

കണ്ണൂര്‍: പിണറായിക്കെതിരായ പരാമര്‍ശം പാര്‍ട്ടിക്കുവേണ്ടിയാണെന്നും തന്റെ സ്വന്തം ലാഭത്തിനല്ലെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ
കെ സുധാകരന്‍. പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്ന ചെന്നിത്തലയുടെ പരാമര്‍ശം ഏറെ വേദനിപ്പിച്ചു. വിവാദത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് പിന്തുണ കിട്ടിയേ എന്നുള്ളത് തന്റെ പ്രശ്‌നമല്ല. പിണറായി വിജയനെതിരെ താന്‍ സംസാരിച്ചതില്‍ ഏത് നേതാവ് പറഞ്ഞാലും അതില്‍ യാതൊരു പോരായ്മയും ഉള്ളതായി തോന്നുന്നില്ല. അതില്‍ തെറ്റായ സന്ദേശം ഇല്ല. താന്‍ നമ്പൂതിരിയോ നമ്പ്യാരോ, നായരോ ഒന്നുമല്ല. താനും ഈഴവനാണ്. ഈഴവ സമുദായത്തില്‍ ജനിച്ച എനിക്ക് പിണറായിയെ എന്തിനാണ് ജാതി പറഞ്ഞ് വിമര്‍ശിക്കേണ്ട കാര്യം. ആരോടും ജാതി മത വിത്യാസത്തിന്റെ പേരില്‍ പെരുമാറാറില്ല. എനിക്ക് ജാതിയും മതമോ ഇല്ലെന്ന് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ഞാന്‍ പറഞ്ഞത് പിണറായിയുടെ തൊഴിലാളി കുടുംബസാഹചര്യമാണ്. അതില്‍ ചെത്തുകാരന്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റെന്നും കെ സുധാകരന്‍ ചോദിച്ചു.
ചെത്തുതൊഴിലാളി എന്നുപറയുന്നത് മലബാറില്‍ സാധാരണമാണ്. അവിടെ നിന്നുയര്‍ന്ന് വന്ന തൊഴിലാളി അത്തരം ആളുകളോട് നീതിപുലര്‍ത്തുന്നുണ്ടോ എന്നാണ് താന്‍ ചോദിച്ചത്. താന്‍ ചൂണ്ടിക്കാട്ടിയത് അദ്ദേഹത്തിന്റെ ആഢംബരം മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ചെയ്യാന്‍ പറ്റുന്നതെല്ലാം ഭരണത്തിന്റെ മറവില്‍ ചെയ്യുന്നു. അത് ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കില്‍ അതിനെ പ്രതിരോധിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രാത്രിവരെ പറഞ്ഞത് ഇതല്ല. ഇന്ന് ഉണ്ടായ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് പ്രസംഗം നടത്തിയത്. ബുധനാഴ്ചയാണ് ഷാനിമോള്‍ രംഗത്തെത്തിയത്. ഇടതുപക്ഷക്കാര്‍ വ്യാഴാഴ്ചയാണ് തനിക്കെതിരെ രംഗത്തുവന്നത്. എന്തിന് ഇത്രസമയം എടുത്തു. ഇതിന് പിറകില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അടുത്തദിവസം പറയും.
പാര്‍ട്ടിക്കകത്ത് ഗൂഢാലോചനയില്‍ പങ്കാളിത്തമുണ്ട്. ഷാനിമോളെ എംഎല്‍എയാക്കാന്‍ പത്ത് ദിവസം അരൂരില്‍ പോയ ആളാണ് താന്‍. തനിക്കെതിരെ അങ്ങനെ പറയാന്‍ ഷാനിമോള്‍ക്കുള്ള താത്പര്യം എന്താണ്?. അതിന്റെ പുറകിലുള്ള വികാരം ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ കണ്ടെത്തും. ഇന്നലെ വിശദീകരിച്ചിട്ടുപോലും അത് ഒഴിവാക്കേണ്ട പരാമര്‍ശമായിരുന്നു എന്ന് ചെന്നിത്തല പറഞ്ഞത് എന്നെ ഏറെ വേദനിപ്പിച്ചുു. കാര്യങ്ങള്‍ ഇന്നലെ വിശദികരിച്ചപ്പോള്‍ സുധാകരന്റെ സ്റ്റാന്റ് ശരിയാണെന്നായിരുന്നു പറഞ്ഞത്. ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റി പ്പറഞ്ഞത് എന്നെ അമ്പരിപ്പിക്കുന്നു സുധാകരന്‍ പറഞ്ഞു.
പിണറായിക്കെതിരെ പരാമര്‍ശം നടത്തിയത് പാര്‍ട്ടിക്ക് വേണ്ടിയാണ്. കെപിസിസി പ്രസിഡന്റാകണമെന്നത് എന്റെ ജീവിത അഭിലാഷമല്ല. കോണ്‍ഗ്രസിനും നേതാക്കള്‍ക്കും രാഷ്ട്രീയമുണ്ടെങ്കില്‍ എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയല്ല വേണ്ടത്. പിണറായിക്കെതിരെ പരാമര്‍ശം നടത്തിയത് പാര്‍ട്ടിക്ക് വേണ്ടിയാണ്. എന്റെ സ്വന്തം ലാഭത്തിന് വേണ്ടിയല്ല. എന്നെപ്പോലെ എല്ലാവരും പ്രതികരിക്കണമെന്നില്ല. ഒരാള്‍ മാത്രമാണ് ആ പരാമര്‍ശം ഒഴിവാക്കണമെന്ന് പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ സങ്കടകരമാണ്. പ്രതികരണശേഷിയില്ലാത്ത പാര്‍ട്ടിയും നേതാക്കളുമാണ് ഇന്നത്തെ കോണ്‍ഗ്രസെന്നും സുധാകരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates