തൃശൂര്‍ പൂരം കലക്കിയത് തന്നെ; പിന്നില്‍ ആര്‍എസ്എസ്; എഡിജിപി ആരോപണവിധേയന്‍; സഭയില്‍ കെ രാജന്‍

അതിന് നേതൃത്വം നല്‍കിയ ആളുകളുടെ പേര് പറയുമ്പോള്‍ ഇങ്ങനെ മറച്ചുപിടിച്ചും ഒളിച്ചുപിടിച്ചും മുഖ്യമന്ത്രിയുടെ നേരെ തിരിക്കണമെന്ന് പ്രതിപക്ഷം നിശ്ചയിക്കുന്നത് എന്തിനാണെന്നും രാജന്‍
k rajan
കെ രാജന്‍ നിയമസഭയില്‍ സംസാരിക്കുന്നു സഭാ ടിവി
Updated on
1 min read

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നില്‍ അണിനിരന്ന ആളുകള്‍ ആരൊക്കെയെന്നത് പൊതുജനത്തിന് അറിയേണ്ടതുണ്ടെന്നും മന്ത്രി കെ രാജന്‍. ആ ഗൂഢാലോചയ്ക്ക് പിന്നില്‍ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ലെന്നും കെ രാജന്‍ പറഞ്ഞു. പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ വേണമെന്ന് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിലാണ് ഗൂഢാലോചന നടന്നെന്ന് റവന്യു മന്ത്രി പറഞ്ഞത്.

വെടിക്കെട്ട് രാവിലത്തേക്ക് നീട്ടി വെച്ചതും, എഴുന്നള്ളിപ്പ് വൈകിയതും ഉള്‍പ്പെടെ ക്ഷേത്ര ആചാരങ്ങളില്‍ ഗുരുതരമായ ലംഘനം ഉണ്ടായെന്ന് മന്ത്രി പറഞ്ഞു. പൂരം തൃശൂരിന്റെത് മാത്രമല്ല എല്ലാ മലയാളികളുടെയും പൊതുവികാരമാണ്. പൂരത്തിനിടയില്‍ ശ്രീമൂലസ്ഥാനത്തേക്ക് മാര്‍ച്ച് എങ്ങനെയുണ്ടായെന്നും രാജന്‍ ചോദിച്ചു.

പൂരം കലക്കിയതുമായ ബന്ധപ്പെട്ട ആരോപണ വിധേയരില്‍ എഡിജിപിയുണ്ട്. ഇക്കാര്യത്തില്‍ ബോധപൂര്‍വമായി ഗുഢാലോചനയുണ്ടായി. അതിന് നേതൃത്വം നല്‍കിയ ആളുകളുടെ പേര് പറയുമ്പോള്‍ ഇങ്ങനെ മറച്ചുപിടിച്ചും ഒളിച്ചുപിടിച്ചും മുഖ്യമന്ത്രിയുടെ നേരെ തിരിക്കണമെന്ന് പ്രതിപക്ഷം നിശ്ചയിക്കുന്നത് എന്തിനാണെന്നും രാജന്‍ ചോദിച്ചു. പൂരം കലക്കാന്‍ നേതൃത്വം നല്‍കിയത് ആര്‍എസ്എസ് ആണ്. ആ ഗൂഢാലോചയ്ക്ക് പിന്നില്‍ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ല. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തൃശൂര്‍ പൂരത്തെ ഉപയോഗിച്ച് മുതലെടുപ്പ് നടത്തരുതെന്ന് നേരത്തെ തന്നെ സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നെന്നും രാജന്‍ നിയമസഭയില്‍ പറഞ്ഞു.

പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടലില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പൂരം നടത്തിപ്പിലെ എട്ട് വീഴ്ചകള്‍ ഉയര്‍ത്തി കാട്ടിയാണ് തിരുവഞ്ചൂര്‍ പ്രമേയം അവതരിപ്പിച്ചത്. പൂരദിവസം ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയില്ല, കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടന്നപ്പോള്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ കുത്തിനിറച്ചിരുന്നു, ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ല തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനുഭവ പരിചയമില്ലാത്ത അങ്കിത് അശോകനെ കമ്മീഷണര്‍ ആക്കിയതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. സ്വന്തം താല്പര്യ പ്രകാരം അങ്കിത് അശോകന്‍ ഇത് ചെയ്തു എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ കേരളത്തിലുള്ളവര്‍ എന്നും തിരുവഞ്ചൂര്‍ ചോദിച്ചു. സംഭവം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന സീനിയര്‍ ഉദ്യോഗസ്ഥന്‍ കുറ്റം ജൂനിയര്‍ ഉദ്യോഗസ്ഥനായ അങ്കിത് അശോകന്റെ തലയില്‍ വെച്ചെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

എഡിജിപി എംആര്‍അജിത്കുമാറിന് ഹിഡന്‍ അജണ്ട ഉണ്ടായിരുന്നു. രണ്ടു മന്ത്രിമാര്‍ പൂരം നടത്തിപ്പിനുണ്ടായിരുന്നു. അനാവശ്യമായ പൊലീസ് ഇടപെടല്‍ ഉണ്ടായപ്പോള്‍ അവര്‍ക്ക് സംഭവ സ്ഥലത്തു എത്താന്‍ കഴിഞ്ഞില്ല. പക്ഷേ സുരേഷ് ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചു. സുരേഷ് ഗോപിയെ രക്ഷകന്‍ എന്നു വരുത്തി തീര്‍ത്തെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com