

തൃശൂര്‍: സംസ്ഥാനത്ത് ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി 60,000 അനധികൃത വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും എന്തുകണ്ടിരിക്കുകയായിരുന്നെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇതുപോലും കണ്ടുപിടിക്കാനായില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 2029ലും 2034ലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്നും ഇനിയും വോട്ട് ചേര്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ സുരേഷ് ഗോപിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുമെന്നും സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ലോക്‌സഭയിലേക്കും നിയമസഭയിലേക്കും വര്‍ഷത്തില്‍ മൂന്ന് തവണ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. നേരത്തെ അത് ഒരു തവണയായിരുന്നു. ആറ് മാസത്തിലധികം സ്ഥിരതാമസമുള്ള ഏത് പൗരനും മണ്ഡലത്തില്‍ വോട്ട് ചേര്‍ക്കാം. അങ്ങനെയാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചേര്‍ത്തത്. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏതാനും ചില വോട്ടുകള്‍ മറ്റുചില ജില്ലകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. വിരലില്‍ എണ്ണാവുന്ന ചില വോട്ടുകള്‍ വച്ചാണ് ഈ ആരോപണം ഉന്നയിക്കുന്നത്. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഇതുപോലെ പല സ്ഥലങ്ങളിലും വോട്ടുണ്ട്' സുരേന്ദ്രന്‍ പറഞ്ഞു.
'സുരേഷ് ഗോപി കഴിഞ്ഞ രണ്ടുവര്‍ഷമായി തൃശൂര്‍ മണ്ഡലത്തിലുണ്ട്. ഒരുവര്‍ഷം മുന്‍പ് തന്നെ സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം സമ്പൂര്‍ണമായി ഇവിടെയുണ്ട്. അതിന്റെ ഭാഗമായി സുരേഷ് ഗോപിയും കുടുംബാംഗങ്ങളും വീട് വാടകക്ക് എടുത്ത് താമസിച്ചു. സുരേഷ് ഗോപി തലകുത്തി മറിഞ്ഞാലും ജയിക്കില്ലെന്നായിരുന്നു എല്‍ഡിഎഫും യുഡിഎഫും പറഞ്ഞത്. 75,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി ജയിച്ചത്. കേരളത്തിലെ ഒരു മന്ത്രി പറഞ്ഞത് സുരേഷ് ഗോപി 60000 കളളവോട്ട് ചേര്‍ത്തെന്നാണ്. അതുകൊണ്ട് രാജിവയ്ക്കണം. തൃശൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണം എന്നാണ്. എല്‍ഡിഎഫ് -യുഡിഎഫ് നേതാക്കളോട് പറയാനുള്ളത്; 60000 വോട്ട് ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി അനധികൃതമായി ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ എന്തുകണ്ടിരിക്കുകയായിരുന്നു.നിങ്ങളൊക്കെ പോയി തൂങ്ങിചാകുന്നതാണ് നല്ലത്. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്നവകാശപ്പെടുന്ന സിപിഎമ്മും ഏറ്റവും ജനപിന്തുണയുണ്ടെന്ന് പറയുന്ന യുഡിഎഫും പറയുമ്പോള്‍ അവര്‍ക്ക് കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്'.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഇവിടെ ബിഎല്‍ഒ ഉണ്ടായിരുന്നു. എല്ലാ ഉദ്യോഗസ്ഥരും സര്‍ക്കാരിന്റെ ആളുകളായിരുന്നു. അന്നൊന്നും ആക്ഷേപം ഉന്നയിക്കാത്തവര്‍ ഏതോ ഒരു സ്ത്രീ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപി കള്ളവോട്ട് നേടി ജയിച്ചെന്നാണ് പറയാന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ചലഞ്ച് ചെയ്യേണ്ടത് സ്ഥാനാര്‍ഥികളാണ്. 89 വോട്ടിന് തോറ്റ സ്ഥാനാര്‍ഥിയാണ് ഞാന്‍. അന്ന് ആറായിരം വോട്ട് കള്ളവോട്ടുകള്‍ എനിക്കെതിരെ നടന്നിട്ടുണ്ട്. ഞാന്‍ ബഹളം ഉണ്ടാക്കാതെ കോടതിയെ സമീപിക്കുയാണ് ചെയ്തത്. 80 കള്ളവോട്ടുകള്‍ പ്രൂവ് ചെയ്തു. എതിര്‍ സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് കേസ് പിന്‍വലിച്ചു. ഇതാണ് രാഷ്ട്രീയത്തില്‍ എല്ലാവരും ചെയ്യേണ്ടത്.
2029ല്‍ മാത്രമല്ല, 2034ലിലും സുരേഷ് ഗോപി ഇവിടെ ഉണ്ടാകും. ഇനിയും വോട്ട് ചേര്‍ക്കും. വലിയ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിക്കും. കുറുനരികള്‍ ഓലിയിടുക. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ ഇവിടെ തന്നെ ഇവിടെ ഉണ്ടാകും. ഇക്കാര്യത്തില്‍ സുരേഷ് ഗോപി പ്രതികരിക്കേണ്ടതില്ല. പാര്‍ട്ടി പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി പറയും. ഈ ആരോപണങ്ങള്‍ സുരേഷ് ഗോപിയുെട ജനപിന്തുണ വര്‍ധിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates