട്ട് കോഴിവേഴാമ്പലുകൾ വരാതിരിക്കുകയില്ല എന്ന് എനിക്ക് നന്നായി അറിയാം. വേറെ നിവൃത്തിയൊന്നും ഇല്ലാത്തതുകൊണ്ട് പറഞ്ഞു എന്നുമാത്രം.

ഇതൊക്കെ കാണുമ്പോഴാണ് എനിക്ക് അധികാരം ഇല്ലാത്തതിന്റെ കുഴപ്പം ഞാൻ മനസ്സിലാക്കുന്നത്. മുതൽവൻ സിനിമയിലേതു പോലെ ഒരുദിവസത്തേക്കെങ്കിലും അധികാരം കിട്ടുകയായിരുന്നെങ്കിൽ ഞാൻ എൻ്റെ ഒരു സുഹൃത്ത് പറഞ്ഞ പദ്ധതി നടപ്പിലാക്കുമായിരുന്നു.

ആ പദ്ധതി എന്താണെന്നല്ലേ, പറയാം. ഞങ്ങളുടെ മലയോരത്ത് ഇപ്പോൾ യാതൊരുവിധ കൃഷിയും ചെയ്യുക എളുപ്പമല്ല. കാരണം കോഴിവേഴാമ്പലും കാട്ടുപന്നിയും കാട്ടുപോത്തും മാനും മയിലും തുടങ്ങി സകല കാട്ടുജീവികളും ഇത് അവരുടെ കാടാണെന്നാണ് വിചാരിച്ചിരിക്കുന്നത്. അധ്വാനിക്കാൻ കഴിയാത്ത ഇവറ്റകൾ വന്ന് ഞങ്ങളുണ്ടാക്കുന്ന ഉൽപനങ്ങൾ മുഴുവൻ ഒരു ഉളുപ്പുമില്ലാതെ തിന്നിട്ടുപോകും.

നെറികെട്ടരീതിയിൽ ആലോചിച്ചാൽ ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. ഇവിടെ സ്കൂളുകൾ ഉണ്ടായപ്പോൾ ഞങ്ങൾ വിദ്യാഭ്യാസം നേടി. അതോടെ കൃഷിയല്ലാത്ത മറ്റ് പല തൊഴിലുകളും ചെയ്യാൻ ഞങ്ങൾ പഠിച്ചു. ആ തൊഴിലുകൾ ചെയ്യാൻ ഇവിടെ അവസരമില്ലാത്തതുകൊണ്ട് അകലെയുള്ള സ്ഥലങ്ങളിലേക്ക് ഞങ്ങൾക്ക് പോകേണ്ടിവന്നു. അതോടെ ഇവിടത്തെ പറമ്പ് വെറുതെ കിടക്കാൻ തുടങ്ങി. ആ പറമ്പിലാണ് ഈ കാട്ടുമൃഗങ്ങൾ വന്ന് ഇക്കണ്ട തോന്നിയവാസങ്ങൾ മുഴുവൻ കാണിക്കുന്നത്.

അതുകൊണ്ട് ബഹുമാനപ്പെട്ട ഗവൺമെന്റിനോട് എൻ്റെ സുഹൃത്ത് അഭ്യർത്ഥിക്കുകയാണ്. ഈ ഭൂമി നടപ്പുവില തന്ന് ഗവൺമെൻ്റുതന്നെ ഏറ്റെടുക്കണം. എന്നിട്ട് ഗവൺമെന്റിന് ഇഷ്ടമുള്ള കാര്യങ്ങൾ അവിടെ ചെയ്തോളൂ. പയ്യാവൂരിലുള്ള സഹകരണസംഘം കശുമാങ്ങയിൽ നിന്നും നാടൻവാറ്റ് ഉണ്ടാക്കി വിൽക്കുന്നത് കണ്ടപ്പോഴാണ് ഗവൺമെൻ്റിന് ലാഭകരമായി ചെയ്യാവുന്ന ഒരു ഐഡിയ എൻ്റെ സുഹൃത്തിൻ്റെ തലയിൽ ഉദിച്ചത്.

ഗവൺമെൻറ് ഏറ്റെടുക്കുന്ന ഞങ്ങളുടെ കൃഷിഭൂമിയിൽ കപ്പയും കാച്ചിലും ചേനയും ചേമ്പും ഒക്കെ കൃഷി ചെയ്യണം. എന്തായാലും അത് തിന്നാനായി കാട്ടുമൃഗങ്ങൾ വരും. അപ്പോൾ അവയെ പിടികൂടി ഇറച്ചിയാക്കി നല്ല രീതിയിൽ പാക്ക് ചെയ്ത് ഗവൺമെൻ്റിന് വിൽക്കാം.

ഇതിലൂടെ നമ്മുടെ നാട്ടിലെ പ്രോട്ടീൻ ക്ഷാമം നല്ല രീതിയിൽ പരിഹരിക്കാം. ഗവൺമെൻറ് സഹകരണസംഘങ്ങളിലൂടെ നേരിട്ട് വിപണനം ചെയ്യുന്നതുകൊണ്ട് ഇറച്ചിയുടെ ഗുണനിലവാരം ഉറപ്പായിരിക്കുമല്ലോ.

അങ്ങനെ കാട്ടുമൃഗങ്ങൾ ഇറച്ചിയായി മാറുന്നതോടെ എല്ലാ വന്യജീവികളും സംരക്ഷിക്കപ്പെടും എന്ന് എൻ്റെ സുഹൃത്ത് ഉറപ്പിച്ചു പറയുന്നു.

കടലിലെ മത്സ്യങ്ങളെയാണ് അവൻ അതിന് ഉദാഹരണമായി പറയുന്നത്. മത്സ്യസമ്പത്ത് കുറയുമ്പോൾ ഏറ്റവുമധികം വിഷമിക്കുന്നത് മത്സ്യത്തൊഴിലാളികളും മത്സ്യവ്യാപാരികളുമാണല്ലോ. അതുകൊണ്ട് കടലിൽ മത്സ്യസമ്പത്ത് ഉണ്ടാകാൻ ആഗ്രഹിക്കുന്നത് മീൻ തിന്നുന്നവരല്ല, മീനിനെ വേട്ടയാടി ജീവിക്കുന്നവരാണ്. ആ വേട്ടക്കാർക്ക് ഗവൺമെൻ്റ് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നുണ്ട് എന്നാണല്ലോ വെപ്പ്. അങ്ങനെയാണെങ്കിൽ ആ ആനുകൂല്യങ്ങൾ മൃഗവേട്ടക്കാർക്കും കൊടുത്തുകൂടെ?

മറ്റൊരു ഉദാഹരണം മരങ്ങളുടേതാണ്. ഞങ്ങടെ നാട്ടിൽ മരങ്ങൾ ഉണ്ടാകണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് മരക്കച്ചവടക്കാരും മരംവെട്ട് - ലോഡിങ്തൊഴിലാളികളുമാണ്. മരം വെട്ടുകാരാണ് യഥാർത്ഥ പ്രകൃതി സ്നേഹികൾ.

Writer Vinoy Thomas
കോവിഡ് കഴുത്തറ്റം കടത്തിലാക്കി,വാഴക്കുളം വഴി തുറന്നു;പൈനാപ്പിൾ മധുരമുള്ള വിജയഗാഥ

ഗവൺമെൻറ് വേട്ട നടത്തി ഇറച്ചി വിൽക്കുകയാണെങ്കിൽ പുഴകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതുപോലെ കാടായി മാറിയ ഞങ്ങളുടെ പറമ്പുകളിൽ കാട്ടുമൃഗങ്ങളുടെ കുഞ്ഞുങ്ങളെ ഗവൺമെന്റിന് യഥേഷ്ടം തുറന്നുവിട്ട് വളർത്താമല്ലോ.

ഇങ്ങനെയൊക്കെ കാര്യങ്ങളുടെ സത്യവസ്ഥ മനസിലാക്കിയപ്പോൾ ഈ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കേണ്ടതാണെന്ന് എനിക്കും തോന്നി.

ഭരിക്കുന്ന കക്ഷികളും ആ കക്ഷികളെ എതിർക്കുന്ന കക്ഷികളും ഭാരതാംബകേസ് പോലെ ഒരു പ്രയോജനവും ഇല്ലാത്ത വിവാദങ്ങൾക്ക് പുറകെ പോയി അണികളെയിറക്കി നാട് കുട്ടിച്ചോറാക്കാതെ, മനുഷ്യന് ഗുണം കിട്ടുന്ന ഇതുപോലുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിനേക്കുറിച്ച് ചർച്ചയെങ്കിലും ചെയ്തുകൂടെ..?

ഇതൊക്കെ ആരോട് പറയാൻ... ആര് കേൾക്കാൻ....

Summary

Writer Vinoy Thomas facebook post on man wild life conflict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com